Sunday, May 4, 2014

malayalam movie review

കാണാന്‍ കൊള്ളാവുന്ന വല്ലതുമുണ്ടോ


വെള്ളം വെള്ളം സര്‍വത്ര, ഒട്ടുകുടിക്കാനില്ലത്ര എന്നു പറയുന്നതുപോലെ സിനിമ സിനിമ സര്‍വത്ര, ഒന്നും കാണാന്‍ കൊള്ളില്ല എന്ന അവസ്ഥയിലാണ് മലയാള സിനിമ. അവധിക്കാലം തുടങ്ങിയതോടെ പത്തു സിനിമകള്‍ തിയറ്ററിലെത്തി. നല്ല സിനിമയുടെ ഗണത്തില്‍പ്പെടുത്താവുന്ന ഒന്നുപോലും ഇതിലില്ലായിരുന്നു. ആവറേജ് നിലവാരത്തിലുള്ള രണ്ടെണ്ണം മാത്രമാണ് പിടിച്ചുനില്‍ക്കുന്നത്.

ഏറ്റവും ഒടുവില്‍ നാലുചിത്രങ്ങള്‍ ഒന്നിച്ചെത്തിയെങ്കിലും കണ്ടിറങ്ങുന്ന പ്രേക്ഷകനെ സന്തോഷപ്പെടുത്തിയോ എന്നു ചോദിച്ചാല്‍ ഇല്ല എന്നുമാത്രമേയ പറയാന്‍ കഴിയൂ. കുഞ്ചാക്കോ ബോബന്റെ ലോപോയിന്റ്, സണ്ണി വെയ്ന്‍- ആസിഫ് അലിയുടെ മോസയിലെ കുതിരമീനുകള്‍, ജയറാമിന്റെ ഉല്‍സാഹകമ്മിറ്റി, ടു നൂറ വിത്ത് എന്നീ നാലു സിനിമകളാണ് ഏറ്റവും ഒടുവില്‍ എത്തിയത്. മോശമില്ല എന്നുമാത്രമേ സിനിമകണ്ടവര്‍ അഭിപ്രായം പറയുന്നുള്ളൂ. സാധാരണ ഒന്നിലധികം സിനിമകള്‍ തിയറ്ററിലെത്തുമ്പോള്‍ ഏതുകാണണം എന്ന ആശയക്കുഴപ്പത്തിലായിരിക്കും പ്രേക്ഷകര്‍. എന്നാല്‍ ഇതില്‍ ഏതു കാണാതിരിക്കണം എന്നേപ്രേക്ഷകന്‍ ആദ്യം നോക്കുന്നത്. കാരണം ഈ ചിത്രത്തിലെ നായകരുടെയെല്ലാം അവസാന സിനിമകള്‍ കണ്ടവര്‍ ക്ഷമ നശിച്ച് തിയറ്ററില്‍ നിന്നിറങ്ങിയവരാണ്. അതുകൊണ്ടുതന്നെ ഇനിയുമൊരു പരീക്ഷണത്തിനോ പോകണോ ദിലീപിന്റെ റിങ്മാസ്റ്ററോ പൃഥ്വിയുടെ സെവന്‍ത് ഡേ ഒന്നുകൂടി കാണണോ എന്നാണു ചിന്തിക്കുന്നത്. ലിജിന്‍ ജോസ് സംവിധാനം ചെയ്ത ലോ പോയിന്റില്‍ കുഞ്ചാക്കോ ബോബനും നമിത പ്രമോദും വീണ്ടും ജോടികളായി അഭിനയിക്കുന്നു.

 കോടതിയും പ്രണയവുമെല്ലാമാണ് പ്രമേയം. ക്ലൈമാക്‌സ് മോശമായില്ലെങ്കിലും അനാവശ്യമായ ട്വിസ്റ്റുകളും ഫഌഷ് ബാക്കുകളുമാണ് പ്രേക്ഷകരെ ബോറടിപ്പിച്ചത്. ജയറാമിനെ നായകനാക്കി അക്കു അക്ബര്‍ സംവിധാനംചെയ്ത ഉല്‍സാഹ കമ്മിറ്റിക്കു മോശം അഭിപ്രായം വരാന്‍ കാരണം ജയറാമിന്റെ ഓവര്‍ ആക്ടിങ്ങ് തന്നെ. മുന്‍ചിത്രങ്ങളില്‍ നിന്നു തെല്ലുപോലും വ്യത്യാസമില്ലാതെയാണ് ജയറാം അഭിനയിച്ചിരിക്കുന്നത്. തട്ടത്തിന്‍ മറയത്തില്‍ കണ്ട വടക്കന്‍കേരളത്തിലെ മുസ്ലിം പ്രണയത്തിന്റെ മറ്റൊരു പകര്‍പ്പാണ് ടു നൂറ വിത്ത് ലവ്. ക്രിഷ് സത്താറും മംമ്തയുമാണ് താരങ്ങള്‍. ബിരിയാണിയും മുസ്ലിം ഭാഷയും സംസാരവുമുണ്ടായാല്‍ തട്ടത്തിന്‍മറയത്താകുമെന്ന തെറ്റിദ്ധാരണയില്‍ നിന്നുണ്ടായ ചിത്രമാണിത്. മോസയിലെ കുതിരമീനുകള്‍ മലയാള സിനിമയിലെ ന്യൂജനറേഷന്‍ സിനിമകളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്.

 കൂടുതലൊന്നും ഈ ചിത്രത്തെക്കുറിച്ചു പറയാത്തതാണു നല്ലത്. ഈ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനു മുന്‍പ് തിയറ്ററിലെത്തിയ ഇന്ദ്രജിത്തിന്റെ മസാല റിപ്പബ്ലിക്, മെഡുല്ല ഒബ്ലോംകട്ട എന്നീ ചിത്രങ്ങള്‍ വന്നതുപോലെ തന്നെ തിരിച്ചുപോയതിനാല്‍ പ്രേക്ഷകന് അധിക നേരം ക്യൂ നില്‍ക്കേണ്ടി വന്നില്ല. അതിനും ദിവസങ്ങള്‍ക്കു മുന്‍പു റിലീസ് ചെയ്ത ദുല്‍ക്കര്‍ സല്‍മാന്റെ സംസാരം ആരോഗ്യത്തിനു കാരണവും അധികനാള്‍ ദോഷം ചെയ്യാതെ സ്ഥലം വിട്ടു.

No comments:

Post a Comment