Tuesday, April 1, 2014

2011 ലോകകപ്പില്‍ ഒത്തുകളിയെന്ന് ഐസിസി?

2011 ലോകകപ്പില്‍ ഒത്തുകളിയെന്ന് ഐസിസി?



ദില്ലി: ലോകചാമ്പ്യനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ച 2011 ലോകകപ്പ് ഒത്തുകളിയായിരുന്നോ? ലോകകപ്പിലെ മത്സരങ്ങളില്‍ പലതും ഒത്തുകളിയാണ് എന്ന് ഐ സി സിക്ക് തെളിവുകള്‍ കിട്ടിയിട്ടുണ്ട് എന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഐ സി സിയുടെ ആന്റി കറപ്ഷന്‍ - സെക്യൂരിറ്റി വിഭാഗത്തിന്റെ രഹസ്യ റിപ്പോര്‍ട്ടിലാണത്രെ ഈ വിവരമുള്ളത്.


 ലോകകപ്പിലെ ചില മത്സരങ്ങള്‍ ഒത്തുകളിയാണ് എന്നതിനെക്കുറിച്ച് ഐ സി സിക്ക് കൃത്യമായ വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ഹെഡ്‌ലൈന്‍സ് ടുഡേ വാര്‍ത്താ ചാനലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 41 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒത്തുകളിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളുണ്ട് എന്നാണ് അറിയുന്നത്. 2011 ല്‍ ഇന്ത്യയായിരുന്നു ലോകകപ്പ് വിജയികള്‍. ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന സെമി ഫൈനല്‍ മത്സരം ഒത്തുകളിയാണ് എന്ന് നേരത്തെ ബുക്കികള്‍ സമ്മതിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലോകകപ്പിന് പുറമെ ഐ പി എല്ലിന്റെ നാലാം സീസണിലെ ഏതാനും മത്സരങ്ങളിലും ഒത്തുകളി നടന്നതായി ഐ സി സി സംശയിക്കുന്നുണ്ട്.


അന്താരാഷ്ട്ര മത്സരങ്ങള്‍ അടക്കം 470 കളികള്‍, ഇരുന്നൂറോളം പ്രാക്ടീസ് സെക്ഷനുകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ഐ സി സിയുടെ ആന്റി കറപ്ഷന്‍ - സെക്യൂരിറ്റി വിഭാഗം ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒത്തുകളി വിവാദം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാവിയെത്തന്നെ അപകടത്തിലാക്കി നില്‍ക്കവേയാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് തിരിച്ചടിയായി അന്താരാഷ്ട്ര മത്സരങ്ങളും സുതാര്യമല്ല എന്ന ഐ സി സി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

No comments:

Post a Comment