കൊച്ചി:സിനിമ താരം ദിലീപ് നികുതി വെട്ടിച്ചതായി പരിശോധനയില്‍ കണ്ടെത്തി. കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 13 ലക്ഷം രൂപയും ഡോളര്‍ നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
ദിലീപിന്റെ വീട്ടിലും നിര്‍മാണ കമ്പനി ഓഫീസിലും ഡിസംബര്‍ 21 നാണ് സെന്‍ട്രല്‍ എക്‌സൈസ് അധികൃതര്‍ പരിശോധന നടത്തിയത്. ദിലീപിനെ കൂടാതെ സംവിധയകന്‍ ലാല്‍ ജോസിന്റെ വിതരണ കമ്പനി ഓഫീസിലും പരിശോധന നടത്തിയിരുന്നു.
ദിലീപിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നികുതി വെട്ടിപ്പ് സംബന്ധിച്ച തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സിനിമ അഭിനയത്തിന് പ്രതിഫലം കുറച്ച് കാണിച്ചാണ് ദിലീപിന്റെ വെട്ടിപ്പെന്ന് സെന്‍ട്രല്‍ എക്‌സൈസ് അധികൃതര്‍ പറയുന്നു. വിതരണാവകാശമായിട്ടാണ് ബാക്കി പ്രതിഫലം കൈപ്പറ്റിയിരുന്നത്. ഇതിനായി ദിലീപ് സുഹൃത്തുക്കള്‍ക്കൊപ്പം വിവധ വിതരണ കമ്പനികള്‍ തുടങ്ങിയതായും പറയപ്പെടുന്നു.
ദിലീപിന്റെ ആലുവയിലെ വീട്ടിലും നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലും ആയിരുന്നു റെയ്ഡ്. പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
നികുതി വെട്ടിപ്പും കള്ളപ്പണവും പിടിക്കാന്‍ ദേശീയ തലത്തില്‍ നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് കേരളത്തിലും നടക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈ സ്വദേശിയായ വ്യവസായിയെ കൊച്ചിയില്‍ നികുതി വെട്ടിപ്പിന് അറസ്റ്റ് ചെയ്തിരുന്നു. 50 ലക്ഷത്തില്‍ അധികം നികുതി കുടുശ്ശിക വരത്തുന്നവരെയാണ് അറസ്റ്റ ചെയ്യുക.
ദിലീപിന്റെ കാര്യത്തില്‍ സംശയങ്ങള്‍ ഇനിയും ബാക്കിയാണ്. നടന്‍, നിര്‍മാതാവ് വിതരണക്കാരന്‍ എന്നീ നിലകളില്‍ ഉള്ള വരുമാനം കൂടാതെ സ്വന്തമായി വ്യാപാര സ്ഥാപനങ്ങള്‍ കൂടി ഉള്ള വ്യക്തിയാണ് ദിലീപ്. കൊച്ചിയിലെ ഹോട്ടലില്‍ നിന്നും ഹൗസ് ബോട്ടില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ കണക്ക് കൂടി എക്‌സൈസ് സംഘം പരിശോധിച്ചേക്കും.
No comments:
Post a Comment