Gallery

Gallery

Saturday, December 28, 2013

Mammootty new latest comedy malayalam movie




മമ്മൂട്ടി വീണ്ടും കോമഡി റോളില്‍

മമ്മൂട്ടിയ്ക്ക് ഹാസ്യം വഴങ്ങില്ലെന്നായിരുന്നു പൊതുവേ ആരാധകരുടെയും സിനിമാക്കാരുടെയും ധാരണ. എന്നാല്‍ ഏവരെയും അമ്പരപ്പിക്കുന്ന വിധത്തിലാണ് കടിച്ചാല്‍പ്പൊട്ടാത്ത മലയാളം വാക്കുകള്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും പ്രയോഗിക്കുന്ന മായാവിയായും കുഞ്ഞുമോനായുമെല്ലാം മമ്മൂട്ടിയെത്തിയത്. നേരത്തേ കോട്ടയം കുഞ്ഞച്ചന്‍ പോലുള്ള ചില ചിത്രങ്ങളില്‍ മമ്മൂട്ടിയ്ക്ക് പൊടിയ്ക്ക് ഹാസ്യം പ്രയോഗിച്ചിരുന്നുവെങ്കിലും മുഴുനീള ഹാസ്യ-ആക്ഷന്‍ ചിത്രങ്ങളില്‍ മമ്മൂട്ടിയെക്കണ്ടപ്പോള്‍ എല്ലാവരും അതിശയിച്ചുപോയിട്ടുണ്ട്.

അണ്ണന്‍ തമ്പി, രാജമാണിക്യം, പോക്കിരിരാജ തുടങ്ങിയചിത്രങ്ങള്‍ വന്നതോടെ ഹാസ്യത്തിന് മമ്മൂട്ടി സ്‌റ്റൈല്‍ എന്നൊരു സ്‌റ്റൈല്‍ തന്നെ വന്നു. കമ്മത്ത് ആന്റ് കമ്മത്താണ് മമ്മൂട്ടി കാര്യമായി കോമഡിചെയ്ത അവസാനത്തെ ചിത്രം. പിന്നീടിങ്ങോട്ട് പലചിത്രങ്ങളിലും മമ്മൂട്ടിയ്ക്ക് ഗൗരവമേറിയ റോളുകളായിരുന്നു. എന്നാല്‍ ഇനി വീണ്ടും സ്‌റ്റൈലൊന്ന് മാറ്റിപ്പിടിക്കാന്‍ പോവുകയാണ് സൂപ്പര്‍താരം.


സിബി കെ തോമസ് ഉദയകൃഷ്ണ കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം മമ്മൂട്ടിയുടെ പുത്തന്‍ കോമഡിച്ചിത്രമായിരിക്കുമത്രേ. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തുന്നതെന്ന കാര്യം അണിയറക്കാര്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. ചിത്രത്തില്‍ നായികയാരാണെന്നുള്ള കാര്യംവും മറ്റുതാരങ്ങളെയും തീരുമാനിച്ചിട്ടില്ലെന്ന് അണിയറക്കാര്‍ വ്യക്തമാക്കി.

മമ്മൂട്ടി കോമഡിയുമായി എത്തിയ ഒരു ചിത്രവും ആരാധകരെ നിരാശപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പുതിയൊരു ചിത്രത്തില്‍ക്കൂടി മമ്മൂട്ടി കോമഡി ചെയ്യുന്നുവെന്നത് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന വാര്‍ത്തയാണ്. അടുത്ത വര്‍ഷം ത്രില്ലര്‍, കോമഡി, പ്രണയകഥ എന്നുവേണ്ട മമ്മൂട്ടിയുടേതായി പലതരം ചിത്രങ്ങളാണ് എത്താന്‍ പോകുന്നത്. 2013 മമ്മൂട്ടിയെ സംബന്ധിച്ച് ഒരു വിജയവര്‍ഷമാണെന്ന് പറയാന്‍ കഴിയില്ല. ചില ചിത്രങ്ങള്‍ വിജയം കണ്ടപ്പോള്‍ ചിലത് പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് പരാജയപ്പെടുകയായിരുന്നു. എന്തായാലും 2014ല്‍ ഇറങ്ങാനുള്ള പലചിത്രങ്ങളും വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.



No comments:

Post a Comment

gallery

Gallery