മമ്മൂട്ടി മത്സ്യക്കച്ചവടം തുടങ്ങി!
മമ്മൂട്ടി മത്സ്യക്കച്ചവടം തുടങ്ങി. അമ്പരപ്പൊന്നും വേണ്ട, പുതിയ സിനിമയുടെ വിശേഷമാണ് പറഞ്ഞുവരുന്നത്. ‘മംഗ്ലീഷ്’ എന്ന പുതിയ സിനിമയില്‍ മത്സ്യം ലേലം പിടിച്ച് വിതരണം ചെയ്യുന്ന തരകന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി
അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ബുധനാഴ്ച കൊച്ചിയില്‍ ആരംഭിച്ചു. സലാം ബാപ്പുവാണ് മംഗ്ലീഷിന്‍റെ സംവിധാനം.
ഇംഗ്ലീഷ് അറിയില്ലെങ്കിലും വേണ്ടിടത്തും വേണ്ടാത്തിടത്തും ഇംഗ്ലീഷ് ഉപയോഗിക്കുന്ന സ്വഭാവക്കാരനാണ് തരകന്‍. റെഡ് റോസ് ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയില്‍ നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള കരോളിന്‍ ബെക് നായികയാകുന്നു. മമ്മൂട്ടിയുടെ
നായികയായല്ല കരോളില്‍ വരുന്നത് എന്നാണ് റിപ്പോര്‍ട്ട്.
മാധ്യമപ്രവര്‍ത്തകനായ പി റിയാസ് തിരക്കഥയെഴുതുന്നു. ഗോപി സുന്ദറാണ് സംഗീതം. ‘റെഡ് വൈന്‍’ എന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു സലാം ബാപ്പുവിന്‍റെ ആദ്യചിത്രം. ഭേദപ്പെട്ട സിനിമയായിരുന്നെങ്കിലും അത് തിയേറ്ററുകളില്‍
പരാജയമായിരുന്നു.
വളരെ ആഴമുള്ള സബ്ജക്ട് ആയതിനാലാണ് പ്രേക്ഷകര്‍ റെഡ് വൈന്‍ ഏറ്റെടുക്കാതിരുന്നതെന്ന് തിരിച്ചറിഞ്ഞാണ് ഒരു കോമഡി സിനിമയുമായി ഇത്തവണ സലാം ബാപ്പു എത്തുന്നത്.
വാല്‍ക്കഷണം: വളരെ മോശമായി ഇംഗ്ലീഷ് സംസാരിക്കുന്ന കഥാപാത്രങ്ങളെ മമ്മൂട്ടി മുമ്പും പലതവണ അവതരിപ്പിച്ചിട്ടുണ്ട്. പോക്കിരിരാജ, മായാവി, തുറുപ്പുഗുലാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. ഇവയില്‍ നിന്നൊക്കെ ‘മംഗ്ലീഷ്’ എന്ന
പ്രൊജക്ടിനെ എങ്ങനെ വ്യത്യസ്തമാക്കിയെടുക്കാം എന്നതാണ് സലാം ബാപ്പുവിന് മുമ്പിലുള്ള വെല്ലുവിളി.
No comments:
Post a Comment