താരപ്രഭയോടെ ഒരു മംഗല്യംകൂടി നടക്കുന്നു...ചലച്ചിത്രതാരം ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും തമ്മിലെ വിവാഹം നാളെ വൈകിട്ടു നാലിനു ചേര്‍ത്തല മരുത്തോര്‍വട്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും. വിവാഹത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മുംബൈയില്‍ നിന്നു ഹിന്ദി ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കുകള്‍ക്ക് അവധി കൊടുത്തു ജോമോന്‍ ചേര്‍ത്തലയിലെ വീട്ടിലെത്തിക്കഴിഞ്ഞു. ആന്‍ അഗസ്റ്റിന്‍ കോഴിക്കോട് നിന്നു കൊച്ചിയിലെ ജോമോന്‍റെ ഫ്ളാറ്റിലെത്തി.
നാളെ വൈകിട്ടു നാലിനു കുര്‍ബാനയും ആറു മുതല്‍ ചേര്‍ത്തല ട്രാവന്‍കൂര്‍ പാലസില്‍ വിവാഹ സല്‍ക്കാരവും നടക്കും. ആനിന്‍റെ പിതാവ് അഗസ്റ്റിന്‍റെ നിര്യാണത്തെത്തുടര്‍ന്നു വലിയ ചടങ്ങുകള്‍ വേണ്ടെന്നുവച്ചിരുന്നതാണെങ്കിലും സുഹൃത്തുക്കള്‍ ഇടപെട്ടതോടെ അല്‍പം ആഘോഷമായിത്തന്നെയാണു വിവാഹം നടക്കുക. അഗസ്റ്റിന്‍റെ സ്ഥാനത്തു നിന്നു സംവിധായകന്‍ രഞ്ജിത് ആനിനെ കൈ പിടിച്ചു വിവാഹവേദിയിലേക്കു നയിക്കും. വിവാഹവേഷത്തെക്കുറിച്ചു വെളിപ്പെടുത്താന്‍ ആന്‍ അഗസ്റ്റിന്‍ തയാറലെ്ലങ്കിലും വെള്ള ഗൗണ്‍ ആയിരിക്കും വധുവിന്‍റെ വേഷമെന്നാണ് അടുത്ത സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം.
എല്ലായിടത്തും പുതുമകള്‍ പരീക്ഷിക്കുന്ന ജോമോന്‍ വിവാഹവേദിയിലും ചിലപ്പോള്‍ സസ്‌പെന്‍സ് നല്‍കിയേക്കും. വിവാഹശേഷമുള്ള സല്‍ക്കാരത്തില്‍ മുണ്ടും കുര്‍ത്തയും അണിയുന്ന ജോമോനൊപ്പം ആന്‍ അഗസ്റ്റിന്‍ മുണ്ടും ചട്ടയും പരീക്ഷിക്കാനും സാധ്യതയുണ്ട്. അതിനുള്ള ഡ്രസ് റിഹേഴ്സല്‍ ഇന്നു നടക്കും.
നാളെ ചേര്‍ത്തല ട്രാവന്‍കൂര്‍ പാലസില്‍ നടക്കുന്ന വിവാഹസല്‍ക്കാരം നാട്ടുകാര്‍ക്കും നാട്ടിലെ സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ്. തിങ്കളാഴ്ചയാണു സിനിമാ സഹപ്രവര്‍ത്തകര്‍ക്കും മറ്റുമായി എറണാകുളം കുണ്ടന്നൂരിലെ ജോമോന്‍റെ ഫ്ളാറ്റില്‍ സല്‍ക്കാരം നടക്കുക. വൈകിട്ട് 6.30 ന് സല്‍ക്കാരം ആരംഭിക്കും. മുംബൈയിലെ കോസ്റ്റ്യൂം ഡിസൈനര്‍ തയാറാക്കുന്ന പ്രത്യേക പഞ്ചാബി വേഷത്തിലാകും ജോമോന്‍ കൊച്ചിയിലെ സല്‍ക്കാരത്തിനെത്തുക. ആന്‍ ജോഗ്പുരി ലുക്കിലുള്ള ദാവണിയാകും അണിയുകയെന്നും അറിയുന്നു.
ജോമോനൊപ്പം ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജില്‍ ഒരേ ബെഞ്ചിലിരുന്നു പഠിച്ച അഞ്ചു വൈദികരാണു വിവാഹത്തിന്‍റെ കാര്‍മികരായെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. വിവാഹപ്രസംഗവും കൂടെപ്പഠിച്ച വൈദികന്‍ തന്നെയാണു നിര്‍വഹിക്കുന്നത്.
No comments:
Post a Comment