ദില്ലി: അഞ്ച് രൂപയ്ക്കും കള്ളനോട്ടോ എന്ന് അതിശയപ്പെടാന്‍ വരട്ടെ. സംഗതി സത്യമാണ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍ക്ക് പുറമേ അഞ്ച് രൂപയുടെ കള്ളനോട്ടുകളും നാട്ടില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ ചാരസംഘടനയായ ഐ എസ് ഐയാണ് ഇന്ത്യയില്‍ കള്ളനോട്ടുകള്‍ അടിച്ചിറക്കുന്നതിന് പിന്നിലെന്ന് ദില്ലി പോലീസിന് സൂചന ലഭിച്ചു.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പോലെയല്ല, അഞ്ചുരൂപ നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അധികമാരും സംശയിക്കില്ല എന്നതാണ് കള്ളനോട്ട് മാഫിയയെ ചെറിയ നോട്ടില്‍ ശ്രദ്ധയൂന്നാന്‍ പ്രേരിപ്പിച്ചത് എന്നാണ് അറിയുന്നത്. അഞ്ച് രൂപയുടെ ഇരുപതിനായിരത്തോളം നോട്ടുകളാണ് ദില്ലി പോലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം മാത്രം 5.66 കോടി രൂപയുടെ കള്ളനോട്ടുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.
അഞ്ച് രൂപയ്ക്ക് പുറമേ പത്ത്, അമ്പത്, നൂറ് അഞ്ഞൂറ്, ആയിരം തുടങ്ങിയ നോട്ടുകളുടെയും കള്ളന്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ ഇറങ്ങുന്നത് അഞ്ചുരൂപയ്ക്കാണ്. യൂറോപ്പില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഗുണമേന്മയേറിയ പേപ്പറിലാണ് നോട്ടുകള്‍ അച്ചടിക്കുന്നതെന്ന് ദില്ലി പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസിനോട് പറഞ്ഞു.
വാട്ടര്‍ മാര്‍ക്ക്, അശോക സ്തംഭം, മഹാത്മാ ഗാന്ധിയുടെ ചിത്രം, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നം തുടങ്ങിയവ കള്ളനോട്ടിലും വളരെ സൂക്ഷ്മമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇവ കള്ളനോട്ടാണെന്ന് തിരിച്ചറിയാനും പ്രയാസമാണ്. ശ്രീലങ്ക, ഹോളണ്ട്, സിംഗപ്പൂര്‍, ഡെന്‍മാര്‍ക്ക്, തായ്‌ലന്‍ഡ്, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് കള്ളനോട്ടുകള്‍ ഇന്ത്യയിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
No comments:
Post a Comment