Gallery

Gallery

Tuesday, July 23, 2013

tp chandrashekharan story in new malayalam movie latest

സിനിമയെടുത്തു ടിപിയെ വീണ്ടും കൊല്ലരുതേ.. !




ജീവിച്ചിരുന്നപ്പോള്‍ ആര്‍ക്കും വിലയ്ക്കു വാങ്ങാനായിട്ടില്ല ടി.പി. ചന്ദ്രശേഖരനെ. കൊണ്ടാടാനും വാഴ്ത്തപ്പെടാനും നില്‍ക്കാതെ ജീവിച്ച പച്ചമനുഷ്യനായിരുന്നു അയാള്‍. അതുകൊണ്ടാണ് അന്‍പത്തൊന്നു വെട്ടേറ്റു വീണിട്ടും മരണമില്ലാതെ പ്രിയപ്പെട്ടവരുടെ സഖാവ് ജീവിക്കുന്നത്. സ്‌നേഹമായിരുന്നു ടിപിയുടെ മൂലധനം. ഒഞ്ചിയത്തുകാര്‍ക്കു മാത്രമല്ല, ഒരിക്കല്‍ മാത്രം അറിഞ്ഞിട്ടുള്ളവര്‍ പോലും ടിപിയെ സ്വന്തമായി കരുതി. 

പൊതുസ്വത്തായിരുന്നു ടിപി. ആത്മരതി തീരെയില്ലായിരുന്നു. കാലുനക്കാനോ ഓച്ചാനിച്ചു നില്‍ക്കാനോ തയാറാവാതെ നടുനിവര്‍ത്തിയാണ് ആ കമ്യൂണിസ് റ്റുകാരന്‍ ജീവിച്ചത്. കവിതയായും കഥയായും ഓര്‍മപ്പുസ്തകങ്ങളായും ടിപി നിറഞ്ഞത് അതുകൊണ്ടാണ്. 

അങ്ങനെയുള്ള ടിപിയെക്കുറിച്ച് ഒരാള്‍ സിനിമയെടുക്കുന്നുവെന്നു കേട്ടാല്‍ സന്തോഷിക്കേണ്ടേ? തീര്‍ച്ചയായും വേണം. എന്നാല്‍ ടിപി ചന്ദ്രശേഖരന്‍റെ ചെലവില്‍ വിവാദമുണ്ടാക്കാനും മാധ്യമങ്ങളില്‍ വാര്‍ത്തയാകാനും ഉള്ള ശ്രമങ്ങളെ വച്ചുപൊറുപ്പിക്കേണ്ടതുണ്ടോ? ടിപിയെ അറിഞ്ഞവര്‍ക്ക് അതിനു സാധിക്കില്ല. 

റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കുറിച്ച് എടുക്കാനിരിക്കുന്ന സിനിമയ്ക്ക് സിപിഎം വക സൈബര്‍ ഭീഷണിയെന്നാണ് ആരോപണം. ഇന്‍റര്‍നെറ്റ് വഴി വിളിച്ച് പാര്‍ട്ടി ഭീഷണിപ്പെടുത്തുകയാണത്രേ. മലബാറിലെ തിയറ്ററുകളില്‍ നിന്നും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്   ചലച്ചിത്രത്തെ കുടിയിറക്കിയതു പോലെ ടിപിയെക്കുറിച്ചുള്ള സിനിമയും വധഭീഷണി നേരിടുക യാണെന്നാണ് ആരോപണം. 

ഇടയ്ക്കിടെ സിപിഎം വിളിച്ചു, പേടിപ്പിച്ചു എന്നൊക്കെ പറഞ്ഞു കരയുന്നതല്ലാതെ ഒരിഞ്ചു പോലും എടുക്കാത്ത സിനിമയുടെ ഈ സംവിധായകന്‍ മുന്നോട്ടുപോയിട്ടില്ല. തിരക്കഥയെല്ലാം പൂര്‍ത്തിയായി എന്നാണ് അവകാശവാദം. എങ്കില്‍ എന്തുകൊ ണ്ടാണ് രോഹിണിയെ പോലെ ഒരു നടിയെ അതു കാണിക്കാന്‍ തയാറാകാത്തത്? 

