മെല്‍ബണ്‍: സച്ചിന്റെ റെക്കോര്‍ഡുകള്‍ മറികടക്കപ്പെടുക എന്നത് എപ്പോഴും വാര്‍ത്തകളാണ്. വല്ലപ്പോഴും സംഭവിക്കുന്ന ഇങ്ങനെ ഒരു കാര്യത്തിന് മെല്‍ബണിലെ നാലാം ടെസ്റ്റ് വേദിയായി. ആഷസ് പരമ്പരയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിലാണ് ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് സച്ചിനെ മറികടന്ന് ഒരു നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റില്‍ എട്ടായിരം തികയ്ക്കുന്ന പ്രായം കുറഞ്ഞ കൡക്കാര്‍ എന്ന റെക്കോര്‍ഡാണ് കുക്കിന് മുന്നില്‍ വഴിമാറിയത്.
സച്ചിനെക്കാള്‍ വെറും 21 ദിവസം മുന്‍പാണ് കുക്ക് ഈ നേട്ടത്തിലെത്തിയത്. ഇരുപത്തൊമ്പതാം വയസ്സിലാണ് ഇരുവരും ടെസ്റ്റില്‍ എട്ടായിരം റണ്‍സ് എന്ന കടമ്പ മറികടന്നത്. നാലാം ടെസ്റ്റിലെ രണ്ടാമിന്നിംഗ്‌സില്‍ സ്വന്തം സ്‌കോര്‍ 41 ലെത്തിയപ്പോഴാണ് കുക്ക് സച്ചിനെ മറികടന്നത്. രണ്ടാമിന്നിംഗ്‌സില്‍ കുക്ക് അര്‍ദ്ധസെഞ്ചുറിയും നേടി. മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ എല്‍ ബി ഡബ്ല്യു ആയാണ് കുക്ക് പുറത്തായത്.
സമകാലീന ക്രിക്കറ്റ് താരങ്ങളില്‍ ടെസ്റ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ് ഇംഗ്ലണ്ട് ഓപ്പണറായ അലിസ്റ്റര്‍ കുക്ക്. സെഞ്ചുറിനേട്ടത്തിലും റണ്‍വേട്ടയിലും സച്ചിന് ഭീഷണിയാകാന്‍ കുക്കിന് കഴിയുമെന്ന് സഹതാരം കെവിന്‍ പീറ്റേഴ്‌സണും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ 29 കഴിഞ്ഞ കുക്ക് എത്രനാള്‍ ഇതേഫോമില്‍ കളിക്കും എന്നതും കണ്ടറിയണം.
ഈ വര്‍ഷം നവംബറില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തോടെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനോട് വിട പറഞ്ഞത്. 40 കാരനായ സച്ചിന്‍ ടെസ്റ്റില്‍ 51 ഉം ഏകദിനത്തില്‍ 49 സെഞ്ചുറികള്‍ക്ക് ഉടമയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ചുറികള്‍ നേടുന്ന ഏക ക്രിക്കറ്ററാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍.
No comments:
Post a Comment