Tuesday, July 2, 2013

5 sundarikal new malayalam movie latest

ഗൗരി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നില്ല: ആഷിക്
5 sundarikal new malayalam movie latest

സ്വന്തം ഭാഗത്തുള്ള തെറ്റുകളും വീഴ്ചകളും അംഗീകരിക്കുന്ന കാര്യത്തില്‍ പല സിനിമാക്കാരും വിമുഖത കാണിയ്ക്കാറുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്തുകഴിഞ്ഞ് അത് പരാജയപ്പെടുമ്പോള്‍ ചാനലുകളിലിരുന്ന് ചിത്രത്തിന് വളരെ നല്ല കമന്റുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് പറയുന്ന എത്രയോ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും നമ്മള്‍ കണ്ടിട്ടുണ്ട്. അപൂര്‍വ്വം ചിലര്‍ മാത്രമാണ് പടം പൊളിയാണെന്നകാര്യം അംഗീകരിക്കാറുള്ളത്. എന്നാല്‍ ആഷിക് അബു ഇക്കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തനാണ്. പലകാര്യങ്ങളും താന്‍ വ്യത്യസ്തനാണെന്ന് ആഷിക് നേരത്തേ വെളിവാക്കിയിട്ടുണ്ട്. ആളും തരവും നോക്കാതെ കാര്യം പറയുമെന്നുള്ള ആഷിക്കിന്റെ രീതി പലപ്പോഴും വിവാദത്തിന് കാരണമായിട്ടുണ്ട്. കമല്‍ ഹസന്റെ വിശ്വരൂപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ അഭിപ്രായം കുറിച്ചതും അത് വലിയ വിവാദമായതും ആരും മറന്നുകാണാനിടയില്ല. അഞ്ചു സുന്ദരികള്‍ ഇപ്പോഴിതാ ആഷിക് ഒരു കാര്യം ഏറ്റു പറഞ്ഞിരിക്കുയാണ്. അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജിയില്‍ താന്‍ സംവിധാനം ചെയ്ത ഗൗരിയെന്ന ചിത്രം അത്ര പോരെന്നാണ് ആഷിക് പറയുന്നത്. അഞ്ചു സുന്ദരികളിലെ ഗൗരിയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആഷിക് ഈ ചിത്രത്തിന്റെ സംവിധാനത്തില്‍ സ്വന്തം കഴിവ് പ്രതിഫലിപ്പിച്ചിട്ടില്ലെന്നതാണ് പ്രധാന വിമര്‍ശനം. മാത്രമല്ല ചിത്രം മനസിലാക്കുവാന്‍ ബുദ്ധിമുട്ടാണെന്നൊരു വിമര്‍ശനവുമുണ്ട്. ഇക്കാര്യം നിഷേധിയ്ക്കാതെ അംഗീകരിക്കുകയാണ് ആഷിക് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ആഷിക് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. 'ഗൗരി ബഹുഭൂരിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയിട്ടില്ല. പക്ഷേ ഗൗരി പരാജയപ്പെട്ടതില്‍ വിഷമിക്കുന്നതിനേക്കാളുപരി അഞ്ചു സുന്ദരികള്‍ യാഥാര്‍ത്ഥ്യമായതില്‍ സന്തോഷിയ്ക്കുകയാണ് ഞാന്‍. ഗൗരി പരാജയമാണെങ്കിലും ആന്തോളജിയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. അഞ്ചു സുന്ദരികളില്‍ എനിയ്ക്ക് ഇഷ്ടപ്പെട്ടത് ആമിയാണ്. അന്‍വറും, അമലും ഫഹദും ശരിയ്ക്കും ആമിയിലൂടെ എന്നെ ത്രില്ലടിപ്പിച്ചു. അഞ്ചു സുന്ദരികളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് നന്ദി. 5 സുന്ദരികള്‍ യഥാര്‍ത്ഥ്യമാക്കുകയെന്നത് വളരെ രസകരമായിരുന്നു. ഞങ്ങള്‍ എല്ലാ സുഹൃത്തുക്കളും അത് നന്നായി ആസ്വദിച്ചിട്ടുണ്ട്'- ആഷിക് പറയുന്നു. ആഷിക് അബു, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, അമല്‍ നീരദ്, അന്‍വര്‍ റഷീദ് എന്നീ സംവിധായകരാണ് 5 സുന്ദരികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. 'ഗൗരി', 'സേതുലക്ഷ്മി', 'ഇഷ', 'കുള്ളന്റെ ഭാര്യ', 'ആമി' എന്നീ ഹൃസ്വചിത്രങ്ങളുള്‍പ്പെട്ടതാണ് 5 സുന്ദരികള്‍. ഇതില്‍ ആമി, കുള്ളന്റെ ഭാര്യ എന്നീ ഹ്രസ്വചിത്രങ്ങളാണ് ഏറെ പ്രശംസിക്കപ്പെട്ടത്.

No comments:

Post a Comment