കഥയും തിരക്കഥയും കൃത്യമായി മനസ്സിലാക്കി പ്രോജക്ടില്‍ പൂര്‍ണ വിശ്വാസ മുണ്ടെങ്കില്‍ മാത്രമാണ് താരങ്ങള്‍ ഡേറ്റ് നല്‍കുകയെന്ന സത്യം ആര്‍ക്കാണ് അറിയാത്തത്?  ടിപിയെക്കുറിച്ചുള്ള സിനിമ ആയതുകൊണ്ട് തിരക്കഥ ആരെയും കാണിക്കാനാവില്ല എന്ന ന്യായത്തിന് എന്താണു പ്രസക്തി? സഖാവ് ടിപിയുടെ ഭാര്യയെയും മകനെയുമെങ്കിലും തിരക്കഥ കാണിക്കണ്ടേ? അവരെയെങ്കിലും ബോധ്യപ്പെടുത്തണ്ടേ? അതു ചെയ്തിട്ടുണ്ടോ? ഇതിനു മുന്‍പ് ചെയ്ത കൊള്ളാവുന്ന ഒരു പ്രോജക്ട് പോലും ചൂണ്ടിക്കാണിക്കാനില്ലാത്ത ഒരാള്‍ സിനിമയെടുക്കു ന്നുവെന്നു കേള്‍ക്കുന്പോള്‍ താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും സംശയിക്കുന്നുവെങ്കില്‍ തെറ്റു പറയാന്‍ പറ്റുമോ? 

എടുക്കാചരക്കുകളായി പോയ പ്രോജക്ടുകളെക്കുറിച്ച് എന്താണ് ഒന്നും മിണ്ടാത്തത്? സിപിഎമ്മിലെ സതീദേവിക്കു വേണ്ടി പ്രചാരണചിത്രം ഒരുക്കിയ ആള്‍ തന്നെ പിന്നെ കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി പ്രചാരവേല നടത്താന്‍ കൊണ്ടുപിടിച്ചു നടന്ന കാര്യം അറിയുന്നവര്‍ വടകരയിലും കണ്ണൂരുമൊക്കെയുണ്ടെന്നു മറന്നു പോകരുത്. സിപിഎമ്മില്‍ നിന്നു ചാടി കോണ്‍ഗ്രസിലേക്കു പോയ നേതാവിന്‍റെ ജീവിതം ഡോക്യുമെന്‍ററിയാക്കാന്‍ കുറേ നടന്നില്ലേ? ആരെക്കുറിച്ചും എന്തുമെടുക്കും ! 

ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം. അത്രയേ ഉള്ളൂ. അല്ലാതെ ടിപിയോടുള്ള സ്‌നേഹമോ വികാരമോ ഒന്നുമല്ല സിനിമ, സിനിമ..എന്നു നിലവിളിച്ചുകൊണ്ടു നടക്കുന്നതിനു പിന്നില്‍. പലതും ചെയ്തു എന്നു പറയുന്നതല്ലാതെ, ഒറ്റയ്ക്ക് സ്വന്തം പേരില്‍ എഴുതിചേ്ചര്‍ക്കാവുന്ന എന്താണ് എടുത്തുകാണി ക്കാനുള്ളത്?     
   
ടിപി 51 വെട്ടേറ്റ് മരിച്ചത് പെങ്ങളുടെ വീടിന് മുന്നില്‍ വച്ചായിരുന്നു, ഡിവൈഎഫ് എെയുടെ സജീവ പ്രവര്‍ത്തകനായിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത് ലജ്ജാകരമാണ്. ടിപിയെക്കുറിച്ചു സിനിമയെടുക്കാനുള്ള എന്ത് രാഷ്ട്രീയബോധമാണ്, എന്ത് സിനിമാസങ്കല്‍പ്പമാണ് കൈനാട്ടിക്കാരനു കൈമുതലായുള്ളത്? 

