വളരെ ചുരുക്കം ചില ചിത്രങ്ങളിലൂടെ മികച്ച നടിയെന്ന് പേരുനേടിയ താരമാണ് മിയ ജോര്‍ജ്ജ്. ചേട്ടായീസിലെ നായികവേഷത്തോടെയാണ് മിയ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മെമ്മറീസ്, വിശുദ്ധന്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകനടത്തിനും മിയയ്ക്ക് ഏറെ പ്രശംസകള്‍ ലഭിച്ചു. റിലീസാകാനിരിക്കുന്ന സലാം കാശ്മീര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ മിയ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
മലയാളത്തിനൊപ്പം തന്നെ തമിഴകത്തും ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ് മിയയിപ്പോള്‍. അമര കാവിയം എന്ന ചിത്രത്തിലൂടെയാണ് മിയ തമിഴകത്ത് അരങ്ങേറ്റം നടത്തുന്നത്. ജീവ ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സത്യയാണ് നായകനായി എത്തുന്നത്.
എണ്‍പതുകളുടെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് അമര കാവിയത്തിന്റെ പ്രമേയം. തിരക്കഥയില്‍ ഒരു വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമാണ് മിയയുടേത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് മിയ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രണ്ടാമത്തെ ഷെഡ്യൂളില്‍ അധികം താമസിയാതെ താരം ജോയിന്‍ ചെയ്യും- സംവിധായകന്‍ പറയുന്നു.
സാധാരണ തമിഴില്‍ അഭിനയിക്കുന്ന മലയാളി താരങ്ങള്‍ക്കെല്ലാം ഡബ്ബ് ചെയ്യാന്‍ മറ്റാളുകളെ നോക്കേണ്ടിവരുകയാണ് പതിവ്. എന്നാല്‍ മിയയ്ക്ക് തമിഴ് ഭാഷ ഒരു പ്രശ്‌നമല്ല. ആദ്യചിത്രത്തില്‍ത്തന്നെ സ്വന്തമായി ഡബ്ബ് ചെയ്യാനാണത്രേ മിയയുടെ തീരുമാനം. ഷൂട്ടിങ് തുടങ്ങിയ ദിവസങ്ങളില്‍ മിയയ്ക്ക് തമിഴ് അത്ര ഒഴുക്കോടെ സംസാരിക്കാന്‍ കഴിയുമായിരുന്നില്ലത്രേ. പക്ഷേ ആദ്യ ഷെഡ്യൂള്‍ കഴിയാറായപ്പോഴേയ്ക്കും മിയ തമിഴ് അത്യാവശ്യം നന്നായി പറയുന്ന സ്ഥിതിയായെന്ന് സംവിധായകന്‍ പറയുന്നു.
No comments:
Post a Comment