Gallery

Gallery

Wednesday, July 3, 2013

ആഷിക്, താങ്കള്‍ ആരെയാണ് ഭയക്കുന്നത്?

ആഷിക്, താങ്കള്‍ ആരെയാണ് ഭയക്കുന്നത്?

1960ലാണ്. ഇറ്റാലിയന്‍ സംവിധായകന്‍ മൈക്കലാഞ്ചലോ അന്‍റോണിയോണിയുടെ ‘ലഅവെഞ്ച്വറ(ദി അഡ്വഞ്ചര്‍) എന്ന ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നു. സംവിധായകനും നായിക മോണിക്ക വിറ്റിയുമുണ്ട് സദസ്സില്‍. എന്നാല്‍ ചിത്രമാരംഭിച്ച് ഏറെയായില്ല. പ്രേക്ഷകരില്‍ ചിലര്‍ കൂവാന്‍ തുടങ്ങി. തന്‍റെ പ്രിയപ്പെട്ട ചിത്രം റിലീസ് ചെയ്തതേയുള്ളൂ, ആദ്യ പ്രതികരണം ഇങ്ങിനെയാണെങ്കില്‍ ഇനി ബോക്സ് ഓഫിസില്‍ എന്തായിരിക്കും അവസ്ഥ? കൂവല്‍ സഹിക്കാനാവാതെ വന്നപ്പോള്‍ അന്‍റോണിയോണിയും മോണിക്കയും തിയേറ്ററില്‍ നിന്നിറങ്ങിപ്പോയി. ‘അപ്പോള്‍ മോണി ക്കയുടെ കണ്‍കോണില്‍ നിറഞ്ഞ കണ്ണീര്‍ത്തിളക്കം എന്നെ ഏറെ അസ്വസ്ഥനാക്കിയിരുന്നു എന്ന് പിന്നീട് അന്‍റോണിയോണി എഴുതിയിരുന്നു. പക്ഷേ സിനിമയുടെ രണ്ടാം സ്ക്രീനിങ് കഴിഞ്ഞപ്പോള്‍ ഹര്‍ഷാരവത്തോടെയായിരുന്നു പ്രേക്ഷകന്‍ സ്വീകരിച്ചത്. കാനില്‍ ജൂറിയുടെ അക്കൊല്ലത്തെ സ്‌പെഷല്‍ പ്രൈസും ‘ലഅവെഞ്ച്വറയ്ക്കായിരുന്നു. ലഅവഞ്ച്വറയോടല്ല ‘ഗൗരിയെ താരതമ്യപ്പെടുത്തിയത്, അതിന്‍റെ സംവിധായക നുണ്ടായ അനുഭവത്തോടാണ്. (രണ്ടു ചിത്രങ്ങളിലും ഒരു ‘തിരോധാനമാണ് കഥാതന്തു എന്ന സാമ്യം യാദൃശ്ചികമാകാം). ഒരു കാര്യത്തില്‍ ഭാഗ്യം, 1960ല്‍ ഫെയ്സ്ബുക്കും ട്വിറ്ററുമൊന്നും ഉണ്ടായിരുന്നിലെ്ലന്നതില്‍. ഉണ്ടായിരുന്നെങ്കില്‍ ആഷിക് അബു ചെയ്ത പോലൊരു അക്രമം അന്‍റോണിയോണിയില്‍ നിന്നും വന്നിരുന്നെങ്കിലോ? അഞ്ചു സുന്ദരികളിലെ തന്‍റെ ഹ്രസ്വചിത്രം ‘ഗൗരി വളരെ കുറവു മാത്രം പ്രേക്ഷകരെ മാത്രമേ തൃപ്തിപ്പെടുത്തിയുള്ളൂവെന്ന ഏറ്റുപറച്ചില്‍ വായിച്ചു. അക്രമമായിപ്പോയി, ആഷിക് ! സ്വന്തം കുഞ്ഞിനെ അച്ഛന്‍ തന്നെ തള്ളിപ്പറയുന്പോള്‍ കാഴ്ചക്കാരെന്തു ചെയ്‌യാ നാണ്? എന്തൊക്കെയാണെങ്കിലും ‘ഗൗരി ഇഷ്ടപ്പെട്ട, ആഷിക് അബു പറഞ്ഞ, ആ ന്യൂനപക്ഷം പ്രേക്ഷകരില്‍ ഒരാളായിത്തന്നെ പറയുന്നു: ആഷിക്, ഇങ്ങിനെയൊരു ഏറ്റുപറച്ചില്‍ നടത്തരുതായിരുന്നു.. ചില സിനിമകള്‍ പ്രേക്ഷകനെ വെറും കാഴ്ചക്കാരനാക്കി മാറ്റിക്കളയും. അത്തരം സിനിമകള്‍ കണ്ടിറങ്ങുന്പോള്‍ പ്രേക്ഷകന്‍ തന്നെ പറയും: ‘‘അതൊന്നൂലാ, സിനിമ കണ്ടു, ഇറങ്ങി, കൊള്ളാം..രണ്ടരമണിക്കൂര്‍ ഹാപ്പി.. തിയറ്ററിലെ തണുപ്പ് (ചിലപ്പോള്‍ ചൂടും) വിട്ടിറങ്ങിക്കഴിഞ്ഞാല്‍ ആ പടം അവിടെ തീര്‍ന്നു. പിന്നെ അതിനെപ്പറ്റി ചിന്തിക്കാനൊന്നും നേരമില്ല. ചിന്തിക്കാന്‍ വേറെ എന്തെല്ലാമിരിക്കുന്നു. പക്ഷേ പ്രേക്ഷകനാഗ്രഹമുണ്ട് ചിന്തിക്കാന്‍. അങ്ങനെ കാഴ്ചക്കാര്‍ ചിന്തിച്ചു വളര്‍ത്തി പുതിയ പുതിയ നിഗമനങ്ങളിലെത്തിചേ്ചര്‍ന്ന് ആത്മസംതൃപ്തിയടഞ്ഞ എത്രയെത്ര ചിത്രങ്ങള്‍.. ഇന്നും നമുക്ക് ഉത്തരം തരാത്ത പല ചിത്രങ്ങളെയുംപറ്റി നമ്മള്‍ ആലോചിക്കുന്നതും ചര്‍ച്ച ചെയ്‌യുന്നതും അതു കൊണ്ടാണ്. ലോകം അത്തരം ചിത്രങ്ങളെ ക്ലാസിക്കുകളെന്നു വിളിച്ചു. അപ്പോള്‍ സിനിമ വെറുതെ കണ്ടിറങ്ങാന്‍ മാത്രമല്ല, ചിന്തിക്കാനും വക നല്‍കണം. സംവിധായകന്‍ എല്ലാമങ്ങു പറഞ്ഞുവച്ചു കഴിഞ്ഞാല്‍ പിന്നെ കണ്ടിരിക്കുന്ന പ്രേക്ഷകനെന്തു വില? പ്രേക്ഷകന്‍ വിലപ്പെട്ടതാണ്. ആഷിക്് അബുവിന് അതറിയാം. കാരണം അദ്ദേഹത്തിന്‍റെ ആദ്യചിത്രത്തിന്‍റെ തളര്‍ച്ചയും അതില്‍ നിന്ന് പിന്നീടു ണ്ടായ വളര്‍ച്ചയും നമ്മള്‍ കണ്ടതാണ്. പ്രേക്ഷകന്‍റെ ബുദ്ധിയെ ചോദ്യം ചെയ്‌യരുതെന്ന് ആ സംവിധായകനു നല്ല പോലെ അറിയാം. എന്താണ് ‘ഗൗരി എന്ന ആ കൊച്ചു സിനിമ പറഞ്ഞു വച്ചത്? അന്യമതസ്ഥരായ രണ്ടു പേര്‍ വിവാഹിതരാകുന്നു. ദൂരെ, ഹൈറേഞ്ചില്‍, ടിനി ടോമിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ 80 കി.മീ. എന്ന ‘വലിയ ദൂരത്ത്, അവരൊരു വീടെടുത്ത് ജീവിക്കുന്നു. മഞ്ഞിന്‍റെ നേര്‍ത്ത തണുപ്പില്‍ ചിലങ്കകളുടെ താളപ്പുതപ്പു കൊണ്ട് മൂടി ഗൗരി ലക്ഷ്മി. ഇനിയും ഇനിയുമേറെ ഉയരങ്ങളിലുള്ള പാറക്കെട്ടുകള്‍ തേടി ജോനാഥന്‍. ഗൗരിയുടെ ജോ. അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിനമാണ് വരാന്‍ പോകുന്നത്. അതിനു മുന്‍പ് ഗൗരി ജോയോട് ഒരാഗ്രഹം പറയുന്നു. ഒരു നല്ല ആശ. ഒരു കൊതി. ജോയ്ക്ക് ഒരെതിര്‍പ്പുമുണ്ടായിരുന്നില്ല ആ ആഗ്രഹത്തോട്... രാവുണര്‍ന്നെണീക്കുന്പോള്‍ അവരിലൊരാള്‍ക്ക് എന്തോ സംഭവിച്ചിരിക്കുന്നു.. കുഞ്ഞുകുഞ്ഞു കുറിപ്പുകളില്‍ കുസൃതികള്‍ ഒളിപ്പിച്ചു വച്ചാണ് ആ ഒരാളുടെ ഒളിചേ്ചാട്ടം. ഒരാള്‍ മറ്റൊരാളെ കാത്തിരിക്കുന്നു... കാത്തിരിക്കുന്നവര്‍ ഒരിക്കലും കേള്‍ക്കാനാഗ്ര ഹിക്കാത്ത വാക്കുകളാണ് പിന്നീട് കേള്‍ക്കുന്നത്.. അത് സത്യമാകുമോ? നുണയായിരിക്കും. കാരണം എത്ര കാഷ്വലായാണ് ആ ‘വാര്‍ത്ത അറിയിക്കാന്‍ വന്നയാള്‍ അതു പറഞ്ഞത്.. പ്രേക്ഷകന്‍ പോലും വിശ്വസിക്കില്ല... കാത്തിരിക്കുന്നയാളും വിശ്വസിച്ചില്ല. പകലൊഴിയുന്നു... രാവാകുന്നു... കാത്തിരിപ്പ് തുടര്‍ന്നു. നെരിപ്പോടില്‍ തീയെരിഞ്ഞു, കനലായി. ചാരമായി. ആ ഒരൊറ്റ രാത്രിയില്‍ എന്തെല്ലാമാണ് കത്തിയെരിഞ്ഞത്? കുറേ സ്വപ്നങ്ങള്‍, ജീവിതങ്ങള്‍...പിന്നെ, പിന്നെ..ആ കാത്തിരിപ്പും... കാത്തിരുന്നയാള്‍ക്ക് എന്തു പറ്റി? അവര്‍ ഇന്നും കാത്തിരിക്കുന്നുണ്ടോ? (ആത്മാവായിട്ടെങ്കിലും!) യാത്ര പോലും പറയാതെ പോയയാള്‍ക്ക് എന്തു പറ്റി? എന്നെങ്കിലും മടങ്ങി വരുമോ..? കാത്തിരിപ്പ് തുടരുകയാണ്. ആ സ്ഥലത്തേക്ക് പുതുതായെത്തുന്നവര്‍ പോലും അവിടെയുള്ളവരെ ശല്യപ്പെടുത്താന്‍ തയാറാകാതെ മടങ്ങിപ്പോയി! എന്താണവിടെ സംഭവിച്ചത്? അതിനുത്തരം പ്രേക്ഷകന്‍ കണ്ടെത്തണം. ഒന്നും മനസിലായിലെ്ലന്നു പറഞ്ഞൊഴിയാതിരിക്കാന്‍ നമ്മുടെ ചിന്തയുടെ വഴിയില്‍ ചില അടയാളങ്ങളിട്ടു തരുന്നുണ്ട് സംവിധായകന്‍. ആരാണ് ചിത്രത്തിലെ വില്ലന്‍? ആ വേലക്കാരനാണോ? അതോ ഗൗരിയോ? ജോയോ..? എന്തായിരുന്നു അവരുടെ ജീവിതത്തിലെ പ്രശ്നം? ഒരുപാട് ചോദ്യങ്ങളുയരുന്നു.. പ്രേക്ഷകനാണ് ഗൗരിയുടെ ക്ലൈമാക്സ് നിശ്ചയിക്കുന്നത്... ആ പ്രേക്ഷകന് തീരുമാനിക്കാം, എന്താണു സംഭവിച്ചതെന്ന്...

No comments:

Post a Comment

gallery

Gallery