Wednesday, May 7, 2014

കാലില്‍ മുഴ: തൂക്കം 15 കിലോ

കാലില്‍ മുഴ: തൂക്കം 15 കിലോ


 തൃശൂര്‍: ഒരു മുഴ എന്ന് പറഞ്ഞാല്‍ എത്രയുണ്ടാകും. ഒരു നാരങ്ങയുടെ വലുപ്പം എന്ന് പ്രതീക്ഷിച്ചിരിക്കുന്നവര്‍ ഞെട്ടരുത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരാളുടെ ദേഹത്ത് നിന്ന് നീക്കിയ മുഴയുടെ തൂക്കം 15 കിലോ ആണ്. തമിഴ് നാട്ടുകാരനായ മുരുകന്‍ എന്ന 37 കാരന്റെ വലത് കാലില്‍ നിന്നാണ് ഇത്രയും വലിയ മുഴ മുറിച്ചുമാറ്റിയത്. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് മുഴ വിജയകരമായി മുറിച്ച് നീക്കിയത്. തമിഴ് നാട്ടുകാരനായ മുരുകന് ബന്ധുക്കളായി ആരുമില്ല.


കാലിലെ വലിയ മുഴയുമായി തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. അപ്പോഴാണ് തൃശൂരിലെ ശാന്തി സമാജം പ്രവര്‍ത്തകര്‍ ഇയാളെ കാണുന്നത്. ഉടന്‍ തന്നെ മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മറ്റൊരാളുടെ സഹായം കൂടാതെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകാത്ത അവസ്ഥയിലായിരുന്നു മുരുകന്‍. ശരീരത്തിന്‍റെ പല ഭാഗങ്ങളിലും വലുതും ചെറുമായ നിരവധി മുഴകള്‍ വേറേയുമുണ്ട്. 15 വര്‍ഷത്തോളം പഴക്കമുണ്ട് കാലിലെ വലിയ മുഴക്കെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.


 ന്യൂറോ ഫൈബ്രോമെറ്റോസിസ് എന്ന രോഗമാണത്രെ ഇത്. പലപ്പോഴും ഇങ്ങനെ ഉണ്ടാകുന്ന മുഴകള്‍ മുറിച്ചുമാറ്റുന്നത് പ്രായോഗികമല്ല. ഞരമ്പുകളുമായി പറ്റിച്ചേര്‍ന്നായിരിക്കും ഇത്തരം മുഴകള്‍ ഉണ്ടാവുക. ഇത്തരം സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ നടത്തുന്നത് അപകടകരമാണ്. എന്തായാലും മുരുകന്റെ കാര്യത്തില്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. കാലിലെ ഭാരം ഒഴിഞ്ഞുപോയ മുരുകന് ഇനി പരസഹായം കൂടതെ നടക്കാം... വേണമെങ്കില്‍ ഓടുകയും ചെയ്യാം.

No comments:

Post a Comment