ദില്ലി: ഉള്ളി തിന്നുന്നത് കുറച്ചാല്‍ ഉള്ളിവിലയും താനേ കുറയുമെന്ന് സുപ്രീം കോടതി. ഉള്ളിയുടെയും പച്ചക്കറിയുടെയും വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു പരമോന്നത കോടതി. ഇതിനുള്ള കോടതിയുടെ മറുപടി രസകരമായിരുന്നു. ഉള്ളി തിന്നുന്നത് നിര്‍ത്തൂ, വില കുറയും - ബി എസ് ചൗഹാന്‍ അധ്യക്ഷനായ ബഞ്ച് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഗസ്ത് - ഒക്ടോബര്‍ മാസങ്ങളില്‍ ഉള്ളിവില വാണം പോലെ കുതിച്ചുയര്‍ന്ന് നൂറുരൂപയോളം എത്തിയിരുന്നു. കനത്ത മഴയില്‍ ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളിലെ ഉത്പാദനത്തില്‍ കുറവുണ്ടായതാണ് വിപണിയില്‍ ഉള്ളിയുടെ ഡിമാന്‍ഡ് കൂട്ടിയത്. ദില്ലിയില്‍ 90, ഭോപ്പാല്‍, ചണ്ഡീഗഡ് തുടങ്ങിയ സ്ഥലങ്ങളില്‍ 80 എന്നിങ്ങനെയായിരുന്നു ഒക്ടോബര്‍ മാസത്തില്‍ ഉള്ളിവില.
വില കൂടിയതോടെ മറ്റ് രാജ്യങ്ങളിലേക്കുള്ള ഉള്ളി കയറ്റുമതി ഗണ്യമായി കുറച്ചിരുന്നു. 2013 ല്‍ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ 8.53 ലക്ഷം ടണ്‍ ഉള്ളിയാണ് കയറ്റുമതി ചെയ്തത്. 2012 ല്‍ ഇതേ കാലയളവില്‍ 18.22 ലക്ഷം ടണ്‍ ഉള്ളി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഇതോടൊപ്പം ചൈന, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്യാനും ഇക്കാലത്ത് കേന്ദ്രം ശ്രമം നടത്തിയിരുന്നു. ഓംലെറ്റില്‍ ഉള്ളിയിടാത്തതിന് തട്ടുകടക്കാരനെ വെടിവെക്കുക, ഉള്ളി വാങ്ങാനായി പതിനായിരം രൂപ ലോണെടുക്കുക, ഹോട്ടലില്‍ വെയിറ്ററോട് ഉള്ളി ചോദിച്ച യുവാവിനെ മര്‍ദ്ദിക്കുക തുടങ്ങിയ രസകരമായ സംഭവങ്ങള്‍ ഉള്ളിവില കൂടിയ കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഉള്ളിയുമായി പോയിരുന്ന വാഹനം കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയ സംഭവവും ഉണ്ടായിട്ടുണ്ട്.
No comments:
Post a Comment