Gallery

Gallery

Friday, July 19, 2013

തമിഴില്‍ കുരുത്തത് മലയാളത്തില്‍ വാടുമോ?





തമിഴ് സിനിമയില്‍ കൈവരിച്ച വിജയത്തിന്‍റെ ആവേശവുമായാണ് കോഴിക്കോട്ടെ യുവ സംവിധായകരായ എം.വിനീഷും എം. പ്രബീഷും തങ്ങളുടെ ആദ്യ തമിഴ് സിനിമയുടെ കേരളത്തിലെ പ്രദര്‍ശനത്തിനെത്തുന്നത്. തമിഴിലെ സൂപ്പര്‍ ഡയറക്ടര്‍ ഭാരതീരാജയുടെ പുതിയ സിനിമയായ ‘അന്നക്കൊടി യ്ക്കു ലഭിക്കാത്ത ജനപ്രിയതയും സ്വീകാര്യതയുമാണ് തമിഴ്നാട്ടില്‍ അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുന്ന ഇവരുടെ ‘തീ കുളിക്കും പചൈ്ചമര ത്തിനു ലഭിക്കുന്നത്. 

വ്യത്യസ്തവും ആത്മാര്‍ഥവുമായ രചനയാലും ആവിഷ്ക്കാരത്താലും തമിഴ്നാട്ടില്‍ വേറിട്ട കാഴ്ച്ചയായി മാറിയ ഈ സിനിമ അവിടെ ചലച്ചിത്ര നിരൂപകരും ആസ്വാദകരും ഒരുപോലെ നെഞ്ചിലേറ്റി കഴിഞ്ഞു. 19 നാണ് ഈ സിനിമ കേരളത്തിലെ തിയറ്ററുകളിലെത്തുന്നത്. മോര്‍ച്ചറിയും അതിനകത്തെ നമുക്ക് അന്യമായ ജീവിതവും മുഖ്യ പ്രമേയമായി ആവിഷ്ക്കരിക്കപ്പെടുന്നു എന്നതാണ് ‘തീ കുളിക്കും പചൈ്ചമര ത്തിന്‍റെ പ്രത്യേകത. മോര്‍ച്ചറി ജീവനക്കാരനായപാണ്ടിയെ ഒന്നിനു പിറകെ മറ്റൊന്നായി വേട്ടയാടുന്ന ദുരന്തങ്ങള്‍ പ്രേക്ഷകനെ നടുക്കത്തിലാഴ്ത്തുന്നവയാണ്. മോര്‍ച്ചറി ജീവിതം ഇത്രയും പച്ചയായി ആവിഷ്ക്കരിച്ചിരിക്കുന്നത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. 

അന്പതോളം പരസ്യചിത്രങ്ങളും നിരവധി ഹ്രസ്വ സിനിമകളും ചെയ്തതിന്‍റെ അനുഭവ സന്പത്തുമായി ബിഗ് സ്ക്രീനില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങിയപ്പോള്‍ പലരില്‍ നിന്നും ഈ നവാഗത സംവിധായകര്‍ക്ക് നേരിടേണ്ടിയിരുന്ന ചോദ്യം എന്തുകൊണ്ട് തമിഴ് സിനിമ എന്നതായിരുന്നു. സിനിമയുടെ പ്രമേയം ആവശ്യപ്പെടുന്ന പരീക്ഷണത്തിന് പറ്റിയ തട്ടകം തമിഴ് സിനിമയാണെന്ന തിരിച്ചറിവാണ് തങ്ങളുടെ ആദ്യ സിനിമ തമിഴിലാക്കുവാന്‍ ഇവരെ പ്രേരിപ്പിച്ചത്. 

