മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം തമിഴിലേയ്ക്ക് റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ തമിഴകത്ത് ആകെ പരക്കുന്നത്. വമ്പന്‍ പ്രതിഫലത്തിന് ജോര്‍ജ്ജുകുട്ടിയായി ക്മല്‍ ഹസ്സന്‍ അഭിനയിക്കുന്നുവെന്നതായിരുന്നു അടുത്തിടെ വന്ന പ്രധാന റിപ്പോര്‍ട്ട്.
ജീത്തു ജോസഫ് തന്നെയാണ് തമിഴ് ദൃശ്യവും സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ നായികയായി എത്തിയ മീന തമിഴ് ചിത്രത്തില്‍ നായികയാകേണ്ടെന്ന് കമല്‍ ഹസ്സന്‍ പറഞ്ഞുവെന്നതിനും വലിയ വാര്ത്താ പ്രാധാന്യം ലഭിച്ചിരുന്നു. എന്നാല്‍ കമല്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടില്ലെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ മീനയെ റീമേക്കിന്റെ താരനിരയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. മീനയ്‌ക്കൊപ്പം നാദിയ മൊയ്തുവിന്റെ പേരുകൂടി പരിഗണിക്കുന്നുണ്ട്.
കമല്‍ ഇതുവരെ ഒന്നിച്ചഭിനയിച്ചിട്ടില്ലാത്ത താരമാണ് നാദിയ മൊയ്തു. അതുകൊണ്ടുതന്നെ അവര്‍ക്കാണ് കൂടുതല്‍ പരിഗണന-അണിയറക്കാര്‍ പറയുന്നു. എന്നാല്‍ നാദിയ മൊയ്തു ഈ വേഷം ചെയ്യുന്നകാര്യത്തില്‍ എന്തു നിലപാടാണ് എടുത്തിരിക്കുന്നത് എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
ഇതിനിടെ ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കില്‍ മീന തന്നെയാണ് നായികയായി എത്തുകയെന്ന കാര്യം ഉറപ്പായിട്ടുണ്ട്. വെങ്കിടേഷാണ് തെലുങ്കില്‍ നായകനായി എത്തുന്നത്. ഒപ്പം നാദിയ മൊയ്തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ ആശ ശരത്ത് ചെയ്ത ഐജിയുടെ വേഷത്തിലാണ് തെലുങ്കില്‍ നാദിയ പ്രത്യക്ഷപ്പെടുക.
No comments:
Post a Comment