മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും ജോഡികളാക്കി രഞ്ജിത്ത് ഒരു ചിത്രം പ്രഖ്യാപിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളായിരുന്നു. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയെ വീണ്ടും കാണാന്‍ കഴിയുമെന്നതുതന്നെയായിരുന്നു ഈ ചിത്രത്തെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കി മാറ്റിയത്. ഒപ്പം ഇതേ ചിത്രത്തില്‍ പൃഥ്വിരാജും കൂടെയുണ്ടാകുമെന്ന് മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തിയപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നു.
പ്രഖ്യാപിക്കപ്പെട്ട കുറച്ചാനാള്‍ ഈ ചിത്രമായിരുന്നു ചലച്ചിത്രവാര്‍ത്തകളില്‍ നുന്നില്‍. എന്നാല്‍ നാളുകളേറെകഴിഞ്ഞു ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളൊന്നും തുടങ്ങാതായതോടെ ചിത്രം വേണ്ടെന്നുവച്ചുവെന്നും മാറ്റിവച്ചുവെന്നും വാര്‍ത്തകള്‍ പന്നു. എന്നാല്‍ പിന്നീട് എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരമാമിട്ടുകൊണ്ട് ചിത്രത്തിന്റെ തിരക്കഥ എഴുതിത്തീര്‍ന്നെന്നും ജനുവരിയില്‍ ഷൂട്ടിങ് തുടങ്ങുമെന്നും രഞ്ജിത്ത് അറിയിച്ചു. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും സജീവമായി.
തിരക്കഥ എഴുതിത്തീര്‍ന്നുവെന്ന കാര്യമറിയിക്കുന്നതിനൊപ്പം പ്രേക്ഷകര്‍ക്ക് നിരാശയുണ്ടാക്കുന്നൊരു കാര്യംകൂടി രഞ്ജിത്ത് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തില്‍ മഞ്ജുവാര്യര്‍ക്ക് റോളില്ലെന്നതായിരുന്നു ഈ വിവരം. തിരക്കഥയെഴുതിവന്നപ്പോള്‍ ചിത്രത്തില്‍ സ്ത്രീകഥാപാത്രത്തിന് അധികം പ്രാധാന്യമില്ലാതെവന്നെന്നും അതിനാല്‍ വെറുമൊരു നായികയായി മഞ്ജുവിനെ അഭിനയിപ്പിക്കാന്‍ തനിക്ക് കഴിയില്ലെന്നും രഞജിത്ത് പറഞ്ഞു. ഒപ്പം ചിത്രത്തില്‍ പൃഥ്വിരാജ് ഉണ്ടാകില്ലെന്നുള്ള കാര്യവും രഞ്ജിത്ത് വ്യക്തമാക്കി.
നിരാശയല്‍പം ഉണ്ടായെങ്കിലും ലാലും രഞ്ജിത്തും വീണ്ടുമൊന്നിയ്ക്കുകയാണല്ലോയെന്നോര്‍ത്ത് ആരാധകര്‍ ആശ്വസിച്ചു. ചിത്രത്തിന്റെ പേരും ഷൂട്ടിങ് തീയതിയും കൂടി പ്രഖ്യാപിച്ചതോടെ പ്രതീക്ഷകള്‍ വീണ്ടുമുണര്‍ന്നു. എന്നാലിപ്പോള്‍ വീണ്ടും എല്ലാം അസ്ഥാനത്തായിരിക്കുകയാണ്. ചിത്രം വീണ്ടും മ്റ്റിവച്ചിരിക്കുകയാണ്. ജി ഫോര്‍ ഗോള്‍ഡിന് നല്‍കിയ ഡേറ്റുകളെല്ലാമെടുത്ത് മോഹന്‍ലാല്‍ ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്റെ മിസ്റ്റര്‍ ഫ്രോഡിനായി മറിച്ചു നല്‍കി. എന്താണ് ജി ഫോര്‍ ഗോള്‍ഡിന് സംഭവിച്ചതെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ലഭ്യമായ വിവരങ്ങള്‍ ശരിയാണെങ്കില്‍ തിരക്കഥയിലെ പ്രശ്‌നമാണ് ചിത്രത്തിന് തടസമാകുന്നത്. ഇതുവരെ തിരക്കഥ മോഹന്‍ലാലിനും രഞ്ജിത്തിനും തൃപ്തികരമായരീതിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലത്രേ. അതിനാല്‍ തിരക്കഥയില്‍ ഇനിയും ജോലികള്‍ വേണ്ടിവരുമെന്നും കേള്‍ക്കുന്നു. അതുകൊണ്ട് തിരക്കഥ മിനുക്കാതെ ഷൂട്ടിങ് തുടങ്ങി ചിത്രമൊരു പരീക്ഷണമാക്കി മാറ്റേണ്ടെന്ന അഭിപ്രായത്തില്‍ ജി ഫോര്‍ ഗോള്‍ഡ് മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുകയാണത്രേ ഉണ്ടായത്.
രഞ്ജിത്ത് അവസാനമായി സംവിധാനം ചെയ്ത കടല്‍ കടന്നൊരു മാത്തുക്കുട്ടി തിരക്കഥയിലെ പിഴവുമൂലം വന്‍ പരാജയമായി മാറിയിരുന്നു. അത്തരമൊരു പരാജയം വീണ്ടും ആവര്‍ത്തിക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണേ്രത തല്‍ക്കാലത്തേയ്ക്ക് ചിത്രം മാറ്റിവെയ്ക്കാന്‍ രഞ്ജിത്ത് കീരുമാനിച്ചത്. എന്നാല്‍ ഇനി ചിത്രം എന്നേയ്ക്കു തുടങ്ങുമെന്നകാര്യം രഞ്ജിത്തോ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരോ വ്യക്തമാക്കിയിട്ടില്ല. 2014ല്‍ത്തന്നെ ചിത്രം സംഭവിക്കുമോയെന്നകാര്യത്തിലും ഉറപ്പില്ല.
No comments:
Post a Comment