ഒരു വര്‍ഷത്തിനിടയില്‍ ഒരു ഡസനിലധികം നിര്‍മാതാക്കളും പ്രധാന നടന്മാരും സമ്മതം മൂളിയ ശേഷം ഒഴിഞ്ഞു മാറിയത്രേ. ഇടതുപക്ഷ വിരുദ്ധമായ എത്രയോ സിനിമകള്‍ മലയാളത്തിലിറങ്ങി. അതില്‍ മിക്കവാറും എല്ലാ സിനിമകളിലും മുഖ്യധാരാ താരങ്ങള്‍ തന്നെയാണ് അഭിനയിച്ചിട്ടുളളത്. എകെജി സെന്‍ററില്‍ ചെന്ന് അനുമതി വാങ്ങിയിട്ടാണോ താരങ്ങള്‍ ഡേറ്റ് കൊടുക്കുന്നത്? പിണറായിയെയും വിഎസിനെയുമെല്ലാം അതേ ശരീരഭാഷയോടെ, സംസാരഭാഷയോടെ അവതരിപ്പിക്കാന്‍ ഒരു മടിയുമില്ലാത്ത എത്ര താരങ്ങളെ വേണം? പക്ഷേ തിരക്കഥ വായിക്കാതെ, അതില്‍ ബോധ്യം വരാതെ അവരൊന്നും അഭിനയിക്കില്ല. 

ഫോണിലൂടെ ഭീഷണി കോളുകള്‍ വരുന്നുണ്ടെങ്കില്‍ എടുക്കാന്‍ പോകുന്ന സിനിമയുടെ ആകാന്‍ പോകുന്ന സംവിധായകന്‍ ചെയേ്‌യണ്ടത് സൈബര്‍ സെല്ലില്‍ പരാതിപ്പെടുകയാണ്. ഏറ്റെടുത്ത പ്രോജക്ടുകള്‍ ഭംഗിയായി ചെയ്തു വിജയിപ്പിച്ച മിടുക്കന്‍മാരുണ്ട് സൈബര്‍ സെല്ലില്‍. ആരെങ്കിലും ഭീഷണിപ്പെടുത്തിയോ അതിനു പുറകില്‍ സിപിഎമ്മുകാരാണോ എന്നൊക്കെ പൊലീസല്ലേ തീരുമാനിക്കേണ്ടത്? സിപിഎം നിര്‍മിക്കാന്‍ തയാറായി വന്നാല്‍ പോലും പകുതി സിനിമ പോലും എടുക്കാന്‍ ശേഷിയുണ്ടെന്ന് ഇതുവരെ തെളിയിക്കാനാകാത്ത ഒരാളെ ഭീഷണി പ്പെടുത്താനായി സിപിഎം ഇത്രമാത്രം സമയം വെറുതെ കളയുമോ?  ടിപിയെ കുറിച്ച് സിനിമ വരാന്‍ പാടിലെ്ലന്ന് സിപിഎം ആഗ്രഹിക്കുന്നുവെന്നു പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷേ ടിപിയെക്കുറിച്ച് ഇങ്ങനെയൊരാള്‍ സിനിമയെടുക്കുന്നത് സിപിഎമ്മിനും സന്തോഷകരമായിരിക്കും?

ടിപിയോടുള്ള സ്‌നേഹം കൊണ്ട് സിനിമ നിര്‍മിക്കാന്‍ മുന്നോട്ടുവന്ന ചെറുപ്പക്കാ രെങ്കിലും ആ തിരക്കഥ (അങ്ങനെയൊന്നുണ്ടെങ്കില്‍) ഒന്നു വായിച്ചു നോക്കണം. തന്നെക്കുറിച്ച് ഒരു അരാഷ്ട്രീയസിനിമ പുറത്തിറങ്ങുന്നത് ടിപിയോടു ചെയ്‌യുന്ന കൊടുംക്രൂരതയാകും. ടിപിയോട് താങ്കള്‍ക്ക് തരിന്പെങ്കിലും സ്‌നേഹമുണ്ടെങ്കില്‍, ഒന്നുകില്‍ സിനിമയെടുക്കുക, അല്ലെങ്കില്‍ ദയവായി മിണ്ടാതിരിക്കുക. അല്ലാതെ ദയവായി ടിപി, വികാരം, സിപിഎം എന്നൊക്കെ പറഞ്ഞു കരഞ്ഞുകൊണ്ടിരിക്കരുത്. താങ്കളോട് ആര്‍ക്കും വിരോധമുണ്ടാകില്ല, പക്ഷേ ടിപിയോട് സ്‌നേഹമുള്ളവര്‍ ഒരുപാടുണ്ട്. അതുകൊണ്ടു മാത്രമാണ് ഇത്രയും എഴുതിയത്.







No comments:

Post a Comment

gallery

Gallery