തിരുവനന്തപുരം: രക്ഷിതാക്കള്‍ സൂക്ഷിക്കുക. മക്കള്‍ സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ ഇനി അകത്താകുക നിങ്ങളായിരിക്കും. ഇതിന്റെ നിയമസാധ്യതകളിലേക്ക് പോലീസ് കടന്നുകഴിഞ്ഞു. പുത്തന്‍സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതേറെയും കൗമാരക്കാരായതിനാലാണ് ഇത്തരമൊരു നീക്കത്തിന് പോലീസ് തയ്യാറെടുക്കുന്നത്. ഇന്‍റര്‍നെറ്റിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്ന് കണ്ടെത്തിയ ഐ.പി. അഡ്രസ് ഉടമകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റ് ഉടമകള്‍ ഹൈടെക്‌സെല്ലിന് കൈമാറിക്കൊണ്ടിരിക്കുകയാണ്. ഇതനുസരിച്ച് കൂടുതല്‍ പരിശോധനകള്‍ ഉടനുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
അടുത്തിടെ റിലീസ് ചെയ്ത ദൃശ്യം, ജില്ല, ഇന്ത്യന്‍പ്രണയകഥ, നടന്‍ തുടങ്ങിയ സിനിമകള്‍ ഇന്‍റര്‍നെറ്റ് സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത രണ്ടു കൗമാരക്കാരെ ഈയിടെ കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരെ കണ്ടെത്തി ഉടന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. പുതിയ സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നവരിലേറെയും കൗമാരക്കാരാണെന്നാണ് ഐ.പി. അഡ്രസുകള്‍ വിവിധ ഏജന്‍സികളില്‍ നിന്ന് ശേഖരിച്ച ഹൈടെക്‌സെല്‍, ആന്‍റിപൈറസിസെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് രക്ഷിതാക്കളെ നിയമപരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
ഐ.പി. അഡ്രസുകള്‍ ലഭിക്കുന്നതിനനുസരിച്ച് അവ ബി.എസ്.എന്‍.എല്‍. ഉള്‍പ്പെടെയുള്ള ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് കൈമാറുന്നുണ്ട്. ഇതനുസരിച്ച് മേല്‍വിലാസം ശേഖരിച്ചശേഷം ഉടമകളെത്തേടി പോലീസെത്തും. ഇന്‍റര്‍നെറ്റിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കാതെ കണക്ഷനുകള്‍ എടുത്തുനല്‍കുകയാണ് രക്ഷിതാക്കളെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടുതന്നെ ഇവരെ കേസുകളില്‍ പ്രതിയാക്കാമെന്നാണ് വാദം. ഇപ്പോള്‍ കൗമാരക്കാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ മാതാപിതാക്കളെ സാക്ഷികളാക്കുകയാണ് ചെയ്യുന്നത്.
ഇതിനുപുറമേ സിനിമ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ചവറ, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്നാണ് രണ്ടു കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ പുതിയ സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ചെയ്തതിന് പിടിയിലായത്. ഇതില്‍ ചവറ സ്വദേശിയായ പ്ലസ് വണ്‍കാരന്‍ എട്ടാംക്ലാസ് മുതല്‍ തന്നെ സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നതായാണ് കണ്ടെത്തല്‍. 2013 ല്‍ മാത്രം 50 ലേറെ സിനിമകള്‍ ഈ കൗമാരക്കാരന്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതിന് തുറന്ന ബാങ്ക് അക്കൗണ്ടില്‍ വിദേശപണം എത്തുന്നതായി കണ്ടെത്തിയാണ്‌ഹൈടെക് സെല്ലും ആന്‍റിപൈറസിസെല്ലും ഈ വിദ്യാര്‍ത്ഥിയുടെ നേര്‍ക്ക് അന്വേഷണം തിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ 'ദൃശ്യം' സിനിമയുടെ ലിങ്ക് കൊടുത്തതാണ് കൊട്ടാരക്കര സ്വദേശിയായ കൗമാരക്കാരനെ വെട്ടിലാക്കിയത്. ഈ വിദ്യാര്‍ത്ഥിയുടെ 'ഫ്രണ്ട്‌സ് ലിസ്റ്റി'ലുള്ളവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇയാളുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ പോലീസിന്റെ പിടിയിലായ ചവറ സ്വദേശിയായ വിദ്യാര്‍ത്ഥിയുമുണ്ട്. ഇവരുടെ ഫെയ്‌സ് ബുക്ക് സുഹൃത്തുക്കളിലേറെയും വിദേശമലയാളികളാണെന്നും ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
No comments:
Post a Comment