Monday, February 3, 2014

ജഗതിയുടെ അഞ്ചു വേഷങ്ങളുമായി പുതിയ ചിത്രം




ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഇല്ലാത്ത വര്‍ഷങ്ങള്‍ മലയാള സിനിമയെയും പ്രേക്ഷകരെയും സംബന്ധിച്ച് വലിയ കുറവുതന്നെയാണ്. അപകടത്തില്‍പ്പെട്ട അദ്ദേഹം സാധാരണജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. ജഗതി ഇനിയും അഭിനയിക്കില്ലേ, എന്നത്തേയ്ക്ക് അദ്ദേഹത്തിന് തിരിച്ച് സിനിമയിലെത്താനാകും എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ആരാധകരെല്ലാം ചോദിച്ചുകൊണ്ടേയിരിക്കുകയാണ്, ഏവരും അതിനായി പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുന്നു. ഇതിനിടെ അപകടം പറ്റുന്നതിന് മുമ്പ് അദ്ദേഹം അഭിനയിച്ച ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്.


ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഫെബ്രുവരി 27നാണ് റിലീസ് ചെയ്യുന്നത്. കെകെ ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയിരിക്കുന്ന കുടുംബചിത്രമാണ്. ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നും പോകുമ്പോഴാമ് ജഗതി ശ്രീകുമാര്‍ അപകടത്തില്‍പ്പെട്ടത്.



ഷൂട്ടിങ് തീരുന്നതിന് മുമ്പായിരുന്നു അദ്ദേഹത്തിന് അപകടം പറ്റുകയും ആശുപത്രിയിലാവുകയും ചെയ്തത്. പിന്നീട് അദ്ദേഹം അഭിനയിക്കേണ്ട ഭാഗങ്ങല്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പലവഴിയ്ക്കായി പിരിഞ്ഞുപോയ അഞ്ചു സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ അഞ്ചു വേഷത്തിലാണ് ജഗതിയെത്തുന്നത്.


ഇന്‍സ്‌പെക്ടറായും, വികാരിച്ചനായും കള്‌ലനായും ബിസിനസുകാരനും ബാലേ നര്‍ത്തകനായുമെല്ലാം ജഗതി ചിത്രത്തില്‍ വേഷമിടുന്നു. എന്തായാലും അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാത്ത മലയാളസിനിമയിലേയ്ക്ക് വീണ്ടും പുതിയ ചിത്രത്തിലൂടെ അദ്ദേഹമെത്തുകയാണ്.












No comments:

Post a Comment