Gallery

Gallery

Wednesday, February 12, 2014

ജയഭാരതി വീണ്ടും നൃത്തവേദിയിലേക്ക്: ആദ്യ പരിപാടി തൃശ്ശൂരില്‍



കൊച്ചി: നടി ജയഭാരതി നൃത്തവേദിയിലേക്ക് തിരിച്ചുവരുന്നു. ഫിബ്രവരി 23ന് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലാണ് ഏഴുവര്‍ഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയ അഭിനേത്രി വീണ്ടും ചിലങ്കയണിയുന്നത്. രണ്ടുമണിക്കൂര്‍ നീളുന്ന പരിപാടിയില്‍ ജയഭാരതി ഒറ്റയ്ക്ക് അവതരിപ്പിക്കുന്ന ഇനങ്ങളും കലാക്ഷേത്രയിലെ നാല് വിദ്യാര്‍ഥിനികളുടെ നൃത്താവതരണവും ഉണ്ടാകും.

ശിവസ്തുതികള്‍ കോര്‍ത്തിണക്കിയാകും നൃത്തപരിപാടിയെന്ന് ജയഭാരതി പത്രസമ്മേളനത്തില്‍ പറഞ്ഞു. ''കഴിഞ്ഞവര്‍ഷം ഗുരുവായൂരില്‍ നൃത്താവതരണത്തിന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ക്ഷണിച്ചിരുന്നു. കുടുംബപരമായ ചില അസൗകര്യങ്ങള്‍ നിമിത്തം പോകാനായില്ല. സി.എസ്. അജയകുമാറെന്ന സുഹൃത്ത് വഴിയാണ് വടക്കുംനാഥനിലേക്കുള്ള ക്ഷണം കിട്ടിയത്''-ജയഭാരതി പറഞ്ഞു. മകന്റെ വിദ്യാഭ്യാസവും മറ്റും കൊണ്ടാണ് ഇത്രയും കാലം സിനിമയില്‍ നിന്നും നൃത്തവേദിയില്‍ നിന്നും മാറി നിന്നതെന്നും അവര്‍ വ്യക്തമാക്കി.

23 പേരടങ്ങുന്നതാണ് ജയഭാരതിയുടെ നൃത്തസംഘം. പന്തനല്ലൂര്‍ പാണ്ഡ്യന്‍ ആണ് നട്ടുവാങ്കം. മലയാളിയായ വേണുഗോപാലാണ് പാടുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ തുടര്‍ന്നും നൃത്തം അവതരിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് ജയഭാരതി പറഞ്ഞു. 2007-ല്‍ ഏറ്റുമാനൂര്‍ക്ഷേത്രത്തിലാണ് അവസാനമായി നൃത്തം ചെയ്തത്. ചിലങ്ക അഴിച്ചുവെയ്ക്കാനെത്തിയതാണെന്ന് അന്ന് ചിലര്‍ പറഞ്ഞത് വല്ലാതെ വേദനിപ്പിച്ചുവെന്നും ജയഭാരതി പറയുന്നു. ''അഞ്ചുവയസ്സ് മുതല്‍ ഭരതനാട്യം പഠിക്കുന്നയാളാണ് ഞാന്‍. അമ്മയായിരുന്നു എന്റെയെല്ലാം.

ഗുരുക്കന്മാര്‍ക്ക് നല്‍കാനുള്ള ദക്ഷിണയ്ക്കായി വളയും മാലയുമെല്ലാം ഊരിവിറ്റാണ് അമ്മ നൃത്തം പഠിപ്പിച്ചത്. 1974-ല്‍ ഏറ്റുമാനൂരിലായിരുന്നു അരങ്ങേറ്റം. ജി.കെ. പിള്ളയാണ് അരങ്ങേറ്റം അവിടെയാക്കാമെന്ന് നിര്‍ദേശിച്ചത്. നൃത്തവേദിയില്‍ നിന്ന് കിട്ടിയ പണം കൊണ്ടാണ് ചെന്നൈയില്‍ ഇപ്പോള്‍ താമസിക്കുന്ന വീട് വാങ്ങിയത്. ഇത്രയും കാലം മാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ മാറിനില്‍ക്കുമ്പോഴും നൃത്തപരിശീലനം മുടക്കിയിരുന്നില്ല. മനസ്സിന്റെ വേദനയകറ്റാന്‍ എപ്പോഴും സഹായിച്ചിരുന്നത് നൃത്തമാണ്''-ജയഭാരതി പറഞ്ഞു.


നൃത്തവിദ്യാലയം തുടങ്ങാനാണ് അടുത്ത പദ്ധതി. കേരളത്തില്‍ അതിനുള്ള സാഹചര്യമുണ്ടോ എന്ന് ചിന്തിക്കേണ്ടത് മലയാളികളാണ്. ഇവിടെ അതിന് പറ്റിയ സാഹചര്യമാണെങ്കില്‍ ഇവിടെ തുടങ്ങാനാണ് ഇഷ്ടം. കേരളത്തില്‍ നിന്നുള്ള കലാകാരന്മാര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ വലിയ അംഗീകാരമാണ് കിട്ടുന്നത്. പക്ഷേ മറുനാട്ടുകാര്‍ക്ക് ഇവിടെ അത് കിട്ടുന്നുണ്ടോയെന്ന് സംശയമാണെന്നും ജയഭാരതി പറഞ്ഞു.

മലയാള സിനിമ അവഗണിച്ചതായി കരുതുന്നില്ല. നല്ല കഥകള്‍ വന്നാല്‍ ഇനിയും അഭിനയിക്കും. ഇനി സിനിമാഭിനയമില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. സിനിമയാണ് ഇപ്പോഴുള്ള പ്രശസ്തി തന്നത്. മകന്റെ കൂടെ അഭിനയിക്കില്ല. സിനിമയും കുടുംബവും രണ്ടായിട്ടാണ് കാണുന്നത്. കല്യാണം കഴിഞ്ഞപ്പോള്‍തന്നെ പറഞ്ഞു സത്താറിന്റെ കൂടെയുള്ള അഭിനയം നിര്‍ത്തിയെന്ന്-ജയഭാരതി പറഞ്ഞു.

ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തില്‍ നിന്ന് മാറിനിന്നത് വേണ്ടത്ര അംഗീകാരം ലഭിക്കില്ലെന്ന് മനസ്സിലാക്കിത്തന്നെയാണ്. ബുദ്ധിമുട്ടുണ്ടാകുമെന്ന് തോന്നുന്ന സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് ശീലം. വിന്‍സെന്‍റ് മാസ്റ്ററിനെ സംഘാടകര്‍ മറന്നത് ഒരിക്കലും പൊറുക്കാനാകില്ല. ചടങ്ങില്‍ പങ്കെടുത്ത് വന്നവരില്‍ പലരും പരാതിയാണ് പറഞ്ഞത്. മറ്റ് ഭാഷകളിലെ നടിമാരെയെല്ലാം ആദരിച്ചു. കേരളത്തില്‍ നിന്ന് ഷീലച്ചേച്ചിയെ ആദരിക്കണമായിരുന്നു. ഇവിടെ നിന്ന് ചടങ്ങിന് പോയവര്‍ അത് മറന്നുവെന്നും ജയഭാരതി പറഞ്ഞു.





No comments:

Post a Comment

gallery

Gallery