സംവിധായകരില്‍ ഒരാളായ എം.വിനീഷ് കഥയും തിരക്കഥയും രചിക്കുന്ന ഈ സിനിമയുടെ സംഭാഷണം എഴുതിയിരിക്കുന്നത് തമിഴ് എഴുത്തുകാരനായ കെ.ഗൗതമനാണ്.  കുട്ടിക്കാലത്ത് സംഭവിച്ചുപോയ ഒരു ചെറിയ തെറ്റ് ജീവിതാന്ത്യം വരെ നായകനെ വേട്ടയാടുന്നു. അതിന്‍റെ മനഃശാസ്ത്ര വിശകലനങ്ങളെക്കാള്‍ സാമൂഹിക തലങ്ങളാണ് സിനിമ വെളിപ്പെടുത്തുവാന്‍ ശ്രമിക്കുന്നത്. ജീവിത പരിസരങ്ങള്‍ മനുഷ്യനെ നിര്‍ണയിക്കുന്നുവെന്നതിന്‍റെ സാമൂഹിക-രാഷ്ട്രീയ വ്യാഖ്യാനങ്ങളാണ് സിനിമ അനാവരണം ചെയ്‌യുന്നത്. ഈ പ്രമേയം അടിസ്ഥാനമാക്കി വിനീഷും പ്രബീഷും ആദ്യം ചെയ്തത് ഒരു ഹ്രസ്വ സിനിമയായിരുന്നു. ‘ചന്ദ്രഹാസനു ശേഷം എന്ന ഈ അര മണിക്കൂര്‍ മലയാള സിനിമ തിരുവനന്തപുരം രാജ്യാന്തര ഹ്രസ്വചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് സൂര്യാകൃഷ്ണമൂര്‍ത്തിയാണ് തമിഴ് സിനിമയ്ക്ക് അനുയോജ്യമായ പ്രമേയമാണിതെന്ന് ഈ യുവസംവിധായകരോട് ആദ്യം പറഞ്ഞത്. തമിഴിലെ പുതുവസന്തത്തെ ആവേശത്തോടെ കാണുന്ന ഇവരാകട്ടെ നേരത്തെ തന്നെ ഇതൊരു സിനിമയാക്കുകയാണെങ്കില്‍ അത് തമിഴിലായിരിക്കണമെന്ന് തീരുമാനിച്ചതായിരുന്നു. ഈ ആവശ്യവുമായി ഇവര്‍ ആദ്യം സമീപിച്ചത് തമിഴിലെ പരീക്ഷണ സിനിമകളുടെ ശക്തനായ വക്താവും സംവിധായകനും നടനുമായ സമുദ്രക്കനിയെയാണ്. കഥ വായിച്ച സമുദ്രക്കനി എല്ലാ സഹായവും വാഗ്ദാനം ചെയ്തു.  

ഈ സിനിമയില്‍ നായകനായെത്തുന്ന സണ്‍ ടിവി അവതാരകന്‍ പ്രജിനിനെ ഈ സിനിമ ചെയ്‌യുവാന്‍ പ്രേരിപ്പിച്ചതും സമുദ്രക്കനിയാണ്. മലയാളിയായ സരയൂവാണ് ഇതിലെ നായിക. ഈ പ്രൊജക്ടിന്‍റെ ഏറ്റവും വലിയ ഭാഗ്യമായി ഈ യുവസംവിധായകര്‍ കാണുന്നത് പ്രശസ്ത ക്യാമറാമാന്‍ മധു അന്പാട്ട് ഇതിന്‍റെ ഭാഗമായതാണ്. സിനിമയിലെ ഏതൊരു തുടക്കക്കാരന്‍റെയും സ്വപ്നമാണ് മധു അന്പാട്ടിനെ സ്വന്തം സിനിമയുടെ ക്യാമറാമാനായി കിട്ടുകായെന്നത്. നിത്യേന നിരവധി പേര്‍ കഥ പറയാനെത്തുന്ന മധു അന്പാട്ടിനടുത്ത് ഇവര്‍ ഈ കഥ പറഞ്ഞപ്പോള്‍ അദ്ദേഹവും ഏറെ താല്‍പര്യം കാണിച്ച് ഈ പ്രോജക്ടിന്‍റെ ഭാഗമാകുവാന്‍ തീരുമാനിക്കുകയുമായിരുന്നു. ‘‘ ജീവിതത്തില്‍ ഇത്രയേറെ സംതൃപ്തിയോടെ ഒരു സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിട്ടില്ല..... മധു അന്പാട്ട് പറയുന്നു. 

ഈ സിനിമയിലെ മലയാള വിശേഷങ്ങള്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല. നായകന്‍ പ്രജിനിന്‍റെ കുടുംബ വേരുകള്‍ കോഴിക്കോട് ബാലുശേരിയിലാണ്. എണ്‍പതുകളില്‍ മലയാള സിനിമയില്‍ നടന വിഭ്രമം തീര്‍ത്ത കക്ക രവി,  മലയാള നാടകവേദിയില്‍ നിന്നുള്ള ജോസ് പി. റാഫേല്‍, സാബു സുരേന്ദ്രന്‍ എന്നിവരെ കൂടാതെ തമിഴ് സിനിമയില്‍ നിന്ന് എം.എസ്. ഭാസ്കര്‍, രേഖാ സുരേഷ്, മണിമാരന്‍, റിഷിന്‍ സാലി, സാഷ എന്നിവരും അഭിനയിക്കുന്നു.  നാല് പാട്ടുകളുള്ള ഈ സിനിമയുടെ സംഗീത സംവിധാനം നിര്‍വ്‌വഹിച്ചിരിക്കുന്നത് ജിതിന്‍ റോഷനാണ്. മിലേ്ലനിയം വിഷ്വല്‍ മീഡിയയാണ് ഈ സിനിമയുടെ നിര്‍മാതാക്കള്‍.

No comments:

Post a Comment

gallery

Gallery