ശ്രീകുമാറും(ജയറാം) ഭാര്യ സുജയും (മിയ) കുട്ടിയും മലയോരത്തെ ഗ്രാമത്തില്‍ കഴിയുകയാണ്. ഭാര്യ ബാങ്കില്‍ ജോലിക്കാരി. ശ്രീകുമാര്‍ അടുക്കളക്കാര്യം നോക്കി കഴിയുന്നു. മുറ്റം അടിച്ചുവാരുന്നതുമുതല്‍ ഭാര്യയ്ക്ക് ഉച്ചയ്ക്ക് ബാങ്കിലേക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതുവരെ ശ്രീകുമാര്‍ ആണ് ചെയ്യുന്നത്. ഇവരുടെ സന്തുഷ്ട ജീവിതത്തിലേക്കാണ് ടോമി (സുരേഷ്‌ഗോപി) കടന്നുവരുന്നത്. അതോടെ ശ്രീകുമാറിന് ഭാര്യയെ സംശയം തോന്നുന്നു. പ്രേമവിവാഹം കഴിച്ചവരാണ് ശ്രീകുമാറും സുജയും. വിവാഹശേഷം സുജ മതംമാറിയതാണ്.
മുന്‍പ് സുജയെ വിവാഹ ആലോചന നടത്തിയ ആളായിരുന്നു ടോമി. അതാണ് ശ്രീകുമാറിനു സംശയം തോന്നാന്‍ കാരണം. മകള്‍ക്ക് സ്‌കൂളില്‍ നൃത്തമല്‍സരം ഉള്ള ദിവസം സുജ പോകുന്നില്ല. ഓഡിറ്റിങ്ങിന്റെ പേരു പറഞ്ഞ് മുങ്ങുന്നു. എന്നാല്‍ അന്ന് അവള്‍ ടോമിയുടെ കൂടെ പോയിരുന്നതായി ശ്രീകുമാര്‍ മനസ്സിലാക്കുന്നു. രാത്രി ടോമിക്കൊപ്പം തിരിച്ചെത്തിയ സുജയെ ശ്രീകുമാര്‍ തല്ലാനോങ്ങുന്നു. അടുത്ത ദിവസം അവള്‍ ജോലി രാജിവയ്ക്കുന്നു. ജീവിക്കാന്‍ പണമില്ലാതായതോടെ അവള്‍ മകളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോകുന്നു. അതോടെ ശ്രീകുമാര്‍ ഒറ്റപ്പെട്ടുപോകുന്നു. വരുമാനത്തിനായി അയാള്‍ ബാറില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നു.
മകളെയും ഭാര്യയെയും വിളിക്കാന്‍ ചെന്ന ശ്രീകുമാറിനെ സുജയുടെ പിതാവ് (വിജയരാഘവന്‍) അപമാനിച്ചിറക്കിവിടുന്നു. ബാറില്‍ മദ്യപിച്ചിരിക്കുന്ന ശ്രീകുമാറിന്റെയും സുഹൃത്തിന്റെയും (ലാലു അലക്‌സ്) അടുത്തേക്ക് ടോമി വരുന്നു. അവിടെ വച്ച് അയാളൊരു സത്യം പറയുന്നു. ശ്രീകുമാര്‍ ആര്‍മിയിലെ വലിയ ഓഫിസറാണ്.
വലിയൊരു ദൗത്യം ഏറ്റെടുത്ത അയാള്‍ ഇപ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ് ഈ മലയോരത്ത് ഒളിച്ചുതാമസിക്കുകയാണ്. അതോടെ സിനിമയുടെ കഥ കശ്മീരിലേക്കു പോകുന്നു. കംപ്യൂട്ടര്‍ എന്‍ജിനീയറായ ശ്രീകുമാര്‍ ശത്രുക്കളുടെ വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറി അവരുടെ രഹസ്യം ചോര്‍ത്താന്‍ മിടുക്കനാണ്. അങ്ങനെ അയാള്‍ യുഎസ് എംബസിക്കുനേരെയുള്ള അക്രമം മുന്‍കൂട്ടി അറിഞ്ഞ് അതു തടുക്കുന്നു. ഇവര്‍ക്കൊപ്പം മറ്റൊരു മേജര്‍ കൂടിയുണ്ട(കൃഷ്ണകുമാര്‍). തുടക്കം തൊട്ട് വില്ലന്റെ രഹസ്യങ്ങള്‍ അയാളുടെ പക്കലാണെന്ന് പ്രേക്ഷകന് അറിയാന്‍ കഴിയും. ശ്രീകുമാര്‍ വലിയൊരു ദൗത്യം ഏറ്റെടുക്കുന്നു. അയാള്‍ വികസിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ ഉണ്ടെങ്കില്‍ പാക്കിസ്ഥാനിലെ ഭീകകരെ ഇല്ലാതാക്കാന്‍ കഴിയും (അത് എങ്ങനെയാണെന്നു മാത്രം പറയുന്നില്ല).
ആ ദൗത്യം പൂര്‍ത്തിയാക്കുംമുന്‍പ് അയാളുടെ വീടിനു നേരെ അക്രമമുണ്ടാകുന്നു. ഇതിനിടെ മിലിട്ടറി ഡോക്ടറുടെ മകളായ സുജയെ ശ്രീകുമാര്‍ പ്രേമിച്ചു വിവാഹം കഴിച്ചിരുന്നു. അക്രമം കണ്ട് സുജ മാനസികമായി തകരുന്നു. അതാണ് ശ്രീകുമാറിനെ നാട്ടിലേക്കു പോകാന്‍ പ്രേരിപ്പിക്കുന്നത്. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കുകയാണെങ്കില്‍ താനും മകളും തിരിച്ചുവരാമെന്ന് സുജ പറയുന്നതോടെ ശ്രീകുമാര്‍ ടോമിക്കൊപ്പം കശ്മീരിലേക്കു പോകുന്നു. പിന്നീടുള്ള കാര്യം പറയേണ്ടതില്ലല്ലോ. വില്ലനെ മുന്‍പേ തന്നെ മനസ്സിലായിട്ടുണ്ട്. ശേഷം കാണേണ്ടവര്‍ക്ക് സ്‌ക്രീനില്‍ കാണാം.
No comments:
Post a Comment