ദേശീയ അവാര്‍ഡ് ജേതാവ് സലീംകുമാര്‍ അഭിനയലോകത്തോട് വിടപറയാനൊരുങ്ങുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയം നിര്‍ത്താനാണ് പദ്ധതിയെന്ന് സലീംകുമാര്‍ പറഞ്ഞു. അഭിനയം മടുത്തതുകൊണ്ടല്ല ഇത്തരത്തിലൊരു തീരുമാനമെന്നും ഒരു അഭിനേതാവെന്നതിലുപരിയായുള്ള തന്‍റെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാനാണ് അഭിനയം നിര്‍ത്തുന്നതെന്നുമാണ് താരം നല്‍കുന്ന വിശദീകരണം. 'കേവലം ഒരു അഭിനേതാവ് മാത്രമായി സ്വയം ഒതുങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കൊരു കുടുംബമുണ്ട്. ഞാന്‍ ഒരു മകനാണ്, ഭര്‍ത്താവാണ്, രണ്ട് കുട്ടികളുടെ പിതാവാണ്. ഈ നിലകളിലുള്ള ചുമതലകള്‍ എനിക്ക് നിറവേറ്റേണ്ടതുണ്ട്. ഇപ്പോളെനിക്ക് 43 വയസായി, 46 വയസില്‍ അഭിനയം ഉപേക്ഷിക്കാനാണ് പദ്ധതി'.
ഒരു ദിവസം നാലോളം സിനിമകളില്‍ അഭിനയിച്ചിരുന്ന കാലം തനിക്കുണ്ടായിരുന്നെന്നും എന്നാല്‍ നല്ല തിരക്കഥകള്‍ മാത്രം തെരഞ്ഞെടുത്ത് സിനിമ പ്രേമികള്‍ എന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനാണ് താന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും സലീംകുമാര്‍ പറഞ്ഞു. സിനിമ രംഗത്തെ ഇതുവരെയുള്ള നാളുകള്‍ തീര്‍ത്തും ആസ്വാദ്യകരമായിരുന്നു. അഭിനയത്തിലും ഒരു വിരമിക്കലുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ ഈ മേഖലയിലെ ആരും ഇത് അംഗീകരിക്കാന്‍ തയ്യാറല്ലെന്നത് ദൌര്‍ഭാഗ്യകരമായ വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment