Gallery

Gallery

Friday, May 16, 2014

അമേരിക്കയിലെ ചിത്രീകരണം: പെരുച്ചാഴിയ്ക്ക് റെക്കോര്‍ഡ്

അമേരിക്കയിലെ ചിത്രീകരണം: പെരുച്ചാഴിയ്ക്ക് റെക്കോര്‍ഡ്


പല ചിത്രങ്ങളും മലയാളത്തില്‍ അമേരിക്കയുമായി ബന്ധപ്പെട്ട കഥയുമായി ഇറങ്ങിയിട്ടുണ്ട്. ഇവയില്‍ ചിലതിലെങ്കിലും അമേരിക്കയില്‍ വച്ച് ചിത്രീകരിച്ച ഭാഗങ്ങളുമുണ്ട്. ഇപ്പോഴിതാ ഏറ്റവും കൂടുതല്‍ ഭാഗങ്ങള്‍ അമേരിക്കയില്‍ വച്ച് ചിത്രീകരിച്ച ചിത്രമെന്ന റെക്കോര്‍ഡ് മോഹന്‍ലാലിന്റെ പെരുച്ചാഴിയെന്ന ചിത്രം സ്വന്തമാക്കാന്‍ പോവുകയാണ്. അരുണ്‍ വൈദ്യനാഥന്‍ ഒരുക്കുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ പെരുച്ചാഴിയുടെ ചിത്രീകരണത്തിനായി അണിയറക്കാര്‍ അമേരിക്കയിലേയ്ക്ക് പറന്നിരിക്കുകയാണ്.


30 ദിവസത്തെ ഷെഡ്യൂളാണ് ഇത്. നേരത്തേ പെരുച്ചാഴിയ്ക്കുവേണ്ടി അമേരിക്കയില്‍ ചിത്രീകരിക്കുന്ന ചില ഭാഗങ്ങള്‍ക്കായി കൊല്ലത്തെ റാവസ് ഹോട്ടലില്‍ സെറ്റിട്ടിരുന്നു. അമേരിക്കയില്‍ പ്രദര്‍ശനാനുമതി ലഭിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. മോഹന്‍ലാല്‍ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മുകേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഗിണി നന്ദ്വാനി, പൂജ കുമാര്‍, വിജയ് ബാബു, സാന്ദ്ര തോമസ്, അജു വര്‍ഗ്ഗീസ് എന്നിവരെല്ലാം ചിത്രത്തില്‍ വേഷമിടുന്നുണ്ട്.


തെന്നിന്ത്യന്‍ നായിക ആന്‍ഡ്രിയ ജെര്‍മിയ ചിത്രത്തിന് വേണ്ടി ഒരു ഗാനം ആലപിയ്ക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് അരവിന്ദ് കൃഷ്ണയാണ്. ഫ്രൈഡേ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് വേണുഗോപാലാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കുന്ന ചിത്രത്തിന്റെ തമിഴ്, ഹിന്ദി പതിപ്പുകളും അരുണ്‍ സംവിധാനം ചെയ്യുമെന്ന് സൂചനയുണ്ട്. തമിഴില്‍ കമല്‍ ഹസ്സനും ഹിന്ദിയില്‍ സഞ്ജയ് ദത്തുമായിരിക്കും നായകന്മാര്‍ എന്നാണ് അറിയുന്നത്.

No comments:

Post a Comment

gallery

Gallery