ഫത്തുല്ല: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച സെഞ്ച്വറിയോടെ ക്യാപ്റ്റന്‍ വിരാട് കോലി റെക്കോര്‍ഡ് നേട്ടത്തില്‍. ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറികളുടെ എണ്ണത്തില്‍ കോലി ഇതിഹാസ താരം ബ്രയന്‍ ലാറക്കൊപ്പം എത്തി.
124 മത്സരങ്ങളില്‍ നിന്ന് വിരാട് കോലി നേടിയത് 19 സെഞ്ച്വറികളാണ്. ബ്രയന്‍ ലാറ ഈ നേട്ടം സ്വന്തമാക്കിയതാകട്ടെ 289 കളികളില്‍ നിന്നും. ഏറ്റവും കുറച്ച് മത്സരങ്ങളില്‍ നിന്ന് ഏറ്റവും അധികം സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡും ഇപ്പോള്‍ കോലിക്കൊപ്പമുണ്ട്.
സെഞ്ച്വറി റെക്കോര്‍ഡിനൊപ്പം ക്യാപ്റ്റന്റെ ഉത്തരവാദിത്തം നിര്‍വ്വഹിച്ച ഇന്നിങ്‌സ് ആയിരുന്നു കോലിയുടേത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ രണ്ട് ഓപ്പണര്‍മാരേയും നഷ്ടപ്പെട്ട് രണ്ടിന് 54 എന്ന സ്‌കോറിലായിരുന്നു.
പിന്നീടെത്തിയെ കോലിയും അചിന്‍ക്യ രഹാനയും ചേര്‍ന്നാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 122 പന്തില്‍ നിന്ന് 136 റണ്‍സാണ് കോലി സ്വന്തമാക്കിയത്. കളിയിലെ കേമനും കോലി തന്നെ. സെഞ്ച്വറി റെക്കോര്‍ഡുകളില്‍ കോലിക്ക് മുന്നില്‍ ഇനി ഏഴ് പേര്‍ മാത്രമേ ഉള്ളൂ. ഒരു സെഞ്ച്വറി കൂടി തികച്ചാല്‍ പാകിസ്താനി താരം സയ്യിദ് അന്‍വറിന്റെ റെക്കോര്‍ഡിനൊപ്പമെത്താം.
ധോണിയുടെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന കോലിക്ക് ഏഷ്യാകപ്പിലെ ഈ വിജയം എന്തായാലും ഭാവിയില്‍ ഗുണം ചെയ്യും. 280 റണ്‍സ് എന്ന ടാര്‍ജറ്റ് ഒരു ഓവറും ആറ് വിക്കറ്റുകളും ബാക്കി നില്‍ക്കേയാണ് കോലിയുടെ ചുണക്കുട്ടികള്‍ മറികടന്നത്.
No comments:
Post a Comment