Gallery

Gallery

Saturday, December 21, 2013

അതേ, ആ പഴയ ലാല്‍ തിരിച്ചുവന്നു



മലയാളികള്‍ ഒന്നടങ്കം നന്ദി പറയുകയാണ് സംവിധായകന്‍ ജിത്തു ജോസഫിനോട്. അവരുടെ പ്രിയ നടന്‍ മോഹന്‍ലാലിനെ, എല്ലാവരും ഇഷ്ടപ്പെടുന്ന മോഹന്‍ ലാല്‍ ആക്കി തിരിച്ചു തന്നതിന്. മലയാളികള്‍ എങ്ങനെ ലാലിനെ കാണാന്‍ ഇഷ്ടപ്പെട്ടോ, അതേ രീതിയില്‍ തന്നെയാണ് ജിത്തു ജോസഫ് ദൃശ്യത്തിലൂടെ തിരിച്ചുതന്നത്. സ്വാഭാവികമായി പെരുമാറുന്ന, അമാനുഷികതയില്ലാത്ത, തമാശ പറയുന്ന ആ പഴയ ലാല്‍ തന്നെയാണ് ദൃശ്യത്തിലെ ജോര്‍ജുകുട്ടിയിലൂടെ തിരിച്ചുവന്നത്. സന്തുഷ്ടനായി കുടുംബം നയിക്കുന്ന ജോര്‍ജ്കുട്ടി, കുട്ടികളോടും ഭാര്യയോടൊപ്പം സന്തോഷത്തോടെ കഴിയുന്ന ജോര്‍ജുകുട്ടി.

അങ്ങനെയൊരു ലാലിനെ കണ്ടിട്ട് നാളേറെയായിരുന്നു. മലയാളികള്‍ വെറുക്കപ്പെട്ടുപോകുന്ന ലാലിനെയായിരുന്നു കുറച്ചുകാലമായി നമ്മള്‍ സ്‌ക്രീനില്‍ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ലാലിന്റെ ചിത്രം കാണാന്‍ കുടുംബ സമേതം തിയറ്ററില്‍ പോയിരുന്ന കുടുംബങ്ങള്‍ മനംമടുത്ത് സിനിമ കാണല്‍ നിര്‍ത്തുകയായിരുന്നു. ഈ വര്‍ഷം റിലീസ് ചെയ്ത ലാല്‍ ചിത്രങ്ങളൊക്കെ നോക്കിയാല്‍ മനസ്സിലാകും. മലയാളി ഇഷ്ടപ്പെടാത്ത ലാലിനെയായിരുന്നു നാം ഈ ചിത്രങ്ങളിലെല്ലാം കണ്ടിരുന്നത്.

ആ ഇഷ്ടക്കേട് മനസ്സിലാക്കിയതാണ് ജിത്തു ജോസഫിന്റെ വിജയം. ലാലിനെ എങ്ങനെ പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്നു എന്നു മനസ്സിലാക്കിയാണ് ജിത്തു ദൃശ്യത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. മുണ്ടുടുത്ത്, സൈക്കിള്‍ യാത്ര ചെയ്യുന്ന, രാവിലെ എഴുന്നേറ്റ് കട്ടന്‍കാപ്പി കുടിച്ച്, മക്കളോടൊപ്പം തമാശ പറഞ്ഞ്, ഭാര്യയെ അടുക്കളയില്‍ സഹായിക്കുന്ന, കൂട്ടുകാരോട് തമാശ പറഞ്ഞിരിക്കുന്ന കുടുംബനാഥനായിട്ടാണ് ലാലിനെ ഇനി മലയാളി ഇഷ്ടപ്പെടുന്നത്. ഈ ന്യൂജനറേഷന്‍ കാലത്തും ലാലിനെ പ്രിയപ്പെട്ട കുടുംബനാഥനായിട്ടാണ് പ്രേക്ഷകന് കാണാന്‍ ഇഷ്ടം. ആങ്ങനെയൊരു ഇഷ്ടത്തില്‍ പിടിച്ചുകൊണ്ടാണ് ജിത്തു ജോസഫ് ദൃശ്യം മുന്നോട്ടു കൊണ്ടുപോകുന്നത്.

ലാലിന്റെ പ്രിയ സംവിധാകരൊക്കെ അദ്ദേഹത്തെ പ്രേക്ഷകരില്‍ നിന്ന് അകറ്റുകയായിരുന്നു. കണ്ടു മടുത്ത കഥാപാത്രങ്ങളെ വീണ്ടും പുതിയ കുപ്പിയിലാക്കി കൊണ്ടുവന്ന് പ്രേക്ഷകരെ പറ്റിക്കാന്‍ നോക്കുകയായിരുന്നു അവരെല്ലാം. അതുകൊണ്ട് നഷ്ടമുണ്ടായത് മോഹന്‍ലാലിനും. ഇഷ്ടപ്പെട്ടാവരും അകന്നുപോയി.


ദൃശ്യത്തിന്റെ ആദ്യപകുതിയില്‍ ലാലിനെ നല്ലൊരു കുടുംബനാഥനായി അവതരിപ്പിക്കാനാണ് ജിത്തു സമയം കണ്ടെത്തിയത്. കാരണം ലാലിനെ വെറുത്തുനില്‍ക്കുന്നൊരു പ്രേക്ഷകരെ അദ്ദേഹത്തിലേക്ക് അടുപ്പിക്കണമെങ്കില്‍ അല്‍പ സമയം വേണം. ആ സമയം കണ്ടെത്താനാണ് ദൃശ്യത്തിന്റെ ആദ്യപകുതിയില്‍ ദൃശ്യങ്ങളെല്ലാം അല്‍പം വേഗം കുറച്ച് എടുത്തത്. രണ്ടാം പകുതിയിലാണ് സിനിമ വേഗത്തില്‍ സഞ്ചരിക്കുന്നത് പിരിമുറുക്കം കൂടുന്നതും പ്രേക്ഷകര്‍ മുള്‍മുനയിലാകുന്നതും. ഈ പിരിമുറുക്കം ആദ്യപകുതിയില്‍ തന്നെ കൊണ്ടുവന്നിരുന്നെങ്കില്‍ സിനിമ പരാജയപ്പെട്ടുപോകുമായിരുന്നു. അതുമനസ്സിലാക്കിയാണ് ജിത്തു ബോധപൂര്‍വം ഇങ്ങനെ ചെയ്തത്. ലാലിന്റെ ഭാര്യയായി അഭിനയിച്ച മീനയും കയ്യടി വാങ്ങി. സുജിത് വാസുദേവന്റെ കാമറയാണ് അതുപോലെ മികച്ചുനില്‍ക്കുന്നത്. എല്ലാംകൊണ്ടും ദൃശ്യം പ്രേക്ഷകനെ ശരിക്കും ഇഷ്ടപ്പെടുത്തുമെന്ന് ഉറപ്പ്.

No comments:

Post a Comment

gallery

Gallery