Gallery

Gallery

Thursday, March 27, 2014

രാഹുലിനെതിരെ സ്‌മൃതി വന്നേക്കും

രാഹുലിനെതിരെ സ്‌മൃതി വന്നേക്കും



ന്യൂഡൽഹി:നെഹ്​റു കുടുംബത്തിന്റെ കോട്ടകളെന്ന് കരുതുന്ന അമേത്തിയിൽ രാഹുൽ ഗാന്ധിക്കെതിരെ സ്‌മൃതി ഇറാനിയെയും റായ്ബറേലിയിൽ സോണിയാ ഗാന്ധിക്കെതിരെ പഴയ തീപ്പൊരി ഉമാഭാരതിയെയും മത്സരിപ്പിക്കാൻ ബി.ജെ.പി ആലോചിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ ഉണ്ടാകും.


ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാണ് വിഖ്യാത സീരിയൽ താരമായ സ്‌മൃതി ഇറാനി. രാഹുൽ ഗാന്ധിക്കെതിരെ ആം ആദ്മി പാർട്ടി അവരുടെ പ്രമുഖ നേതാവായ കുമാർ വിശ്വാസിനെ നേരത്തേ രംഗത്തിറക്കിയിട്ടുണ്ട്.


വർഷങ്ങളോളം ഇന്ദിരാഗാന്ധിയുടെ കുത്തകയായിരുന്ന റായ്ബറേലിയിൽ 2004 മുതലാണ് സോണിയ മത്സരിക്കുന്നത്. രാഹുലിന് അമേത്തി നൽകിക്കൊണ്ട് സോണിയ റായ്ബറേലിയിലേക്ക് മാറുകയായിരുന്നു. ഉമാഭാരതിയെ ഉത്തർപ്രദേശിലെ തന്നെ ഝാൻസി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ്. അവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ പ്രദീപ് കുമാർ ജയിനിനെതിരെ അവർ പ്രചാരണവും തുടങ്ങിയിരുന്നു. ഉമാഭാരതിയെ അവിടെ നിന്ന് മാറ്റി സോണിയയ്‌ക്കെതിരെ നിറുത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്.


സോണിയയെ തോൽപ്പിക്കമെങ്കിൽ ബി.ജെ.പി ഉമാഭാരതിയെ നിറുത്തണമെന്ന് യോഗ ഗുരു ബാബ രാംദേവ് കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ നിർദ്ദേശിച്ചിരുന്നു. ഉമാ ഭാരതിക്ക് വേണ്ടി റായ്ബറേലിയിൽ വീടുകൾ തോറും കയറി പ്രചാരണം നടത്താമെന്നും ബി.ജെ.പി അനുഭാവി കൂടിയായ രാംദേവ് പറഞ്ഞിരുന്നു.

മദ്ധ്യപ്രദേശ് സ്വദേശിയായ ഉമാഭാരതിക്ക് മുൻപ് താൻ ജയിച്ചിട്ടുള്ള ഭോപ്പാലിൽ മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ ബി.ജെ.പി അവരെ ഝാൻസിയിലേക്കാണ് നിയോഗിച്ചത്. അച്ചടക്കരാഹിത്യത്തിന് ആറ് വർഷത്തേക്ക് ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട ഉമാ ഭാരതി 2011ലാണ് പാർട്ടിയിൽ തിരിച്ചെത്തിയത്.

No comments:

Post a Comment

gallery

Gallery