Thursday, January 30, 2014

നായകന്‍ കമലഹാസന്‍, സംവിധാനം ജീത്തു ജോസഫ്







മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിന്‍റെ തമിഴ് റീമേയ്ക്കില്‍ ഉലകനായകന്‍ കമലഹാസന്‍ നായകനാകുന്നു. ഈ പ്രോജക്ടിന്‍റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ചിത്രം സംവിധാനം ചെയ്‌യുന്നത് ജീത്തു ജോസഫ് തന്നെയായിരിക്കും എന്നതാണ്. വൈഡ് ആങ്കിള്‍ ക്രിയേഷന്‍സും സുരേഷ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ദൃശ്യത്തിന്‍റെ തമിഴ് പതിപ്പ് നിര്‍മിക്കുന്നത്.


മലയാളത്തിലെ എക്കാലത്തെയും വലിയ പണം വാരി ചിത്രമാണ് ദൃശ്യം. കഴിഞ്ഞ ക്രിസ്മസിന് റീലിസ് ചെയ്ത ദൃശ്യത്തിന്‍റെ ഗ്രോസ് കളക്ഷന്‍ 23 കോടി എഴുപത് ലക്ഷമാണ്. തിയറ്ററില്‍ സിനിമകാണുന്ന ശീലമില്ലാത്തവര്‍ പോലും ഈ സിനിമകാണാനെത്തി എന്നതാണ് കളക്ഷന്‍ ഇത്രയും കൂടാന്‍ കാരണമായത്.


ദൃശ്യം തെലുങ്കിലും റീമേയ്ക്ക് ചെയ്‌യുന്നുണ്ട്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷ് ആണ് മോഹന്‍ലാല്‍ ചെയ്ത ജോര്‍ജുകുട്ടിയെ അവതരിപ്പിക്കുക. നടിയും സംവിധായികയുമായ ശ്രീപ്രിയ ആണ് ചിത്രം സംവിധാനം ചെയ്‌യുന്നത്. 22 ഫീമെയ്ല്‍ കോട്ടയത്തിന്‍റെ തെലുങ്ക് റീമേയ്ക്കായ മാലിനി 22 വിജയവാഡ സംവിധാനം ചെയ്തതും ശ്രീപ്രിയ ആയിരുന്നു.


നേരത്തെ തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രത്തിനും ദൃശ്യം തമിഴില്‍ റീമേക്ക് ചെയ്‌യാന്‍ ആഗ്രഹമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും ജോര്‍ജുകുട്ടിയായി കമലഹാസനെത്തുന്പോള്‍ തമിഴിലും ദൃശ്യവിസ്മയം തന്നെയുണ്ടാകും എന്ന പ്രതീക്ഷിക്കാം.












No comments:

Post a Comment