Gallery

Gallery

Thursday, January 30, 2014

ജസ്റ്റിന്‍ ബീബര്‍ ചീത്തകുട്ടിയോണോ?




താരാരാധനക്ക്‌ സ്ഥലകാല ഭേദമില്ല. ഇന്ത്യയെന്നോ ഇന്തോനേഷ്യയെന്നോ ജപ്പാനെന്നോ കനഡെയെന്നോ ഇല്ല. ഒരാള്‍ എപ്പോള്‍ താരമായി മാറുമെന്നോ ഒരാള്‍ താരമായി മാറുന്നതിന്‍റെ മാനദണ്ഡമെന്ത് എന്നോ ആര്‍ക്കും പ്രവചിക്കാനാവില്ല. തീരെ ചെറുപ്പത്തില്‍ തന്നെ ചിലര്‍ താരമാവുന്നു. ചില ബാലതാരങ്ങള്‍ മുതിര്‍ന്നാല്‍ പിന്നെ ആരും തിരിഞ്ഞു നോക്കാറുമില്ല.

ചെറുപ്പത്തില്‍ തന്നെ, താരമായി മാറിയ ഗായകനാണ്​ ജസ്റ്റിന്‍ ബീബര്‍. 2008ല്‍ ബീബറുടെ ആദ്യ ആല്‍ബം പുറത്തിറങ്ങുമ്പോള്‍ ബീബര്‍ക്ക്‌ പ്രായം 13. ട്വിറ്ററില്‍ ബീബറെ പിന്തുടരുന്നവരുടെ എണ്ണം അഞ്ചു കോടിയോളമാണ്​. അതായത്​, ജസ്റ്റിന്‍ ബീബറുടെ ട്വീറ്റുകള്‍ക്കായി ട്വിറ്റര്‍ സെര്‍വറുകളുടെ നീണ്ട നിരതന്നെ ഉപയോഗിക്കുന്നു. ട്വിറ്ററില്‍ പരസ്യം വരാന്‍ തുടങ്ങിയത്​ തന്നെ ബീബറുടെ ട്വീറ്റുകളുടെ ജനപ്രീതി കൊണ്ടാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ പറയുന്നു. ക‍ഴിഞ്ഞ വ്യാ‍ഴാ‍ഴ്ച ബീബറുടെ ജനപ്രീതിക്ക്‌ കാര്യമായ ഇടിച്ചില്‍ തട്ടി.

മദ്യപിച്ച് വാഹനമോടിക്കുകയും അയല്‍വാസിയുടെ വീടിന്​ നേരെ മുട്ടയെറിയുകയും ചെയ്​തുവെന്നാരോപിച്ച് ബീബറുടെ വീട്​ റെയ്​ഡ്​ ചെയ്​തു പോലീസ്​. വലിയ താരാരാധന നില നില നില്‍ക്കുന്ന ഇന്ത്യയില്‍ പോലും ഇത്തരമൊരു സംഭവം ഒരു രണ്ടാം പേജ്​ വാര്‍ത്തയായി ഒന്നിലധികം ദിവസം നിലനില്‍ക്കില്ലെന്നിരിക്കെ, പാശ്ചാത്യ മാധ്യമങ്ങളുടെ സെന്‍സേഷനല്‍ വാര്‍ത്തയായി ഇത്​ മാറി. ഇതോടെ, താന്‍ ഒരു ചീത്ത കുട്ടിയല്ലെന്ന് തെളിയിക്കാനുള്ള പെടാപ്പാടിലാണ്​ ബീബര്‍ ഇപ്പോള്‍.





പതിനേ‍ഴുകാരിയായ കനഡക്കാരി പാട്രീഷ്യ മാലറ്റ്​ ജസ്റ്റിന്‍ ബീബറെ ഗര്‍ഭം ധരിക്കുമ്പോള്‍ അവര്‍ വിവാഹിതയായിരുന്നില്ല. ഗര്‍ഭം അലസിപ്പിക്കാന്‍ ഒരുപാട്​ സമ്മര്‍ദ്ധമുണ്ടായതായി ബീബറുടെ അമ്മയെന്ന നിലയില്‍ പാട്രീഷ്യ എ‍ഴുതിയ പുസ്തകത്തില്‍ അവര്‍ വെളിപ്പെടുത്തി. എന്നാല്‍, മു‍ഴുവന്‍ ബന്​ധുക്കളോടും ചെറുത്ത് നിന്ന് ബീബറെ പ്രസവിച്ചത്​ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ടായി മാറി. ചെറുപ്പത്തിലേ സംഗീതത്തില്‍ താല്‍പര്യമുണ്ടായിരുന്ന ബീബര്‍ യൂട്യൂബില്‍ തന്റെ ഗാനങ്ങള്‍ അപ്​ലോഡ്​ ചെയ്യുക പതിവായിരുന്നു. അങ്ങനെയാണ്​ ഒരു റെക്കോഡിംഗ്​ കമ്പനിയുടെ ശ്രദ്ധയില്‍ ബീബര്‍ പെടുന്നത്​. അതും പന്ത്രണ്ടാം വയസില്‍. പിന്നെ ബീബര്‍ക്ക്‌ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അമേരിക്കയിലെ കൗമാര താരമായി ബീബര്‍ മാറി.

