Gallery

Gallery

Wednesday, January 22, 2014

Balyakalasakhi new latest malayalam movieപ്രണയാര്‍ദ്രരായി മജീദും സുഹ്റയും


"ബാല്യകാല സഖി ജീവിതത്തില്‍ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു" വൈക്കം മുഹമ്മദ് എന്ന വിഖ്യാത എഴുത്തുകാരന്റെ തൂലികയിലൂടെ പിറവിയെടുത്ത ‘ബാല്യകാല സഖി’ വീണ്ടും വെള്ളിത്തിരയില്‍. മമ്മൂട്ടിയെ നായകനാക്കി നാടകരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച പ്രമോദ് പയ്യന്നൂരാണ് ബഷീറിന്‍്റെ മജീദിന്റെയും സുഹ്റയുടെയും പ്രണയം വീണ്ടും അഭ്രപാളിയില്‍ ആവിഷ്കരിക്കുന്നത്. 1967ല്‍ ബഷീറിന്റെ തന്നെ തിരക്കഥയില്‍ എച്ച്.എച്ച്. ഇബ്രാഹീം നിര്‍മിച്ച് ശശികുമാര്‍ ബാല്യകാലസഖിയെ ചലച്ചിത്രമാക്കിയിരുന്നു. പ്രേം നസീര്‍ അനശ്വരമാക്കിയ മജീദിനെ വീണ്ടും വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. നസീര്‍ എന്ന അതുല്യ പ്രതിഭയുടെ 25ാം ഓര്‍മവര്‍ഷത്തില്‍ അദ്ദേഹത്തിനുള്ള ആദരവു കൂടിയാകും ഈ ചിത്രം. ഇരട്ടവേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മജീദിന്റെയും അച്ഛന്റെയും വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലുണ്ടാകുക. മമ്മൂട്ടി മജീദാകുമ്പോള്‍ സുഹ്റയായി എത്തുന്നത് തട്ടത്തിന്‍ മറയത്തില്‍ ഉമ്മിച്ചിക്കുട്ടിയായത്തെിയ ഇഷ തല്‍വാറാണ്. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് സംവിധായകന്‍ ഇഷയിലേക്ക് എത്തിച്ചേര്‍ന്നത്. മമ്മൂട്ടിയുടെ (മജീദിന്റെ) മാതാവായായി മീനയും എത്തുന്നുണ്ട്. പുറമേ ബിജു മേനോന്‍, കെപിഎസി ലളിത, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ബഷീറിന്റെമറ്റു കഥാപാത്രങ്ങളായ ആനവാരി രാമന്‍ നായര്‍, എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണന്‍ പോക്കര്‍, പൊന്‍കുരിശ് തോമ, സൈനബ എന്നിവരും ചിത്രത്തിലുണ്ടാകും.

ചേര്‍ത്തലയിലെ പെരുമ്പളം ദ്വീപ് ബഷീറിയന്‍ ഗ്രാമമായി സൃഷ്ടിച്ചായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. കൂടാതെ കണ്ണൂര്‍ മാടായിപ്പാറയിലും കൊല്‍ക്കത്തയിലും മറ്റുമായാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ബഷീര്‍ താമസിച്ചിരുന്ന കൊല്‍ക്കത്തയിലെ ലോവര്‍ ചിറ്റ്പുര്‍ റോഡും പരിസരവും ചിത്രത്തില്‍ പകര്‍ത്താനും സംവിധായകന്‍ തയാറായി. നാടകരംഗത്തെ കലാത്മകതയും ലെനിന്‍ രാജേന്ദ്രന്‍, ശ്യാമ പ്രസാദ്, രഞ്ജിത്ത് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായാണ് പ്രമോദ് പയ്യന്നൂര്‍ തന്റെപ്രഥമ ചിത്രം ‘ബാല്യകാല സഖി’ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മതിലുകള്‍ നാടകമാക്കിയതും ബഷീറിനെ കുറിച്ചുള്ള ഡോക്യുമെന്‍്ററി തയ്യാറാക്കിയതും സംവിധായകനെ ബല്യകാലസഖിയോട് അടുപ്പിക്കുകയായിരുന്നു. സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹം നൂറിലധികം പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളികള്‍ക്ക് പുറമേ ബംഗാളിലെ നിരവധി ആദിവാസികളും ഹിജഡകളും ചത്രത്തില്‍ പ്രത്യക്ഷപ്പെടുുണ്ടൊണ് സൂചന.

രാഘവന്‍ മാസ്റ്റര്‍ അവസാനമായി സംവിധാനംചെയ്ത പാട്ടുകളും സിനിമയിലുണ്ട്. രാഘവന്‍ മാസ്റ്റര്‍ക്ക് പുറമെ ഷഹ്ബാസ് അമനാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. പി.ഭാസ്കരന്‍ മാസ്റ്ററുടെ ഒരു ഗാനവും ചിത്രത്തിലുണ്ട്. ശ്രീകുമാരന്‍ തമ്പി, കാവാലം നാരായണപണിക്കര്‍, പ്രമോദ് പയ്യന്നൂര്‍ എന്നിവരാണ് ഗാനങ്ങളുടെ രചനയില്‍. കെ.ടി.മുഹമ്മദ് രചിച്ച ‘താമര പൂങ്കാവനത്തില്‍ താമസ്സിക്കുവളേ’ എന്ന നാടകഗാനവും ചിത്രത്തിലുണ്ട്. ഗാനങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

ഹരി നായര്‍ കാമറയും മനോജ് കണ്ണോത്ത് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. എം.ബി.മുഹ്സിനും സജീബ് ഹാഷിമും ലിവിന്‍ ആര്‍ട്സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രം ഫെബ്രുവരി രണ്ടാം വാരം തീയറ്ററുകളില്‍ എത്തും. ബഷീറിന്റെ മതിലുകള്‍ അടൂര്‍ ചലച്ചിത്രമാക്കിയപ്പോള്‍ ബഷീറായി ജീവിച്ച (അഭിനയിച്ച) മമ്മൂട്ടിയുടെ മറ്റൊരു മികച്ച കഥാപാത്രമായാണ് പ്രേക്ഷകര്‍ മജീദിനെ പ്രതീക്ഷിക്കുന്നത്. ആ താളുകള്‍ മറിയുമ്പോള്‍: ഈ വരികള്‍ മറക്കില്ല നാം, ബഷീര്‍ ഈ വരികള്‍ കോറിയിട്ടത് വെറും കടലാസു കഷണങ്ങളിലല്ല, അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് വായനക്കാരന്റെ ഹൃദയത്തിലേക്കാണ്... മജീദ്: പണ്ടത്തെമാതിരിയുള്ള സുഹ്റായുടെ ഒരു ചിരി കാണാന്‍ കൊതിയാവുന്നു. സുഹ്റ: ഞാന്‍ പണ്ടത്തെ മാതിരിയല്ലേ ചിരിക്കുന്നത് ? മജീദ്: അല്ല ഇപ്പോഴത്തെ ചിരിയില്‍ കണ്ണുനീരുള്ളതുപോലെ. സുഹ്റ: ഓ, അത് ഞാന്‍ വളര്‍ന്നുപൊയിട്ടായിരിക്കാം. ശരിക്കും നാം വളരേണ്ടായിരുന്നു. വളര്‍ന്നു പോയതുകൊണ്ടാണോ ദു:ഖവും ആഗ്രഹങ്ങളുമുണ്ടായത് ?


No comments:

Post a Comment

gallery

Gallery