Gallery

Gallery

Monday, March 10, 2014

കുടിയന്‍മാര്‍ക്കായി ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് ; വാര്‍ത്തകളും പൂസാവുന്നു





ന്യൂയോര്‍ക്ക്: കള്ളുകുടിയന്‍മാര്‍ക്കു വേണ്ടി മാത്രമായി ആരംഭിച്ച സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ് ഇറങ്ങുംമുമ്പേ വിവാദത്തില്‍. കഴിഞ്ഞ ദിവസമാണ് ന്യൂയോര്‍ക്ക് കേന്ദ്രമായി ലിവര്‍ (Livr) എന്ന പേരില്‍ മദ്യപര്‍ക്കു മാത്രമായി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ് ആരംഭിച്ചതായി വാര്‍ത്തകള്‍ വന്നത്. പ്രത്യേകമായി ഡിസൈന്‍ ചെയ്ത സ്മാര്‍ട് ഫോണ്‍ ആപ്പ് പുറത്തിറങ്ങുന്നതായായിരുന്നു വാര്‍ത്ത. കമ്പനിയുടെ പേരില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കു ലഭിച്ച വാര്‍ത്താ കുറിപ്പായിരുന്നു വാര്‍ത്തയുടെ അടിസ്ഥാനം. രസകരമായിരുന്നു ലിവര്‍ ആപ്പിന്റെ ആശയം. പെട്ടെന്നു തന്നെ ഇത് ചര്‍ച്ചയായി.

ഇതിനു പിന്നാലെയാണ്, ഈ വാര്‍ത്ത തട്ടിപ്പെന്നു പറഞ്ഞ് ടെക് എഴുത്തുകാരനായ ബ്രയന്‍ ബാരെറ്റ് (ബ്രയന്‍ ബാരറ്റ്) രംഗത്തു വന്നത്. ടെക്നോളജി പോര്‍ട്ടലായ gizmodo.com ല്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ലിവര്‍ തട്ടിപ്പാണെന്ന് ബ്രയന്‍ പറയുന്നത്. ലിവര്‍ ആപ്പിന്റെ പ്രധാന സവിശേഷതയായ, ചുരുങ്ങിയ ചെലവിലുള്ള ബ്രെത്ത് അനലൈസര്‍  എന്ന ആശയം അവിശ്വസനീയമാണെന്ന് ബ്രയന്‍ എഴുതുന്നു. കമ്പനിയുടെ സ്ഥാപകരായി പറയപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍ വ്യാജമാണെന്നും ബ്രയന്‍ പറയുന്നു. ഏതായാലും കുടിയന്‍മാര്‍ക്കുള്ള സോഷ്യല്‍നെറ്റ് വര്‍ക്കിനെ ചൊല്ലിയുള്ള വാര്‍ത്തകള്‍ തന്നെ പൂസായ മട്ടാണ്.





ലിവര്‍ എന്ന ആപ്പ്
നിലവിലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ മദ്യപര്‍ക്ക് ഏറെ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുവെന്ന തിരിച്ചറിവിലാണ് ലിവര്‍ എന്ന ആപ്പിന്റെ രംഗപ്രവേശമെന്ന് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. മദ്യപിച്ച് പൂസാവുമ്പോള്‍ തോന്നുന്നത് പറയും, ചെയ്യും, അകത്തുള്ളതെല്ലാം വലിച്ചു പുറത്തിടും, പൊതു സ്ഥലത്ത് പെരുമാറേണ്ടതുപോലെ പെരുമാറാന്‍ മടിക്കും എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് ലിവര്‍ വരുന്നത് എന്നായിരുന്നു വാര്‍ത്തകള്‍.

