Gallery

Gallery

Wednesday, July 3, 2013

''ലോകത്തിലെ ഏറ്റവും വലിയ 'ലക്കി പേഷ്യന്റ്' ഞാനാവും'',

''ലോകത്തിലെ ഏറ്റവും വലിയ 'ലക്കി പേഷ്യന്റ്' ഞാനാവും'',

പറയുന്നത് മറ്റാരുമല്ല. മലയാള സിനിമാലോകത്തെ പുത്തന്‍ താരോദയം രചന നാരായണന്‍കുട്ടി. രചന ഇത് പറയാനും ഒരു കാരണമുണ്ട്. ''മാസങ്ങള്‍ക്കു മുമ്പ് ഔഷധിയില്‍ ചികിത്സയ്ക്കായി പ്രവേശിച്ച സമയം. സംവിധായകന്‍ സത്യന്‍ അന്തിക്കാട് യാദൃച്ഛികമായി അവിടെയെത്തി. അദ്ദേഹത്തിന്റെ മകന്‍ അനൂപിന്റെ 'ഐ.സി.യു.' എന്ന ഷോര്‍ട്ട് ഫിലിമില്‍ നായികയായത് അങ്ങനെയാണ്. അതുകണ്ടാണ് ഷൈജു അന്തിക്കാട് 'ലക്കിസ്റ്റാര്‍' എന്ന സിനിമയില്‍ നായികയാക്കുന്നത്. അപ്പോള്‍, ശരിക്കും ഞാനൊരു ലക്കി പേഷ്യന്റ് തന്നെയല്ലേ!'' വാക്കുകള്‍ മുഴുവനാക്കും മുമ്പെ നുണക്കുഴി വിരിച്ച് രചന ചിരിയിലമരും. റേഡിയോ അവതാരകയായി പയറ്റിത്തെളിഞ്ഞ രചന തന്റെ മനസ്സ് തുറന്ന് അതിഥിയായി ഈ വിശേഷങ്ങള്‍ പങ്കുവെച്ചത് തൃശ്ശൂരിലെ ക്ലബ് എഫ്.എം. സ്റ്റുഡിയോവില്‍ ആര്‍.ജെ. അച്ചുവിനോടായിരുന്നു. അവതാരകയില്‍നിന്ന് അതിഥിയിലേക്കുള്ള മാറ്റം ആസ്വദിച്ച് രചന 'ക്ലബ് ട്വന്റി'യില്‍ വിശേഷങ്ങള്‍ പങ്കുവെച്ചു... ''രജനീകാന്തിന്റെ അനിയത്തി താരമായില്ലെങ്കില്‍ അത് വാര്‍ത്തയാകും. അതുകൊണ്ട് ഞാന്‍ താരമായി.'' സാക്ഷാല്‍ രജനിയെ വെല്ലുന്ന ചേട്ടന്‍ രജനീകാന്തിനെ രചന അവതരിപ്പിച്ചത് ഇങ്ങനെയാണ്. കലാതിലക പട്ടം സിനിമയിലേക്കുള്ള ചവിട്ടുപടിയാകുന്ന കാലത്താണ് രചനയും സ്റ്റേജിലെ താരമായത്. നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ്സുവരെ കലാതിലകം മറ്റാര്‍ക്കും നല്‍കാതെ നെഞ്ചോടു ചേര്‍ത്തുപിടിച്ചവളാണ് രചന. 2004-ല്‍ കലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തില്‍ കലാതിലകമായതോടെ രചനയെ സിനിമാലോകം ശ്രദ്ധിച്ചുതുടങ്ങി. ''പിന്നെ രചന എങ്ങനെ സിനിമയിലെത്തി? ഒരു നെടുവീര്‍പ്പിട്ട് രചന ഹെഡ് ഫോണ്‍ ഒന്നുകൂടി ശരിയാക്കിവെച്ചു. ''തീര്‍ഥാടനം എന്ന സിനിമയുടെ കോറിയോഗ്രാഫര്‍ എന്റെ അധ്യാപികയായ കലാമണ്ഡലം കവിതാ കൃഷ്ണകുമാര്‍ ആയിരുന്നു. അന്ന് ഗുരുവിനെ സഹായിക്കാന്‍ പോയതാണ്. ചിത്രത്തിലെ നായികയായ സുഹാസിനിയുടെ കുട്ടിക്കാലത്തെ കൂട്ടുകാരിയുടെ വേഷം അങ്ങനെ രചന നാരായണന്‍കുട്ടി എന്ന എനിക്ക് സ്വന്തമായി.'' ലക്കിസ്റ്റാറിന്റെ സെറ്റില്‍ നായികയായി കണ്ടപ്പോള്‍ പഴയ പാവാടയിട്ട പെണ്‍കുട്ടിയെ നായകന്‍ ജയറാം തിരിച്ചറിഞ്ഞോ? കണ്ണ് ഇറുക്കിയടച്ചാണ് രചന അതിന് ഉത്തരം നല്‍കിയത്, ''ഇല്ല.'' ദുബായില്‍ ഒരു എഫ്.എം. റേഡിയോവില്‍ റേഡിയോ ജോക്കിയായ രചന കേരളത്തില്‍ എഫ്.എം. റേഡിയോ ആരംഭിച്ചപ്പോള്‍ പ്രവാസജീവിതം മതിയാക്കിയാണ് നാട്ടിലെത്തിയത്. പിന്നീട് അധ്യാപികയായി. തൃശ്ശൂര്‍ ദേവമാതാ സി.എം.ഐ. പബ്ലിക് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായി ആ മേഖലയിലും കഴിവ് തെളിയിക്കുന്നതിനിടെയാണ് 'മറിമായം' എന്ന ജനപ്രിയ ടി.വി. പ്രോഗ്രാമിലെ 'വത്സലാ മേഡം' ആകാന്‍ ക്ഷണം ലഭിക്കുന്നത്. അധ്യാപിക, അവതാരക, അഭിനേതാവ്, നര്‍ത്തകി എന്നീ മേഖലകളില്‍ തിളങ്ങിയ രചനയ്ക്ക് ഏറ്റവും ഇഷ്ടം നൃത്തത്തോടാണ്. റേഡിയോ ജോക്കിയായിരുന്ന പഴയ കാലത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചാണ് രചന സ്റ്റുഡിയോയില്‍നിന്നിറങ്ങിയത്.

No comments:

Post a Comment

gallery

Gallery