Gallery

Gallery

Thursday, March 27, 2014

drishyam new latest malayalam movie mohanlal records 100 day latest celebration

റെക്കോഡ് പെരുമഴയില്‍ ‘ദൃശ്യ’ത്തിന് നൂറുനാള്‍


മലയാളസിനിമ ഇതുവരെകണ്ടിട്ടില്ലാത്ത റെക്കോഡുകളുടെ പെരുമഴയുമായി ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം’ നൂറാം നാളില്‍.
മലയാള സിനിമയുടെ ഇന്നേവരെയുള്ള കണക്കെടുത്താല്‍ ഏറ്റവുമധിക കലക്ഷന്‍ നേടിയ ചിത്രമാണിത്. അവിടം കൊണ്ടും തീരുന്നില്ല കലക്ഷന്‍ പെരുമ, ‘ട്വന്‍റി 20’ 120 ദിനം കൊണ്ട് തിയറ്ററുകളില്‍ നിന്ന് വാരിയ പണം വെറും 30 ദിവസംകൊണ്ടാണ് ‘ദൃശ്യം’ മറികടന്നത്.
കഴിഞ്ഞ ഡിസംബര്‍ 19ന് റിലീസായ ചിത്രം മാര്‍ച്ച് 28നാണ് 100നാള്‍ തികയ്ക്കുന്നത്. അതും 43 തിയറ്ററുകളില്‍. ഇവയില്‍ മിക്കവയിലും റെഗുലര്‍ ഷോയിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
നൂറുദിനം തികക്കുന്ന ചിത്രങ്ങള്‍ അടുത്തിടെ വിരളമാകുന്നതിനിടെയാണ് കുടുംബപ്രേക്ഷകരുടെ തുടര്‍ച്ചയായ പിന്തുണയോടെ ‘ദൃശ്യം’ ഇത്രയും വലിയ വിജയം നേടിയത്.
95 ദിവസം വരെയുള്ള പ്രദര്‍ശനങ്ങളുടെ എണ്ണമെടുത്താല്‍, കേരളത്തില്‍ മാത്രം 23500 ഷോകള്‍ ‘ദൃശ്യം’ പിന്നിട്ടിട്ടുണ്ട്. ഇതും റെക്കോഡാണ്. മുമ്പ് അനേകം ചിത്രങ്ങള്‍ നൂറുദിനം കടന്ന് വമ്പന്‍ വിജയങ്ങളായിട്ടുണ്ടെങ്കിലും ഇത്രയും പ്രദര്‍ശനങ്ങള്‍ അപൂര്‍വതയാണ്.
മള്‍ട്ടിപ്ളക്സുകളും ‘ദൃശ്യ’ത്തിന് നല്‍കിയത് റെക്കോഡുകള്‍ തന്നെ. ആദ്യമായി ഒരു മള്‍ട്ടിപ്ളക്സ് കലക്ഷന്‍ ഒരുകോടി കടന്നതും ഈ ചിത്രമാണ് (എറണാകുളം പി.വി.ആറില്‍ 50 ദിവസത്തിനുള്ളില്‍).
കേരളത്തില്‍ റിലീസ് ചെയ്ത 71 തിയറ്ററുകളില്‍ 50 ദിവസം പിന്നിട്ടതും ആദ്യസംഭവമാണ്. ഇതിനുപുറമേ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, കോയമ്പത്തൂര്‍, അഹമ്മദാബാദ്, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലും അനേകം തിയറ്ററുകളില്‍ 50 ദിനം പിന്നിട്ടു. ഗള്‍ഫിലും യു.കെയിലും യു.എസിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. യു.കെയിലും യു.എസിലും 35 ദിവസം കൊണ്ടുതന്നെ ഒരു കോടി കലക്ഷന്‍ കടന്നിരുന്നു.
തിരുവനന്തപുരം ശ്രീകുമാറില്‍ നിന്ന് 75 ലക്ഷം രൂപ ഇതിനകം നേടി. മൂന്നേകാല്‍ ലക്ഷം പേരാണ് ഇവിടുന്ന് ‘ദൃശ്യം’ കണ്ടത്.
ഇപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന പല കേന്ദ്രങ്ങളിലും ആദ്യമായാണ് ഇത്രയധികം ദിനം ഒരു ചിത്രം ഓടുന്നത്. നെടുമങ്ങാട് പോലുള്ള ചെറുപട്ടണങ്ങളില്‍ വരെ റിലീസായ നാള്‍ മുതല്‍ 100 നാള്‍ വരെ 4 ഷോ വീതമാണ് പ്രദര്‍ശനം.
പലകേന്ദ്രങ്ങളിലും ഇപ്പോഴും കുടുംബപ്രേക്ഷകരുടെ തിരക്കാണ്. ഇതിനെല്ലാം പുറമേ, ബി ക്ളാസ് കേന്ദ്രങ്ങളിലും വന്‍ തിരക്കാണ് ചിത്രത്തിന്. പലേടത്തും നാലും അഞ്ചും വാരമായിട്ടും പ്രദര്‍ശനം തുടരുന്നുണ്ട്.
പറയുകയാണെങ്കില്‍, റെക്കോഡുകളുടെ കണക്കുകള്‍ ഇനിയുമേറെ ‘ദൃശ്യ’ത്തിന് നിരത്താനുണ്ട്.ഇതിനെല്ലാം പുറമേ, തമിഴ് നാട്ടിലും ആന്ധ്രയിലും കര്‍ണാടകയിലുമെല്ലാം കേട്ടറിഞ്ഞ് മലയാളികളല്ലാത്തവരും ചിത്രം കാണാന്‍ എത്തുന്നു എന്നതും മലയാള സിനിമയെ സംബന്ധിച്ച് ശുഭസൂചനയാണ്.
150 ദിവസം പൂര്‍ത്തിയാക്കുമ്പോഴും ‘ദൃശ്യം’ നിരവധി പുതിയ റെക്കോഡുകള്‍ സ്വന്തമാക്കുമെന്നാണ് സിനിമാനിരീക്ഷകരുടെ പ്രതീക്ഷ.
അടുത്തിടെ പ്രേക്ഷകരില്‍നിന്നും നിരൂപകരില്‍ നിന്നും ഇത്രയധികം പോസിറ്റീവ് അഭിപ്രായമുണ്ടായ ചിത്രം വേറെയില്ല. അതുകൊണ്ടുതന്നെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ‘ദൃശ്യ’ത്തിന്‍െറ റീമേക്ക് അവകാശം ചൂടപ്പം പോലെയാണ് വിറ്റുപോയത്.
മീന, സിദ്ദിഖ്, ആശാ ശരത്, അന്‍സിബ ഹസന്‍, ബേബി എസ്തര്‍, റോഷന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് ‘ദൃശ്യ’ത്തിലെ മറ്റ് അഭിനേതാക്കള്‍.

No comments:

Post a Comment

gallery

Gallery