മദ്യപര്‍ക്കു മാത്രമേ ഉപയോഗിക്കാനാവൂ എന്നതാണ് ഈ സ്മാര്‍ട് ഫോണ്‍ ആപ്പിന്റെ പ്രത്യേകതയെന്ന് ലിവര്‍ വെബ്സൈറ്റ് വിശദീകരിക്കുന്നു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ നമ്മുടെ നാട്ടിലെ പൊലീസുകാര്‍ ഉപയോഗിക്കുന്ന ബ്രെത്ത് അനലൈസര്‍ എന്ന ഉപകരണത്തിന്റെ വകഭേദമാണ് ഉപയോക്താവ് മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഈ ആപ്പില്‍ ഉപയോഗിക്കുന്നത്്. രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് കണ്ടെത്താനുള്ള ബ്രെത്ത് അനലൈസര്‍ പ്ലഗ് ഇന്‍ ആപ്പിലുണ്ടാവും. ശ്വാസത്തിന്റെ പരിശോധനയിലൂടെ ആപ്പ് രക്തത്തിലെ മദ്യത്തിന്റെ അളവ് കണ്ടെത്തും. നിശ്ചിത അളവില്‍ മദ്യം കഴിക്കുമ്പോള്‍ മാത്രമേ ലിവറിലേക്ക് പ്രവേശിക്കാന്‍ കഴിയൂ.

ഇവിടെ എത്തിയാല്‍ നിങ്ങള്‍ക്ക് സഹകുടിയന്‍മാരുമായി ആശയ വിനിമയം നടത്താം. തോന്നുന്നതെന്തും പറയാം, ചെയ്യാം. വേണമെങ്കില്‍, ആപ്പിലുള്ള വോയ്സ് മെസേജ് സംവിധാനം ഉപയോഗിച്ച് (Drunk Dial feature) പരസ്പരം സംസാരിക്കാം. ഗെയിം കളിക്കുകയോ ഇതിലെ മറ്റ് വിനോദ ഉപാധികള്‍ ഉപയോഗിക്കുകയോ ചെയ്യാം.

ഫിറ്റ് ഇറങ്ങുമ്പോള്‍ കുറ്റബോധം തോന്നുക മദ്യപര്‍ക്കിടയില്‍ സാധാരണമാണ്. ഇതിനായി ഒരു ബ്ലാക്കൌട്ട് ബട്ടനും ഇതിലുണ്ടാവും. പൂസായ നേരത്ത് നിങ്ങള്‍ പറഞ്ഞതും ചെയ്തതുമെല്ലാം പൂര്‍ണ്ണമായി മായ്ച്ചു കളയാനുള്ള സംവിധാനമാണിത്. ഇതു മാത്രമല്ല, കുടിച്ചു പൂസായി ചെയ്ത കാര്യങ്ങള്‍ പറഞ്ഞ് പിന്നീട് കളിയാക്കപ്പെടാതിരിക്കാന്‍ പ്രൊഫൈലുകള്‍ മാറ്റാനുള്ള സൌകര്യവും ആപ്പ് വാഗ്ദാനം ചെയ്യുന്നു.

ഇതിന്റെ വെബ്സൈറ്റ്, ട്വിറ്റര്‍, ഇന്‍സ്റ്റാ ഗ്രാം അക്കൌണ്ടുകള്‍ എന്നിവ കമ്പനി തയ്യാറാക്കിയിട്ടുണ്ട്. ആപ്പിന്റെ സവിശേഷതകള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ കാണാം. കമ്പനിയുടെ സ്ഥാപകരായ കെയ്ല്‍ ആഡിസണ്‍, ആവറി പ്ലാറ്റ്സ് എന്നിവരുടെ ചിത്രങ്ങളും ഇതിലുണ്ട്. ഒപ്പം, മാധ്യമങ്ങള്‍ക്കും നിക്ഷേപകര്‍ക്കും ബന്ധപ്പെടാനുള്ള ഇ മെയില്‍ വിലാസവുമുണ്ട്. ഇതോടൊപ്പമുള്ള പ്രചാരണ വീഡിയോ മറ്റേത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടേതുമായി കിടപിടിക്കുന്നതാണ്.

വാര്‍ത്തകള്‍ പുറത്തു വന്നതോടെ ലിവര്‍ വലിയ ചര്‍ച്ചയായി. ലോകമെങ്ങുമുള്ള കുടിയന്‍മാര്‍ക്ക് ആഘോഷിക്കാനുള്ള സമയമാണ് ഇതെന്ന മട്ടില്‍ സോഷ്യല്‍ നെറ്റ് വര്‍ക് സൈറ്റുകളില്‍ ചര്‍ച്ചകള്‍ തകര്‍ക്കുകയാണ്.
                                               
അത് വ്യാജം
ഇതിനിടെയാണ് ഈ വാര്‍ത്ത തട്ടിപ്പെന്ന് വ്യക്തമാക്കി ടെക് എഴുത്തുകാരനായ ബ്രയന്‍ ബാരെറ്റ്  രംഗത്തു വന്നത്. ടെക്നോളജി പോര്‍ട്ടലായ gizmodo.com ല്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ലിവറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തെറ്റാണെന്ന് ബ്രയന്‍ വ്യക്തമാക്കുന്നത്.