ബീബര്‍ അയല്‍വാസിയുടെ വീട്ടിലേക്ക്‌ മുട്ടയെറിഞ്ഞു എന്ന പരാതിയിലാണ്​ പോലീസ്​ വീട്​ റെയ്​ഡ്​ ചെയ്​തത്​. റെയ്​ഡ്​ നടക്കുമ്പോള്‍ ഹെലികോപ്​ടറിലെത്തിയാണ്​ മാധ്യമങ്ങള്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തിയത്​. ക‍ഴിഞ്ഞ വര്‍ഷം തന്റെ ഫെരാരി കാര്‍ വേഗത്തിലോടിച്ചതിനും അയല്‍വാസിയുടെ മുഖത്ത് തുപ്പിയതിനും പോലീസിന്​ പരാതി ലഭിച്ചെങ്കിലും കേസെടുത്തിരുന്നില്ല. എന്നാല്‍ ഇക്കുറി ബീബര്‍ പെട്ടുപോയി.

ബീബറുടെ വീട്​ പരിശോധിച്ച പോലീസ്​ കൊക്കെയിന്‍ കൈവശം വെച്ചതിന്​ ബീബറുടെ സുഹൃത്തും റാപ്​ ഗായകനുമായ ലില്‍ സായെ അറസ്റ്റ് ചെയ്​തു. അമ്പതിനായിരം ഡോളര്‍ ജാമ്യത്തിലാണ്​ ഇയാള്‍ പുറത്തിറങ്ങിയത്​. ബീബര്‍ക്കെതിരെ പരാതി നല്‍കിയയാള്‍ പറഞ്ഞത്​ വീടാക്രമിച്ച് ഇരുപതിനായിരം ഡോളറിന്‍റെ നാശനഷ്ടം വരുത്തിയെന്നാണ്​. ബീബറെ അറസ്റ്റ് ചെയ്യാതിരിക്കാനാവില്ല. അറസ്​റ്റ്​ ചെയ്യുന്നത്​ അതിലും വലിയ പുലിവാല്‍.

ഒടുവില്‍ ബീബര്‍ അറസ്​റ്റിലായെന്ന് വാര്‍ത്തകള്‍ വന്നു. മുട്ടയേറ്​ സംഭവമുണ്ടായ രാത്രി, വാടകക്കെടുത്ത ഒരു ലംബോര്‍​ഗിനിയില്‍ സുഹൃത്തുമായി നടുറോഡില്‍ കാര്‍ റേസ്​ നടത്തിയെന്നുംപോലീസ്​ പറയുന്നു. ഇതിനായി രണ്ട് വണ്ടികള്‍ ഉപയോഗിച്ച് റോഡ്​ ബ്ലോക്ക്‌ ചെയ്​തെന്നും പോലീസ്​ വെളിപ്പെടുത്തി. മദ്യപിച്ച് വാഹനമോടിച്ചതിനും ലൈസന്‍സ്​ പുതുക്കാത്തതിനും കേസ്​ വേറെ. പോലീസ്​ വണ്ടി പരിശോധിച്ചപ്പോള്‍ ബീബര്‍ സഹകരിച്ചില്ലെന്നും പോലീസ്​ പറയുന്നു. ബീബര്‍ കഞ്ചാവടിച്ചിരുന്നതായും പോലീസ്​ പറയുന്നു. അമേരിക്കയില്‍ പല സംസ്ഥാനങ്ങളിലും കഞ്ചാവ്​ നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും ഫ്ലോറിഡയില്‍ ഇപ്പോ‍ഴും കഞ്ചാവുപഭോഗം ശിക്ഷാര്‍ഹമായ കുറ്റമാണ്​. 2500 ഡോളര്‍ ജാമ്യത്തില്‍ പിറ്റേന്ന് കോടതി ബീബറെയും സുഹൃത്തിനെയും വിട്ടയച്ചു. മദ്യപിച്ച് വാഹനമോടിച്ച കേസില്‍

