Sunday, March 9, 2014

അമൃതാനന്ദമയിക്ക് വേണ്ടി മോഹന്‍ലാല്‍ രംഗത്ത്




കൊച്ചി: മാതാ അമൃതാനന്ദമയിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അമ്മയിലുള്ള വിശ്വാസത്തെ ബാധിക്കില്ലെന്ന് പ്രശസ്ത നടന്‍ മോഹന്‍ലാല്‍. നാല്‍പത് വര്‍ഷത്തോളമായി ലാല്‍ അമൃതാനന്ദമയിയുടെ ഭക്തനാണ്. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇപ്രകാരം പറഞ്ഞത്. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ തനിക്ക് ആശ്രമവുമായിട്ടുള്ള ബന്ധത്തിന് ഒരു മാറ്റവും വരുത്തുന്നില്ലെന്നും ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.

അതുപോലെ തന്നെ ആയിരിക്കും അമ്മയെ ഇഷ്ടപ്പെടുന്ന ഭക്തര്‍ക്കും എന്നും ലാല്‍ പറഞ്ഞു. ഇതിന് മുമ്പും പല മഹാത്മാക്കള്‍ക്ക് നേരേയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളുടെ പതനം ആഘോഷിക്കാനാണ് ഒരു വിഭാഗം ആളുകള്‍ ഇഷ്ടപ്പെടുന്നത്. അവരുടെ നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുന്ന ഒരു സമയത്തിനായി കാത്തിരിക്കാമെന്നും ലാല്‍ പ്രത്യാശ പ്രകടിപ്പിച്ചു.


ഇപ്പോഴുള്ള വിവാദം കൊണ്ടൊന്നും തന്നെ ആ പ്രസ്ഥാനത്തിനോ, അമ്മ എന്ന വ്യക്തിക്കോ ഒന്നും സംഭവിക്കില്ല എന്നാണ് അമ്മയുടെ ഭക്തന്‍ എന്ന നിലക്ക് തനിക്ക്പറയാനുള്ളതെന്നും മോഹന്‍ ലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അമ്പത് വര്‍ഷത്തനിടയിലെ ഒരു മഹദ് വ്യക്തി എന്ന ചോദ്യത്തിന് അമൃതാനന്ദമയിയുടെ പേരാണ് ലാല്‍ മുമ്പ് എടുത്ത് പറഞ്ഞിട്ടുള്ളത്.

അമ്മയുടെ മഹത്വം സംബന്ധിച്ച് തനിക്ക് വ്യക്തിപരമായും കുടുംബപരമായും ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ലാല്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. നമുക്ക് ഏറ്റവും ആശ്രയിക്കാന്‍ പറ്റുന്ന ഒരാള്‍ അമ്മ തന്നെയാണ്. അത് തിരിച്ചറിയുക എന്ന് പറയുന്നതാണ് ഏറ്റവും വലിയ കാര്യം. അത് ഒരുപാട് പേര്‍ തിരിച്ചറിയുന്നില്ല എന്നതാണ് സങ്കടവും- ലാല്‍ പറയുന്നു.


വളരെ നല്ലതായ ഒരു കാര്യത്തിനെ നല്ലതല്ലെന്ന് കാണിക്കാന്‍ ശ്രമിക്കുന്ന ഒരുപാട് ശക്തികള്‍ ഉണ്ടാകും. അതൊരു പ്രപഞ്ച നിയമമാണ്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിട്ടുള്ളത്. എന്നാല്‍ അതൊന്നും അമ്മയേയും ആ പ്രസ്ഥാനത്തേയും ബാധിക്കില്ല എന്നാണ് തന്റെ വിശ്വാസമെന്നും ലാല്‍ വ്യക്തമാക്കി.


No comments:

Post a Comment