Gallery

Gallery

Monday, May 12, 2014

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ക്യാപ്റ്റന്‍?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ ക്യാപ്റ്റന്‍?


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത മാസം ബംഗ്ലാദേശില്‍ പര്യടനം നടത്തും. ഐ പി എല്ലും ട്വന്റി 20 ക്രിക്കറ്റും കളിച്ച് ക്ഷീണിച്ച ഇന്ത്യന്‍ കളിക്കാര്‍ക്ക് ഏകദിനത്തില്‍ പരിശീലനം കിട്ടാനാണ് ടീം ഇന്ത്യ ബംഗ്ലാദേശിലേക്ക് പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്. രണ്ടരമാസം നീളുന്ന ഇംഗ്ലണ്ട് പര്യടനത്തിന് തയ്യാറെടുക്കുക എന്നതാണ് ഇന്ത്യ - ബംഗ്ലാ പരമ്പരയുടെ ഉദ്ദേശം. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായി കൡക്കാര്‍ക്ക് മത്സരപരിചയം കിട്ടേണ്ടത് അത്യാവശ്യമാണെന്ന് ബി സി സി ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു.

എന്നാല്‍ ഇംഗ്ലണ്ടിലെ ഫാസ്റ്റ് വിക്കറ്റുകളില്‍ കളിക്കാന്‍ വേണ്ടി ബംഗ്ലാദേശിലെ ഫ്‌ലാറ്റ് വിക്കറ്റില്‍ ഏകദിന പരമ്പര കളിക്കുന്നതിലെ സാംഗത്യം മാത്രം വ്യക്തമല്ല. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി പുതിയ കളിക്കാരെ ബംഗ്ലാദേശിലേക്ക് വിടാനാണ് ബി സി സി ഐയുടെ തീരുമാനം. ക്യാപ്റ്റന്‍ എം എസ് ധോണി, വൈസ് ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ ഇല്ലാതെയാകും ഇന്ത്യ ബംഗ്ലാദേശിലേക്ക് പോകുക. ഇതോടെ ഇന്ത്യന്‍ ടീമിന് ധോണിയും കോലിയുമല്ലാത്ത പുതുയൊരു ക്യാപ്റ്റനെ കിട്ടും. നേരത്തെ ബംഗ്ലാദേശില്‍ നടന്ന ഏഷ്യാകപ്പിലും ധോണി കളിച്ചിരുന്നില്ല.

ധോണിക്ക് പകരം കോലിയായിരുന്നു ടീമിനെ നയിച്ചത്. പാകിസ്താനോടും ശ്രീലങ്കയോടും തോറ്റ് ഇന്ത്യ നാണംകെടുകയും ചെയ്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ബംഗ്ലാദേശില്‍ കളിക്കുക. ഇന്ത്യന്‍ ടീമിലെ ഇപ്പോഴത്തെ പ്രമുഖര്‍ പലരും ടീമില്‍ ഉണ്ടായേക്കില്ലെന്നും പുതിയ കൡക്കാര്‍ക്ക് അവസരം കിട്ടുമെന്നും പട്ടേല്‍ പറഞ്ഞു. ധോണി കളിക്കുന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് മറ്റൊരു വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ടി വരും. ഐ പി എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമിലെത്താന്‍ കഴിഞ്ഞേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

No comments:

Post a Comment

gallery

Gallery