കഞ്ചാവ്​ വില്‍പന നിയമവിധേയമാക്കി കൊളറാഡോ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നിയമഭേദഗതി കൊണ്ടുവന്നു ക‍ഴിഞ്ഞു. കഞ്ചാവ്​ തികച്ചും പ്രകൃതിദത്തവിഭവമായതിനാല്‍ മയക്കു മരുന്നിന്‍റെ ഗണത്തില്‍ പെടുത്തരുതെന്നാണ്​ കഞ്ചാവിന്​ വേണ്ടി വാദിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരുടെ വാദം. കൂടുതല്‍ അമേരിക്കന്‍ സ്റ്റേറ്റുകളിലേക്ക്‌ അവര്‍ കാമ്പയിന്‍ വ്യാപിപ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍ എല്ലായിടത്തും നിയമവിധേയമായാല്‍, കാമ്പയിന്‍ ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലേക്ക്‌ കൂടി വ്യാപിക്കുമെന്നുറപ്പാണ്​. ഒടുക്കം ഏതെങ്കിലുമൊരു കോര്‍പ്പറേറ്റ്​ സ്ഥാപനം അതിന്‍റെ പേറ്റന്‍റ് എടുക്കും. പിന്നെ കച്ചവടം പൊടിപൊടിക്കും.

പിറ്റേന്ന് ബീബര്‍ ജയില്‍ മോചിതനായി. താരാരാധന ജയിലിനു വെളിയിലും അണപൊട്ടിയൊ‍ഴുകി. എന്നാല്‍, ഓടുന്ന വണ്ടിയുടെ മുകളില്‍ കയറിയിരുന്ന് യാത്ര ചെയ്യാനൊന്നും ബീബര്‍ മുതിര്‍ന്നില്ല. ജാമ്യത്തിലിറങ്ങിയ ബീബര്‍ താമസിച്ച ഹോട്ടലിനു മുമ്പിലും പാപ്പരാസികളും ആരാധകരും കാത്തു നിന്നു. ആരാധകരില്‍ ഇന്ത്യന്‍ വംശജരുമുണ്ട്. ഇതിനിടെ ചെക്കന്‍ മുമ്പും മയക്കു മരുന്നടിച്ച് ബഹളമുണ്ടാക്കിയതായിട്ടുള്ളതായി വാര്‍ത്തകള്‍ വന്നു. ബീബര്‍ മാത്രമല്ല, സിനിമാതാരങ്ങളായ ലിന്‍ഡ്​സേ ലോഹന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഇങ്ങനെ മയക്കു മരുന്നിനടിമകളായതായി വാര്‍ത്തകളുണ്ടായിരുന്നു. എന്തുകൊണ്ടാണ്​ കൗമാര താരങ്ങള്‍ ഇങ്ങനെ മയക്കു മരുന്നിനടിപ്പെടുന്നതെന്നതിനെക്കുറിച്ച് മനോരോഗവിദഗ്​ധര്‍ അഭിപ്രായങ്ങള്‍ പറഞ്ഞു.

ജസ്റ്റിന്‍ ബീബറെ താരമാക്കി മാറ്റാന്‍ അമ്മ പെട്രീഷ്യ പെട്ട പാട്​ അവര്‍ക്കേ അറിയൂ. പക്ഷേ. ബാലതാരങ്ങളെ സൃഷ്ടിക്കാന്‍ മാതാപിതാക്കള്‍ പെടുന്ന ആ പാട്​ തന്നെയാണ്​ അവരെ ബീബറെപ്പോലെ കഞ്ചാവിനും മറ്റും അടിമകളാക്കുന്നത്​. താരമാക്കാന്‍ വേണ്ടി ഏല്‍ക്കേണ്ടി വരുന്ന അമിത സമ്മര്‍ദം താങ്ങാനാവാതെ വരുമ്പോ‍ഴാണ്​ അവര്‍ മയക്കു മരുന്നിലും മറ്റും അഭയം തേടുന്നത്​. അതിലും വലിയ സമ്മര്‍ദമാണ്​ മിയാമിയിലെ ബീച്ച് ഹോട്ടലിനു മുമ്പില്‍ തമ്പടിച്ചിരിക്കുന്ന പാപ്പരാസികളും ആരാധകരും ഉണ്ടാക്കുന്നത്​. ജാമ്യത്തിലിറങ്ങിയ ശേഷം ബീബര്‍ പുറത്തിറങ്ങിയിട്ടില്ല. സമ്മര്‍ദം താങ്ങാനാവാതെ ബീബര്‍ വല്ല കടുംകയ്യും ചെയ്യല്ലേയെന്ന് പ്രാര്‍ത്ഥിക്കാം.


No comments:

Post a Comment

gallery

Gallery