Gallery

Gallery

Thursday, March 6, 2014

ലോകമെങ്ങും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഫേസ്ബുക്ക് പൈലറ്റില്ലാ വിമാനം വാങ്ങുന്നു -



ന്യൂയോര്‍ക്ക്: ആഫ്രിക്കയിലെ വിദൂര ദേശങ്ങളിലടക്കം ഇന്റര്‍നെറ്റ് സൌകര്യം എത്തിക്കുന്നതിന് ഫേസ് ബുക്ക് പൈലറ്റില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ വാങ്ങുന്നു. ഇന്റര്‍നെറ്റ് സൌകര്യം ഭൂഗോളമാകെ വ്യാപിപ്പിക്കാനുള്ള internet.org പദ്ധതിയുടെ ഭാഗമായാണ് ഫേസ്ബുക്ക് ഇതിന് ശ്രമം ആരംഭിച്ചത്. ഇതിനായി ഡ്രോണ്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ടൈറ്റാന്‍ എയറോസ്പേസ് എന്ന കമ്പനിയുമായി ഫേസ്ബുക്ക് ചര്‍ച്ച നടത്തുന്നതായി TechCrunch റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഫേസ്ബുക്ക്, ടൈറ്റാന്‍ എയറോ സ്പേസ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കന്‍ സൈനികര്‍ ഉപയോഗിച്ചിരുന്ന പൈലറ്റ് ഇല്ലാത്ത വിമാനങ്ങളാണ് ഡ്രോണുകള്‍. വിദൂരതയില്‍നിന്ന് നിയന്ത്രിക്കാവുന്ന ഈ വിമാനങ്ങള്‍ കൃത്യ സ്ഥലത്ത് ചെന്ന് ആക്രമണം നടത്താനാണ് ഉപയോഗിക്കുന്നത്. ആള്‍നാശം ഒഴിവാക്കി പരമാവധി കൃത്യത വരുത്താന്‍ സഹായിക്കുമെന്നതാണ് ഇത്തരം വിമാനങ്ങളുടെ പ്രത്യേകത. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിമാനങ്ങള്‍ വഴി ഇന്റര്‍നെറ്റ് സൌകര്യം കൂടുതല്‍ ഇടങ്ങളില്‍ എത്തിക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം.

270 കോടി ആളുകളാണ് ഇപ്പോള്‍ ലോകമെങ്ങും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അതായത് ലോക ജനസംഖ്യയുടെ മൂന്നിലാന്ന്. അവശേഷിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ കൂടി ഇന്റര്‍നെറ്റ് സൌകര്യം എത്തിക്കുന്നതിനാണ് പ്രമുഖ കമ്പനികള്‍ ചേര്‍ന്ന് internet.org എന്ന പദ്ധതി ആരംഭിച്ചത്. ഫേസ്ബുക്കിനെ കൂടാതെ, എറിക്സണ്‍, മീഡിയോ ടെക്, നോക്കിയ, ഒപെര, ക്വാല്‍കോം, സാംസങ. തുടങ്ങിയ കമ്പനികളാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്.

ഇതിന്റെ ഭാഗമായാണ് ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ ഫേസ് ബുക്ക് ആലോചിക്കുന്നത്. സൌരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ വിമാനങ്ങള്‍ക്ക് അഞ്ചു വര്‍ഷം വരെ ആകാശത്ത് നിലയുറപ്പിക്കാനാവും. ആകാശത്തിരുന്ന് ഭൂമിയിലുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സൌകര്യം എത്തിക്കുന്ന വിധത്തില്‍ ഈ വിമാനങ്ങളെ രൂപകല്‍പ്പന ചെയ്യാനാണ് ആലോചന.

65,000 അടി ഉയരത്തില്‍ ഉപഗ്രഹങ്ങള്‍ പോലെ പ്രവര്‍ത്തിക്കാന്‍ ഇത്തരം വിമാനങ്ങള്‍ക്ക് കഴിയും. ഉപഗ്രഹങ്ങള്‍ക്ക് വേണ്ടത്ര ചെലവ് ആവശ്യമില്ല എന്നതാണ് ഇതിന്റെ മെച്ചം.

ടൈറ്റാന്‍ എയറോസ്പേസിന്റെ ദി സോളാറ 50, 60 മോഡലുകള്‍ക്ക് 100 കിലോ ഉപകരണങ്ങള്‍ വരെ വഹിക്കാനാവും. ഇത്തരം 11000 വിമാനങ്ങള്‍ വാങ്ങി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്റര്‍നെറ്റ് കവറേജ് എത്തിക്കാനാണ് ഫേസ്ബുക്കിന്റെ പദ്ധതി.

ഗൂഗിള്‍ നടത്തുന്ന സമാനമായ പദ്ധതിക്ക് ബദലായാണ് ഫേസ്ബുക്കിന്റെ ഈ നീക്കം. പ്രൊജക്റ്റ് ലൂണ്‍ എന്ന പേരിട്ട ഗൂഗിളിന്റെ പദ്ധതി പ്രത്യേകമായി നിര്‍മിച്ച 30 ബലൂണുകള്‍ വഴി ലോകമെങ്ങും 3ജി വേഗതയുള്ള ഇന്റര്‍നെറ്റ് സൌകര്യം എത്തിക്കാനാണ് ശ്രമിക്കുന്നത്. 100 ദിവസം മാത്രമേ ഇത്തരം ബലൂണുകള്‍ക്ക് ആയുസ്സുള്ളൂ. അതു കഴിഞ്ഞാല്‍, ഇവ ഭൂമിയിലേക്ക് തിരിച്ചു വരുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ന്യൂനത.

No comments:

Post a Comment

gallery

Gallery