Friday, March 7, 2014

ഗെയ്ല്‍ അഭിമുഖം: കൈരളിക്കെതിരെ അമൃതാനന്ദമയി കേസിന്




തിരുവനന്തപുരം: അമൃതാനന്ദമയിക്കും മഠത്തിനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഗെയ്ല്‍ ട്രെഡ്വലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത കൈരളി-പീപ്പിള്‍ ടിവിക്കെതിരെ അമൃതാനന്ദമയി നിയമ നടപടിക്ക്. അഭിമുഖത്തിന്റെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവക്കാനും, അത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് കൈരളി പീപ്പിളിന് വക്കീല്‍ നോട്ടീസ് അയച്ചു.

സംപ്രേഷണം നിര്‍ത്തിവച്ചില്ലെങ്കില്‍ ചാനലിനെതിരെ കോടതിയെ സമീപിക്കും എന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. അമൃതാനന്ദമയി, അമൃതസ്വരൂപാനന്ദപുരി, അമൃതാത്മാനന്ദപുരി എന്നിവര്‍ക്ക് വേണ്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കൈരളി പീപ്പിള്‍ ടിവി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.


രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷക സ്ഥാപനങ്ങളില്‍ ഒന്നായ അമര്‍ചന്ദ് മംഗള്‍ദാസ് മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചാനലിന്റെ എംഡിയും അഭിമുഖകാരനുമായ ജോണ്‍ ബ്രിട്ടാസ്, പുസ്തകം എഴുതിയ ഗെയ്ല്‍ ട്രെഡ്വല്‍ എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍. പുസ്തകത്തിന്റെ വിതരണം നിര്‍ത്തിവക്കണം എന്ന് ട്രെഡ്വലിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വക്കീല്‍ നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട് മഠം ഇതുവരെ പ്രതികരിച്ചിട്ടില്ല.


ട്രെഡ്വലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത സാഹചര്യത്തെ സംബന്ധിച്ച് കൈരളി ടിവിയുടെ വിശദീകരണവും പത്രക്കുറിപ്പില്‍ ഉണ്ട്. പുസ്തകം വിവാദമായപ്പോള്‍ അമൃതാനന്ദമയിയുടെ അഭിമുഖത്തിനാണ് ചാനല്‍ ആദ്യം ശ്രമിച്ചതത്രെ. എന്നാല്‍ അമ്മയോ മഠമോ ഇതിന് തയ്യാറായില്ല. മാധ്യമ ധര്‍മവും ജനങ്ങളുടെ അറിയാനുള്ള അവകാശവും മുന്‍ നിര്‍ത്തി ഗെയ്‌ലുമായുള്ള അഭിമുഖം തുടര്‍ന്നും സംപ്രേഷണം ചെയ്യാനാണ് ചാനലിന്റെ തീരുമാനമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.



No comments:

Post a Comment