Gallery

Gallery

Monday, March 31, 2014

ധോണിയ്ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം

ധോണിയ്ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം. പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ അമ്രപാലി നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെക്കുറിച്ചാണ് ആദായനികുതി വകുപ്പിന്റെ റാഞ്ചി യൂണിറ്റ് അന്വേഷിക്കുന്നത്. അമ്രപാലി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അനില്‍ ശര്‍മ്മ നേരിട്ടാണ് ധോണിയുടെ പേരിലുള്ള ചെക്ക് കൈമാറിയതെന്നാണ് സൂചന. അമ്രപാലിയുടെ ബ്രാന്‍ഡ് അംബാസിഡറായ ധോണിയ്ക്ക് 2012 സാമ്പത്തികവര്‍ഷത്തില്‍ നല്‍കിയ ചെക്ക് മാറിയത് 2014ലാണ്. അമ്രപാലിയുടെയും ധോണിയുടെയും സംയുക്തസംരഭമായ അമ്രപാലി മഹി ഡെവലപ്പേഴ്സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഭാര്യ സാക്ഷി സിംഗിന് 25 ശതമാനം ഓഹരിയുള്ളതായും ആദായനികുതിവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞദിവസം വരുമാനത്തെ സംബന്ധിച്ച വിവരങ്ങള്‍ ധോണിയുടെ ഏജന്റ് ആദായനികുതി വകുപ്പിന് കൈമാറിയിരുന്നു. ഒപ്പം 20 കോടി രൂപ ആദായനികുതി ഒടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അമ്രാപാലി നല്‍കിയ ചെക്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഇതേക്കുറിച്ച് ചോദിച്ചറിയാന്‍ ആദായനികുതി വകുപ്പ് ഉടന്‍തന്നെ ധോണിയുമായി ബന്ധപ്പെടുമെന്നാണ് അറിയുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ചെക്കിനെക്കുറിച്ച് ധോണിയും അമ്രപാലി ഗ്രൂപ്പും വ്യത്യസ്ത അഭിപ്രായമാണ് ആദായനികുതി വകുപ്പിനോട് പങ്കുവെച്ചത്. ചെക്ക് നല്‍കിയത് സെക്യൂരിറ്റിയായാണെന്നാണ് ധോണിയുടെ വക്താവ് അറിയിച്ചത്. എന്നാല്‍ ബ്രാന്‍ഡ് അംബാസിഡര്‍ക്കുള്ള പ്രതിഫലമായി, കരാര്‍പ്രകാരം റാഞ്ചിയില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനാണ് ധോണിക്ക് ചെക്ക് നല്‍കിയതെന്നാണ് അമ്രപാലി ഗ്രൂപ്പ് അറിയിക്കുന്നത്. അതേസമയം ചെക്ക് ധോണിയുടെ പേരില്‍ നല്‍കിയതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് അമ്രപാലി ഗ്രൂപ്പ് മറുപടി നല്‍കിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ സ്പോര്‍ട്സ് മാനേജ്മെന്റ് കമ്പനിയായ റീതി സ്പോര്‍ട്സില്‍ ധോണിക്ക് 15 ശതമാനം ഓഹരിയുണ്ടെന്ന വാര്‍ത്ത വിവാദമായിരുന്നു. അതിനുശേഷം ഐപിഎല്‍ ഒത്തുകളിയെക്കുറിച്ച് അന്വേഷിച്ച മുഗ്ദല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ധോണിക്കെതിരെ പരാമര്‍ശമുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ ഗോഡ് ഫാദറായിരുന്ന എന്‍ ശ്രീനിവാസന്‍ സുപ്രീംകോടതി പരാമര്‍ശത്തെത്തുടര്‍ന്ന് ബിസിസിഐ അദ്ധ്യക്ഷപദവി ഒഴിഞ്ഞിരുന്നു. ഇതിനെല്ലാം പുറമെ പുതിയ ചെക്ക് വിവാദം കൂടിയായതോടെ ധോണി ശരിക്കും സമ്മര്‍ദ്ദത്തിലാണെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്സ് നായകപദവി ഒഴിയാന്‍ ധോണി സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അമ്രപാലി ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ശര്‍മ്മ ജനതാദള്‍ യുണൈറ്റഡ് സ്ഥാനാര്‍ത്ഥിയായി ലോക്സഭയിലേക്ക് മല്‍സരിക്കുന്നുണ്ട്. -

No comments:

Post a Comment

gallery

Gallery