Gallery

Gallery

Thursday, March 6, 2014

മമ്മൂട്ടി മനസുതുറന്നു; കോട്ടയത്ത് മത്സരിക്കില്ല




കൊച്ചി: സി പി എം ടിക്കറ്റില്‍ താന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി തള്ളിക്കളഞ്ഞു. സങ്കുചിതമായ രാഷ്ട്രീയ ചിന്തകള്‍ തനിക്കില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും തനിക്ക് ഒരേ സ്‌നേഹമാണ്. മമ്മൂട്ടിയുടെ പി ആര്‍ ഒ റോബര്‍ട്ട് കുര്യാക്കോസാണ് സൂപ്പര്‍താരത്തിന് വേണ്ടി നിലപാട് വ്യക്തമാക്കിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്നും മമ്മൂട്ടി ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ചില സിനിമാ പ്രസിദ്ധീകരണങ്ങളെ ഉദ്ധരിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പരന്നു. കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെതിരെ പൊതുസമ്മതനായ ഒരാള്‍ എന്ന നിലയ്ക്കാണ് മമ്മൂട്ടിയുടെ പേര് സി പി എം പരിഗണിച്ചിരുന്നത്.



എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് സി പി എം ഔദ്യോഗികമായ നിലപാട് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ മമ്മൂട്ടിയുടെ സൂപ്പര്‍താര പരിവേഷം ലോക്‌സഭ തിരഞ്ഞെടുപ്പിലും മുന്നോട്ടുള്ള തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കും എന്ന ചിന്താഗതി പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ക്കുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന് മമ്മൂട്ടി തന്നെ നയം വ്യക്തമാക്കിയതോടെ ഇത്തരം ചര്‍ച്ചകള്‍ക്കും അന്ത്യമാവുകയാണ്.

തന്നെ ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയുടെ ആളായി ചിത്രീകരിക്കരുത് എന്നാണ് മെഗാസ്റ്റാറിന്റെ അഭ്യര്‍ഥന. നാടിന്റെ നന്മയും വികസനമാണ് തന്റെ അജണ്ട. തന്നെ കക്ഷി രാഷ്ട്രീയത്തില്‍ ഭാഗമാക്കുന്നത് വേദനാജനകമാണ്. സി പി എം ചാനലായ കൈരളി ടി വിയുടെ ചെയര്‍മാനാണ് മമ്മൂട്ടി. ഡി വൈ എഫ് ഐയുടെ പരിപാടികളിലും പങ്കെടുക്കാറുള്ള മമ്മൂട്ടി ഇടതുപക്ഷ സഹയാത്രികനായാണ് പൊതുവെ കരുതപ്പെടുന്നത്.













No comments:

Post a Comment

gallery

Gallery