Gallery

Gallery

Wednesday, January 1, 2014

2013ലെ കിരീടം ജിത്തുജോസഫിനു തന്നെ



സിനിമകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട 2013ല്‍ ആരായിരിക്കും മികച്ച സംവിധായകന്‍? മൂന്നു ചിത്രം സംവിധാനം ചെയ്ത് രണ്ടെണ്ണം ഹിറ്റാക്കിയ ലാല്‍ജോസോ? രണ്ടുചിത്രവും മെഗാഹിറ്റാക്കിയ ജിത്തു ജോസഫോ? സംശയമൊന്നുമില്ലാതെ ഉറപ്പിച്ചു പറയാം ജിത്തു ജോസഫ് തന്നെ 2013ലെ ഏറ്റവും മികച്ച സംവിധായകന്‍.

മോഹന്‍ലാല്‍ നായകനായ ദൃശ്യം മെഗാഹിറ്റിലേക്ക് കുതിക്കുന്നതോടെ ജിത്തു ജോസഫിന്റെ കരിയര്‍ ഗ്രാഫ് വളരെ ഉയരത്തിലേക്കു കുതിക്കുകയാണ്. 2013ലെ ഏറ്റവും മികച്ച ജയവും ദൃശ്യത്തിന്റേതു തന്നെ. ദൃശ്യത്തിന്റെ ജയത്തിനു കാരണമായി എല്ലാവരും പറയുന്നത് തിരക്കഥ തന്നെയാണ്. അത് എഴുതിയത് ജിത്തു ജോസഫും. അപ്പോള്‍ മികച്ച തിരക്കഥാകൃത്തും ജിത്തു ജോസഫ് തന്നെയായിരിക്കും.

പൃഥ്വിരാജ് നായകനായ മെമ്മറീസ്, ദൃശ്യം എന്നിവയായിരുന്നു ജിത്തു ഈ വര്‍ഷം സംവിധാനം ചെയ്തത്. ഓണത്തിന് റിലീസ് ചെയ്ത മെമ്മറീസ് തുടക്കത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ കഥയുടെ പുതുമയും പൃഥ്വിരാജിന്റെ അഭിനയമികവും പ്രേക്ഷകരെ തീയറ്റററിലെത്തിക്കുകയായിരുന്നു.

സിനിമയുടെ മുന്നോട്ടുള്ള പോക്ക് എങ്ങോട്ടെന്ന് പ്രേക്ഷകന് ഒരിക്കലും പ്രതീക്ഷിക്കാന്‍ കഴിയാത്തതായിരുന്നു രണ്ടു ചിത്രങ്ങളും. അതില്‍ ദൃശ്യം കുടുംബചിത്രംകൂടിയായതോടെയാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാലിന് ദീര്‍ഘകാലത്തിനു ശേഷം ലഭിക്കുന്ന ഹിറ്റ് കൂടിയായതോടെ എല്ലാവര്‍ക്കും ദൃശ്യം മാത്രം കണ്ടാല്‍ മതിയെന്ന സ്ഥിതിയായി.

മൂന്നു ചിത്രം സംവിധാനം ചെയ്തതില്‍ രണ്ടെണ്ണം ഹിറ്റാക്കിയ ലാല്‍ജോസ് ആണ് നേട്ടത്തില്‍ ജിത്തുവിനു പിന്നില്‍. മമ്മൂട്ടിയും ഫഹദും നായകരായ ഇമ്മാനുവല്‍, കുഞ്ചാക്കോ ബോബന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ദിലീപിന്റെ ഏഴു സുന്ദരരാത്രികള്‍ എന്നിവയായിരുന്നു ലാലുവിന്റെ ചിത്രങ്ങള്‍. അതില്‍ ആദ്യ ചിത്രങ്ങള്‍ നേട്ടങ്ങളുണ്ടാക്കിയപ്പോള്‍ ഏഴു സുന്ദരരാത്രികള്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല.

ദിലീപും ലാല്‍ജോസും ഒന്നിച്ച ചിത്രമായിട്ടും തിയറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തിരക്കഥയുടെ പാളിച്ച തന്നെയാണ് പ്രേക്ഷകര്‍ ദിലീപിനെ കൈവിടാന്‍ കാരണം. അതേസമയം മമ്മൂട്ടിയും ഫഹദും ഒന്നിച്ച ഇമ്മാനുവല്‍ നന്മയുടെ ചിത്രമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. കുഞ്ചാക്കോബോബന്‍ നായകനായ പുള്ളിപ്പുലി കോമഡി കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.


പക്ഷേ ലാല്‍ജോസിന്റെ മാജിക് ഒന്നും തന്നെ 2013ല്‍ പ്രേക്ഷകന് അനുഭവിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുതുമുഖ സംവിധായകരുടെ കഴിവിനു മുന്നില്‍ മുന്‍നിര സംവിധായകരെല്ലാം പിന്തള്ളിപ്പോകുന്ന കാഴ്ചയായിരുന്നു 2013ല്‍. ഇനി ജിത്തു ജോസഫിനെ പോലെ മാറിചിന്തിക്കുന്ന സംവിധായകരുടെ നാളുകളായിരിക്കും.








No comments:

Post a Comment

gallery

Gallery