ദൃശ്യം കോപ്പിയടിയല്ല: ജീത്തു ജോസഫ്
മലയാളത്തില്‍ ഇറങ്ങുന്ന ഓരോ പുതിയ ചിത്രങ്ങള്‍ക്കുമെതിരെ മോഷണം ആരോപിക്കപ്പെടുന്നത് ഇപ്പോഴത്തെ ഒരു പതിവായി മാറിയിട്ടുണ്ട്. തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്തുന്ന ചിത്രങ്ങളാണെങ്കില്‍ സമാനമായ കൊറിയന്‍ ചിത്രങ്ങളും ഹോളിവുഡ് ചിത്രങ്ങളുമുണ്ടെന്ന് വാദിച്ച് സീനുകള്‍ വച്ച് കീറിമുറിച്ചുള്ള പരിശോധനകള്‍ മലയാളത്തില്‍ ശക്തമാവുകയാണ്. പല പ്രമുഖ സംവിധായകരും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ക്ക് ഇരകളാകുന്നുണ്ട്. ഇക്കൂട്ടത്തില്‍ അവസാനം ഇടംപിടിച്ചിരിക്കുന്നയാളാണ് ജീത്തു ജോസഫ്.
ദൃശ്യം എന്ന മെഗാഹിറ്റ് ചിത്രം മോഷണമാണെന്ന വാദിച്ചുകൊണ്ട് പലവാദങ്ങളും ഉയരുന്നുണ്ട്. ഇതില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒന്ന് ഈ ചിത്രം ഹിറോഷി നിഷിറ്റാനിയുടെ സസ്‌പെക്ട് എസ് എന്ന ചിത്രത്തില്‍ നിന്നും കടംകൊണ്ടതാണെന്ന വാദമാണ്.
ഈ വാദം നെറ്റിലും മറ്റും വലിയ വാര്‍ത്തയായതോടെ ജീത്തു ജോസഫ് ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. സസ്‌പെക്ട് എക്‌സ് എന്ന ചിത്രം താന്‍ കണ്ടിട്ടില്ലെന്നും അതിന്റെ ഡിവിഡി സംഘടിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് ജിത്തു പറയുന്നത്.
താന്‍ അറിഞ്ഞതുവച്ച് രണ്ട് ചിത്രത്തിലും കൊലപാതകം മൂടിവെയ്ക്കുന്നുണ്ടെന്നുള്ള സമാനതമാത്രമേയുള്ളുവെന്നും ജിത്തു പറയുന്നു. കൊലപാതകം നടന്ന ദിവസം പുനരാവിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആ ചിത്രത്തിലില്ല. എത്ര ചിത്രങ്ങളില്‍ ത്രികോണ പ്രണയങ്ങള്‍ വരുന്നു. അത്തരം അവസരങ്ങളിലെല്ലാം ഏറ്റവുമാദ്യം ത്രികോണ പ്രണയം അവതരിപ്പിച്ച ചിത്രത്തിന്റെ കോപ്പിയാണ് മറ്റെല്ലാ ചിത്രങ്ങളുമെന്ന് നമുക്ക് പറയാന്‍ കഴിയുമോ- ജീത്തു ചോദിക്കുന്നു.
ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ച സുരേഷ് ബാലാജിയാണ് ആദ്യം സസ്‌പെക്ട് എക്‌സ് എന്ന ചിത്രത്തെക്കുറിച്ച് എന്നോട് പറഞ്ഞത്. പിന്നീട് അദ്ദേഹം തന്നെ ആ ചിത്രം കണ്ട് സംശയം തീര്‍ക്കുകയായിരുന്നു- സംവിധായകന്‍ വിശദീകരിക്കുന്നു.
അതേസമയം മൈ ബോസ് ഇറങ്ങിയപ്പോള്‍ ഉയര്‍ന്ന കോപ്പിയടി ആരോപണത്തെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ ആ ചിത്രം പ്രൊപ്പോസല്‍സില്‍ നിന്നും ഡിറ്റക്ടീവ് എന്ന ചിത്രം ജെയിംസ് ബോണ്ടില്‍ നിന്നും കടംകൊണ്ടതാണെന്ന് സമ്മതിക്കാനും ജിത്തു മടിയ്ക്കുന്നില്ല.
ദൃശ്യം ഒന്നില്‍ നിന്നും കടംകൊണ്ട ചിത്രമല്ലെന്നും ആരെങ്കിലും എസ്എംഎസ് പ്രചരിപ്പിച്ചും ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടും ഇതൊരു കോപ്പിയടി ചിത്രമാണെന്ന് പ്രചാരണം നടത്തിയാല്‍ സത്യം സത്യമല്ലാതാകില്ലെന്നും അത്തരം പ്രചാരണങ്ങള്‍ സമ്മതിച്ചുകൊടുക്കാന്‍ പ്രയാസമുണ്ടെന്നും ജീത്തു പറയുന്നു.
No comments:
Post a Comment