Gallery

Gallery

Saturday, April 26, 2014

vaimoodipesum samsaram arogyathinu hanikaram movie review

പ്രേക്ഷകരും പറയുന്നു, ഷട്ടപ്പ്...


സംസാരം ആരോഗ്യത്തിന് ഹാനികരം
ദുല്‍ഖര്‍ സല്‍മാന്‍
നസ്‍റിയ
സിനിമ റിവ്യൂ
സമീപകാലത്ത് പ്രേക്ഷകര്‍ നേരിടുന്ന ദുരന്തങ്ങളില്‍ ഏറ്റവും പുതിയതാണ് നവാഗതനായ ബാലാജി മോഹന്‍ സംവിധാനം ചെയ്ത 'സംസാരം ആരോഗ്യത്തിന് ഹാനികരം' എന്ന ചിത്രം. ഈ സിനിമയെക്കുറിച്ച് വിസ്തരിച്ച് ഒന്നും പറയാനില്ല, അല്ലെങ്കില്‍ കൂടുതല്‍ മെനക്കെടുന്നില്ല. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറയുകയാണെങ്കില്‍ ഈ സിനിമ തന്നെ ആരോഗ്യത്തിന് ഹാനികരം. പട്ടം പോലെ, സലാല മൊബൈല്‍സ് തുടങ്ങിയ തട്ടിക്കൂട്ട് സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന് വീണ്ടും തെരഞ്ഞെടുപ്പില്‍ പിഴച്ചു.

സമകാലീന പ്രശ്നങ്ങളല്ലെങ്കില്‍ കൂടി കൂറെ വിഷയങ്ങളും സന്ദേശങ്ങളും കുത്തിനിറച്ച അപക്വമായ ചലച്ചിത്ര പരീക്ഷണമായി പോയി ദുല്‍ഖറും നസ്‍റിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സംസാരം ആരോഗ്യത്തിന് ഹാനികരം. തേന്‍മല എന്ന ഗ്രാമത്തില്‍ പടര്‍ന്നുപിടിക്കുന്ന അപൂര്‍വരോഗം, ആളുകളുടെ സംസാരശേഷി പൂര്‍ണമായും ഒരു ദിവസം നഷ്ടമാകുന്നു. ഒരുപാട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരും വളരെ കുറച്ച് സംസാരിക്കുന്നവരും ഈ മഹാരോഗത്തെ കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ വരിക്കുന്നു. ഊമപ്പനിയാണ് ചിത്രത്തിന്റെ പ്രമേയം. കേള്‍ക്കുമ്പോള്‍ പ്രമേയത്തിലെ കൌതുകവും ആകാംക്ഷയും അതിന്റെ അനന്തസാധ്യതകളും പ്രേക്ഷകനെ തീയറ്ററുകളിലേക്ക് ആകര്‍ഷിക്കുമെങ്കിലും കണ്ടിറങ്ങുമ്പോള്‍ ഇത്രത്തോളം വ്യത്യസ്തത മലയാളി താങ്ങില്ലെന്ന് പറയുന്നവരാണ് ഒട്ടുമിക്കവരും.  ഊമപ്പനി പടര്‍ന്നു പിടിക്കുന്നതോടെ തേന്‍മല വിട്ട് ആരും പുറത്ത് പോകാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിടുന്നു. പിന്നീട് സംസാരം നിരോധിക്കുന്ന വിചിത്രമായ ഉത്തരവും ആരോഗ്യവകുപ്പ് പുറത്തിറക്കുന്നു. തേന്‍മല എന്ന പ്രദേശം ഒറ്റപ്പെടുന്നതോടെ ഇവിടെ കുടുങ്ങുന്നത് ഷൂട്ടിങിനെത്തിയ സിനിമക്കാരും അവരെ തടയാനെത്തിയ മദ്യപാനികളുടെ അസോസിയേഷനും ആരോഗ്യമന്ത്രിയുമൊക്കെയാണ്. ഇവിടെയാണ് അരവിന്ദ് (ദുല്‍ഖര്‍ സല്‍മാന്‍) എന്ന ഡോര്‍ ടു ഡോര്‍ മാര്‍ക്കറ്റിങ് ജീവനക്കാരനും ഡോ. അഞ്ജനയും(നസ്‌റിയ)യും താമസിക്കുന്നത്. രോഗം പടര്‍ന്നു പിടിക്കുന്നതോടെ ആശുപത്രിയില്‍ പരിശോധനക്കെത്തുമ്പോഴാണ് അരവിന്ദും അഞ്ജനയും പരിചയപ്പെടുന്നത്. തുടര്‍ന്നങ്ങോട്ടുള്ള സംഭവങ്ങളാണ് ചിത്രത്തില്‍ പറഞ്ഞുവക്കുന്നത്.

