Thursday, January 9, 2014

sonia gandhi temple in andhra pradesh telungana state



ഹൈദരാബാദ്: ആന്ധ്രയിലെ മഹബൂബ് നഗര്‍ ജില്ലയില്‍ ഒരു പുതിയ ക്ഷേത്രത്തിന് തറക്കല്ലിട്ടു. ക്ഷേത്രം പണിയുന്നത് തെലങ്കാന മുന്‍ എംഎല്‍എ ശങ്കര്‍ റാവു. എംഎല്‍എയുടെ സ്വന്തം കൃഷിയിടത്തില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ദേവി ആരെന്ന് അറിയേണ്ടേ..? യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിനൊപ്പം സോണിയ ഗാന്ധിയുടെ പൂര്‍ണകായവെങ്കലപ്രതിമയുടെയും നിര്‍മാണം ആരംഭിച്ചു. തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യമാകുന്നതിന്റെ ഉപകാരസ്മരണയ്ക്കാണ് സോണിയ പ്രതിഷ്ഠയായ ക്ഷേത്രം പണികഴിപ്പിക്കുന്നത്. "തെലുങ്ക് തളി' (തെലുങ്കമ്മ) ആയാണ് സോണിയ ഗാന്ധിയെ ചിത്രീകരിച്ചിരിക്കുന്നത്.


തന്റെ ഒമ്പത് ഏക്കര്‍ സ്ഥലത്താണ് ശങ്കര്‍ റാവു ക്ഷേത്രം പണികഴിപ്പിക്കുന്നത്. സോണിയ ഗാന്ധി ശാന്തിവനം എന്ന് ഇവിടം ഇനിമുതല്‍ അറിയപ്പെടുമെന്നും റാവു അറിയിച്ചു. ബാംഗളൂര്‍-ഹൈദരാബാദ് ഹൈവേയ്ക്കു സമീപമുള്ള ഈ സ്ഥലം ഒരു വിനോദസഞ്ചാരകേന്ദ്രമാക്കാനും പദ്ധതിയിടുന്നുണ്ട്.

അവാര്‍ഡ് ജേതാവായ ശില്പി പ്രഫ. പ്രസാദാണ് സോണിയ പ്രതിമ നിര്‍മിക്കുന്നത്. ഇതിനു മുന്നോടിയായി അദ്ദേഹം കളിമണ്ണില്‍ പ്രതിമയുടെ മാതൃക നിര്‍മിച്ചിരുന്നു. കുടുംബസമേതം ബൊമ്മല്‍പാഡിലെത്തി പ്രതിമയുടെ മാതൃക കണ്ട റാവു പ്രതിമനിര്‍മാണത്തിന് പച്ചക്കൊടി കാണിച്ചു. ബെമ്മല്‍പാഡിലെ ശ്രീസായിബാബ മെഗാ ശില്‍പശാലയില്‍ സോണിയയുടെ വെങ്കലപ്രതിമാനിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സോണിയ ഗാന്ധിയെ തെലങ്കാന ദേവിയായി ചിത്രീകരിച്ചാണ് 500 കിലോ ഭാരം പ്രതീക്ഷിക്കുന്ന പ്രതിമ രൂപകല്പന ചെയ്തിരിക്കുന്നത്.

അതേസമയം, പ്രതിമാനിര്‍മാണത്തിന് എതിര്‍പ്പുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. ക്ഷേത്രം നിര്‍മിക്കുകയാണെങ്കില്‍ അത് തകര്‍ക്കുമെന്ന് അവര്‍ മുന്നറിയിപ്പു നല്കി.




No comments:

Post a Comment