2013 ദിലീപ് പ്രേക്ഷകരെ സംബന്ധിച്ച് നല്ലൊരു വിരുന്നിന്റെ വര്‍ഷമായിരുന്നു. വര്‍ഷാദ്യം മുതല്‍ അവസാനംവരെ ഇറങ്ങിയ പല ദിലീപ് ചിത്രങ്ങളും രസകരവും വന്‍വിജയം നേടിയവയുമായിരുന്നു. ദിലീപിന്റെ 2014 ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയാകുമെന്നാണ് സൂചന.
ആരിലും ആകാംഷയുണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങളും റോളുകളുമാണ് 2014ലും ദിലീപിന് ലഭിച്ചിരിക്കുന്നത്. കൂനനായും പെണ്ണത്തമുള്ള ആണായും മുറിച്ചുണ്ടുള്ള നായകനായുമെല്ലാമഭിനയിച്ച ദിലീപ് 2014ല്‍ ആദ്യമെത്തുക സര്‍ക്കസിലെ റിങ് മാസ്റ്ററുടെ വേഷത്തിലാണ്.
റാഫിയൊരുക്കുന്ന റിങ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ നായകളെ ഏറെ ഇഷ്ടപ്പെടുകയും അവയെ പരിശീലിപ്പിക്കുകയും ചെയ്യുന്ന വേഷമാണ് ദിലീപ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ആദ്യാവസാനം ദിലീപിനൊപ്പം രണ്ട് നായകളുമുണ്ടാകും. ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ് നായകളും ദിലീപുമുള്‍പ്പെടുന്ന പാട്ട്. ഈ ഗാനരംഗത്തില്‍ ദിലീപ് നായകള്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ടത്രേ.
ചിത്രത്തില്‍ മൊത്തം 21നായകളെയാണ് ഉപയോഗിച്ചിരിക്കുന്നത്. നായകളുമായി ഇടപഴകാനും മറ്റും ദിലീപിന് പരിശീലനം നല്‍കാന്‍ ഇന്ത്യയുടെ പലഭാഗത്തുനിന്നായുള്ള പ്രമുഖ നായകപരിശീലകരും ചിത്രത്തിനായി ജോലിചെയ്യുന്നുണ്ട്.
ദിലീപും നായകളും ഒന്നിയ്ക്കുന്ന ഗാനരംഗമുണ്ടെന്നുള്ള വാര്‍ത്ത റിങ് മാസ്റ്ററിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തുകയാണ്. എന്തായാലും ദിലീപ് ആരാധകരെ സംബന്ധിച്ച് 2014ല്‍ അവര്‍ക്കാദ്യം കിട്ടാന്‍ പോകുന്ന ചിത്രം ഏറെ വ്യത്യസ്തതയുള്ളതുതന്നെയായിരിക്കും.
No comments:
Post a Comment