Thursday, December 26, 2013

വീല്‍ചെയറില്‍ നിന്ന് വീണ് ജഗതിശ്രീകുമാറിന് പരിക്ക്



കൊല്ലം: വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന് വീല്‍ ചെയറില്‍ നിന്ന് വീണ് പരിക്കേറ്റു. കാഞ്ഞിരപ്പള്ളിയിലെ ഭാര്യാ സഹോദരന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. വീല്‍ ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കെ മറിഞ്ഞ് വീഴുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറയിച്ചു.

ക്രിസ്മസ് ആഘോഷത്തിന് വേണ്ടി ബന്ധുവീട്ടിലെത്തിയപ്പോഴാണ് അപകടം. ഉടനെ കാഞ്ഞിരപ്പള്ളി സ്വകാര്യാശുപത്രിയിലെത്തിച്ചു. മുറിയില്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ ജഗതി എഴുനേല്‍ക്കാന്‍ ശ്രമിച്ചതാണത്രെ അപകടത്തിന് കാരണം. തലയ്ക്ക് എട്ട് തുന്നുണ്ട്.

2012 മാര്‍ച്ച് 10നാണ് ജഗതി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. കാലിക്കറ്റ് സര്‍വകാലാശാലയ്ക്ക് സമീപം റോഡില്‍ ഡിവൈഡറില്‍ തട്ടി കാര്‍ മറിയുകയായിരുന്നു. ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജിലും പിന്നീട് വെല്ലൂര്‍ മെഡിക്കല്‍ കോളേജിലുമായിരുന്നു ജഗതിയുടെ ചികിത്സ.

അപകടത്തില്‍ മസ്തിഷ്‌കത്തിന് ഗുരുതരമായി ക്ഷതമേറ്റ ജഗതിയുടെ ഓര്‍മ ശക്തിയും സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു. വെല്ലൂരിലെ ചികിത്സയ്ക്ക് ശേഷം ഓര്‍മശക്തി തിരിച്ചെടുക്കാന്‍ കഴിഞ്ഞെങ്കിലും സംസാരശേഷി ഇപ്പോഴും ഭാഗികമാണ്.

ആശുപത്രി വിട്ട ജഗതി വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാന്‍ ഇനിയും രണ്ട് വര്‍ഷം വേണ്ടിവരുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. അതിനിടയിലാണ് വീണ്ടും അപകടം.











No comments:

Post a Comment