ഭോപ്പാല്‍: തന്റെ ജീവിതത്തിലെ മോശം കാലം മാറി എത്രയും വേഗം നല്ലകാലം വരുമെന്ന പ്രതീക്ഷയിലാണ് മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്. കോഴക്കേസ് അടക്കമുള്ള ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ സ്വസ്ഥമായ വിവാഹജീവിതം നയിക്കുകയാണ് ഇപ്പോള്‍ ശ്രീ. എല്ലാവരുടെ ജീവിതത്തിലും മോശം കാലം ഉണ്ടാകും. എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു അങ്ങനെ ഒരു കാലം. എല്ലാം ഉടന്‍ ശരിയാകും എന്നാണ് പ്രതീക്ഷ.
ഭാര്യ ഭുവനേശ്വരിയുടെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കാനായി ഭോപ്പാലില്‍ എത്തിയതായിരുന്നു ശ്രീശാന്ത്. ആദ്യമൊന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രീശാന്ത് കൂട്ടാക്കിയില്ല. പിന്നീട് ചില ചോദ്യങ്ങളോട് മാത്രം ശ്രീശാന്ത് പ്രതികരിച്ചു. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, എല്ലാവര്‍ക്കും ജീവിതത്തില്‍ മോശം സമയം ഉണ്ടാകും.
ഒരു ക്രിക്കറ്റ് അക്കാദമി തുടങ്ങാന്‍ പദ്ധതിയിടുന്നതായി ശ്രീശാന്ത് പറഞ്ഞു. എന്നാല്‍ ഇത് എവിടെയായിരിക്കണം എന്നതിനെക്കുറിച്ച് കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. ഭാര്യവീട്ടുകാര്‍ സെറ്റിലായിരിക്കുന്നത് ഭോപ്പാലില്‍ ആയതിനാല്‍ ഒരുപക്ഷേ ശ്രീയുടെ അക്കാദമിയും ഇവിടെയായിരിക്കാന്‍ സാധ്യതയുണ്ട്. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും താരത്തിനൊപ്പം ഉണ്ടായിരുന്നു.
കോഴക്കേസിനെക്കുറിച്ചോ അതിന്റെ ഭാവിയെക്കുറിച്ചോ ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നും വിവാഹജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയാണ് ഇപ്പോഴെന്നും ശ്രീശാന്ത് പറഞ്ഞു. ഐ പി എല്ലില്‍ കോഴ വാങ്ങി ഒത്തുകളിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ബി സി സി ഐ ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയിരുന്നു.
No comments:
Post a Comment