Gallery

Gallery

Thursday, May 8, 2014

ലാല്‍ സ്മാഷിങ് ഹിറ്റ്

ലാല്‍ സ്മാഷിങ് ഹിറ്റ്


വോളിബോള്‍ കോര്‍ട്ടില്‍ ഇന്നലെ മോഹന്‍ലാലായിരുന്നു താരം. പോയിന്‍റിലെത്തിയ എട്ടു കിടിലന്‍ സെര്‍വുകള്‍, പിഴവില്ലാത്ത രണ്ടു പ്രതിരോധ നീക്കങ്ങള്‍; ഇത്രയുമായിരുന്നു 122 ടെറിട്ടോറിയല്‍ ആര്‍മി ടീമിനുവേണ്ടി ലാലിന്‍റെ സംഭാവന. അതുമതിയായിരുന്നു ആരാധകര്‍ക്ക്. ആര്‍പ്പുവിളികളോടെ അവര്‍ പ്രിയതാരത്തിന് ആവേശം പകര്‍ന്നു. ഓരോ നീക്കത്തിലും ലാലേട്ടന്‍ വിളികള്‍; ചെറിയ പിഴവുകള്‍ക്കു പോലും കയ്‌യടികള്‍, ഒടുവില്‍ പിഴവുതീര്‍ത്തൊരു സ്മാഷില്‍ മോഹന്‍ ലാല്‍ നയിച്ച ടീം വിജയത്തിലെത്തിയപ്പോള്‍ കണ്ണൂര്‍ ജവാഹര്‍ സ്‌റ്റേഡിയത്തിലെ ഗാലറി ഇളകിമറിഞ്ഞു.

കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന സംസ്ഥാന ജേണലിസ്റ്റ് വോളിയുടെ വിളംബര മല്‍സരത്തിലാണ് മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മി ടീമിനുവേണ്ടി കളത്തിലിറങ്ങിയത്. ഒന്നാം നന്പര്‍ ജഴ്സിയിലായിരുന്നുലാല്‍. ഒപ്പം സംവിധായകന്‍ മേജര്‍ രവി. എതിര്‍ടീമില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണും മാധ്യമപ്രവര്‍ത്തകരും. 12ാം മിനിറ്റിലായിരുന്നു മോഹന്‍ലാലിന്‍റെ ആദ്യസെര്‍വ്. വലയ്ക്കുമീതെ കോട്ടകെട്ടിയ കൈകള്‍ തകര്‍ത്ത പന്ത് എതിര്‍ ടീമിന്‍റെ നിലം തൊട്ടപ്പോള്‍ ഗാലറികളില്‍ ആവേശപ്പെരുമഴ. തൊട്ടുപിന്നാലെ തകര്‍ത്തുപെയ്ത വേനല്‍മഴയ്ക്കുപോലും കണ്ണൂര്‍ മുനിസിപ്പല്‍ ജവാഹര്‍ സ്‌റ്റേഡിയത്തിലെ ആവേശം കെടുത്താനായില്ല. പിന്നെയും വന്നു ലാലിന്‍റെ 11 സെര്‍വുകള്‍; അതില്‍ നിന്ന് ഏഴു പോയിന്‍റുകള്‍ കൂടി. ഒടുവില്‍ കലക്ടര്‍ നേതൃത്വം നല്‍കിയ ടീമിനെ തകര്‍ത്ത് (25-13) ടെറിട്ടോറിയല്‍ ആര്‍മി ടീം വിജയത്തിലെത്തിയപ്പോള്‍ സ്‌റ്റേഡിയം ആര്‍പ്പുവിളികളാല്‍ നിറഞ്ഞു.

നേരത്തേ ടെറിട്ടോറിയല്‍ ആര്‍മി കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ ബി.എസ്. ബാലി മല്‍സരം ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ കളിക്കാരെ പരിചയപ്പെട്ടു. കെ.സി. വേണുഗോപാലിന്‍റെ ആദ്യ സെര്‍വോടെയായിരുന്നു മല്‍സരത്തിന് തുടക്കം. തുടര്‍ന്ന് നടന്ന പ്രസ് ക്ളബ് ടീമും പൊലീസ് ഓഫിസേഴ്സ് ടീമും തമ്മിലുള്ള സൗഹൃദമല്‍സരത്തില്‍ പൊലീസ് ഓഫിസേഴ്സ് ടീം വിജയിച്ചു. (25-22). മേയ് 11 മുതല്‍ 13 വരെ ജവാഹര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജേണലിസ്റ്റ് വോളിയില്‍ സംസ്ഥാനത്തെ വിവിധ പ്രസ് ക്ളബ്ബുകള്‍ പങ്കെടുക്കും.










No comments:

Post a Comment

gallery

Gallery