മലയാളത്തില്‍ അടുത്തകാലത്ത് ഇറങ്ങിയ ഏറ്റവും വലിയ സാഹസിക പരീക്ഷണ ചിത്രമായി വേണമെങ്കില്‍ ഈ സിനിമയെ വിശേഷിപ്പിക്കാം. പക്ഷേ ഈ പരീക്ഷണം പ്രേക്ഷകനെ വെറുപ്പിക്കലിന്റെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‍ത്തുന്നുണ്ട്. സംസാരപ്രിയനാണ് ദുല്‍ഖര്‍ ചെയ്ത അരവിന്ദ് എന്ന കഥാപാത്രം. റേഡിയോ ജോക്കി എന്ന സ്വപ്നം കൊണ്ടുനടക്കുന്ന ചെറുപ്പക്കാരന്‍. സംസാരിച്ചാല്‍ ഏതു പ്രശ്നവും പരിഹരിക്കാമെന്നതാണ് എന്നതാണ് അരവിന്ദിന്റെ പക്ഷം. എന്നാല്‍ അത്രയൊന്നും സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത അജ്ഞന, ഊമപ്പനിയും സംസാരത്തിനുള്ള നിരോധനവും അനുഗ്രഹമായാണ് കാണുന്നത്. അങ്ങനെ പലരുടെ വീക്ഷണകോണില്‍ നിന്നുള്ള കഥപറച്ചില്‍. ഊമപ്പനിയും രോഗം ഇടനിലക്കാരനാവുന്ന പ്രണയവും പിന്നെ ഡിജെ സ്റ്റൈല്‍ പ്രണയരാഗങ്ങളും രോഗങ്ങളും. ഒരു രോഗത്തിന്റെ കൂട്ടുപിടിച്ച് എന്തു പരീക്ഷണവുമാകാമെന്ന പാവം സംവിധായകന്റെ പാഴ് ശ്രമം.

ദുല്‍ഖര്‍ സല്‍മാനും നസ്‌റിയാ നസീമും നായികാ നായകന്‍മാരായി ഒന്നിച്ചഭിയിക്കുന്ന രണ്ടാമത്തെ ചിത്രം, ഒരു കാലത്ത് തമിഴ്‍ സൌന്ദര്യത്തിന്റെ മുഖമായിരുന്ന മധുബാല രണ്ടു ദശകത്തിനു ശേഷം മലയാളത്തില്‍ എത്തുന്നു, തമിഴിലും മലയാളത്തിലും ഒരേസമയം റിലീസ്, വ്യത്യസ്തയ്ക്കു വേണ്ടിയൊരു പരീക്ഷണം ഇതൊക്കെ മാത്രമാണ് ഈ സിനിമയുടെ ആകെക്കൂടിയുള്ള പുതുമകള്‍. ഈ പുതുമകള്‍ മതിയെങ്കില്‍ സഹനശക്തിയുള്ള പ്രേക്ഷകര്‍ക്ക് സധൈര്യം ടിക്കറ്റെടുക്കാം. ഇല്ലെങ്കില്‍ ഡിവിഡി ഇറങ്ങുന്നതുവരെ കാത്തിരിക്കാം. വികലമായ കാര്‍ട്ടൂണ്‍ ശൈലി അനുകരണവും കൃത്രിമത്വവും അതിനാടകീയതയുമാണ് ഈ സിനിമയുടെ ആഖ്യാന സ്വഭാവം. സംസാരനിരോധനത്തിനു ശേഷം സൂപ്പര്‍താരത്തിന്റെ ഫാന്‍സുകാരും മദ്യപാനിസംഘവും തമ്മില്‍ അനുനയചര്‍ച്ചകള്‍ക്കിടെ ആംഗ്യഭാഷയില്‍ നടത്തുന്ന യുദ്ധമുണ്ട്, അസഹനീയം എന്നു മാത്രമേ ഇതേക്കുറിച്ച് പറയാനാവൂ. ആദ്യ പകുതി എങ്ങനെയെങ്കിലുമൊക്കെ തള്ളിനീക്കാമെങ്കില്‍ രണ്ടാം പകുതി കൂവിയും കോട്ടുവായിട്ടും ചവിട്ടിനീക്കേണ്ടിവരും. ഒരു സിനിമ ഇഷ്ടമാകാന്‍ 10 കാര്യങ്ങള്‍ ഉണ്ടാകുമെന്ന് സങ്കല്‍പ്പിച്ച് ഒരോ കാര്യത്തിനും ഓരോ മാര്‍ക്ക് വീതം നല്‍കുകയാണെങ്കില്‍ ഈ ചിത്രത്തിന് 1/10 മാര്‍ക്കില്‍ ഒതുക്കാം. ബാലാജി മോഹന്‍ എന്ന നവാഗത സംവിധായകനും ഇത്തരത്തിലാണ് ഇനിയുള്ള തെരഞ്ഞെടുപ്പുകളെങ്കില്‍ ദുല്‍ഖറിന്റെയും കരിയറിന് തികച്ചും ഹാനികരമാകും ഈ സിനിമ. ഊമപ്പനിയും പ്രണയപ്പനിയുമായി കഥയങ്ങനെ നീളുമ്പോള്‍ വരുംദിവസങ്ങളില്‍ കസേരകള്‍ മാത്രമാകും കാണികള്‍.

No comments:

Post a Comment

gallery

Gallery