ഇതൊരു വലിയ തട്ടിപ്പാണ് എന്നു പറയാന്‍ ബ്രയന്‍ നിരത്തുന്നത് താഴെ പറയുന്ന കാരണങ്ങളാണ്.

1. ആപ്പിനൊപ്പമുള്ള ബ്രെത്ത് അനലൈസര്‍ അറ്റാച്ച്മെന്റിന് അഞ്ചു ഡോളറാണ് (305 രൂപ) ലിവര്‍ പറയുന്ന വില. ഇത് വിശ്വസിക്കാനാവുന്നതിലും കുറവാണ്. iOS ബ്രെത്ത് അനലൈസറുകള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന പല തരം ബ്രെത്ത് അനലൈസര്‍ പ്ലഗിനുകള്‍ ലഭ്യമാണ്. അവയുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണിത്. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ വിപണി പിടിക്കാന്‍ ഇങ്ങനെ വിലകുറക്കുക സാധാരണമാണ് എങ്കിലും സംശയിക്കത്തക്ക വിധം കുറവാണ് ലിവര്‍ പറയുന്ന വില.

2. മദ്യപര്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിവുള്ള Drunk Dial എന്ന സംവിധാനത്തിന് ട്രേഡ് മാര്‍ക്ക് ഉള്ളതായാണ് ലിവര്‍ അവകാശപ്പെടുന്നത്. അമേരിക്കന്‍ പേറ്റന്റ് ആന്റ് ട്രേഡ് മാര്‍ക് ഓഫീസ് (USPTO) നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇങ്ങനെയൊന്നിന് ട്രേഡ്മാര്‍ക്ക് നല്‍കിയിട്ടില്ല. ലിവര്‍ എന്ന പേരിലും ടേഡ്ര്മാര്‍ക്ക് നല്‍കിയിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

3. കമ്പനിയുടെ സ്ഥാപകരായ കെയ്ല്‍ ആഡിസണ്‍, ആവറി പ്ലാറ്റ്സ് എന്നിവര്‍ സാങ്കല്‍പ്പിക കഥാപാത്രങ്ങളാണ്. ഇവരുടെ പേരുകള്‍ ഗൂഗിളില്‍ തിരയുമ്പോള്‍ ആവറി പ്ലാറ്റ്സ് എന്ന ഒരാളെ കാണാനേ കഴിയുന്നില്ല. കെയ്ല്‍ ആഡിസണ്‍ എന്ന പേര് ലിങ്ക്ഡ് ഇന്നില്‍ കാണാമെങ്കിലും ഈ പശ്ചാത്തലമുള്ള ആരും അതിലില്ല. ഇവര്‍ക്കു രണ്ടു പേര്‍ക്കും ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൌണ്ടുകളുമില്ല. കമ്പനി വെബ്സൈറ്റില്‍ കെയ്ല്‍ ആഡിസണ്‍ എന്ന പേരില്‍ നല്‍കിയ ചിത്രം മാറ്റ് മേയര്‍ എന്ന കോമഡി നടന്റേതാണ്. മറ്റേയാള്‍ ആരെന്ന് വ്യക്തമല്ല.

ചര്‍ച്ചകള്‍ തീരുന്നില്ല
ലിവര്‍ തട്ടിപ്പാണ് എന്നു സ്ഥാപിക്കാന്‍ നിരത്തുന്ന ഈ വാദങ്ങളുടെ ശരി തെറ്റുകള്‍ ഇനിയും പുറത്തു വരേണ്ടതുണ്ട്. എന്നാല്‍, മദ്യപര്‍ക്കായുള്ള ആപ്പ് എന്ന ആശയം പുതുമയുള്ളതാണ്. ലിവര്‍ അതിനു ഒരുക്കിയ സവിശേഷ സൌകര്യങ്ങളും രസകരമാണ്. അതിനാല്‍, ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുക തന്നെയാണ്.


































No comments:

Post a Comment

gallery

Gallery