Monday, January 27, 2014

ഹരിശ്രീ അശോകന്റെ രമണന്‍




എന്താ നിന്റെ പേര്... രമണന്‍... ങ്‌ഹേ...മരണനോ.. മഞ്ഞ ജൂബായില്‍ മലയാളിയെ പൊട്ടിച്ചിരിപ്പിച്ച പഞ്ചാബി ഹൗസിലെ മരണന്‍ അല്ലഅല്ല...രമണന്‍ വീണ്ടുമെത്തുന്നു. സിനിമയിലല്ല സ്‌റ്റേജില്‍. സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് കഥാപാത്രവുമായി അങ്ങനെ അരങ്ങില്‍ ഹരിശ്രീ അശോകന്‍ സ്വന്തം ട്രൂപ്പിന്റെ ആദ്യക്ഷരമെഴുതുകയാണ്.


അശോകന്റെ നേതൃത്വത്തിലുള്ള മെഗാസ്‌റ്റേജ് ഷോ അടുത്ത മാസം ആദ്യം മുതല്‍ കേരളത്തിനു മുന്നിലെത്തും. രമണനാണ് ഷോയുടെ കേന്ദ്രബിന്ദു. പഞ്ചാബികളുടെ വീട്ടില്‍ നടക്കുന്ന കല്യാണത്തിനിടയ്ക്കുള്ള പാട്ടും ചിരിയും നൃത്തവുമെല്ലാം കോര്‍ത്തിണക്കിയാണ് ഷോ ഒരുക്കുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച് രമണന്റെ തനതുഭാഷയിലുള്ള പാട്ടുള്‍പ്പെടെ ചിരിയുടെ തിരമാലകള്‍ പരിപാടിയില്‍ നിറയും.


നാദിര്‍ഷായാണ് പാട്ടെഴുതിയത്. ഇതിന്റെ വീഡിയോയും പുറത്തിറങ്ങും. ടി.വി.യിലെ കോമഡിഷോകളിലൂടെ ശ്രദ്ധേയരായ മിമിക്രി കലാകാരന്മാര്‍ അണിനിരക്കുന്ന സ്‌കിറ്റുകള്‍,പ്രശസ്ത ഗായകര്‍ നയിക്കുന്ന ഗാനമേള,സിനിമാറ്റിക് ഡാന്‍സ് തുടങ്ങി ഒട്ടേറെ വ്യത്യസ്തഇനങ്ങള്‍ മൂന്ന്മണിക്കൂര്‍ നീളുന്ന ഷോയിലുണ്ടാകും. ആവശ്യക്കാര്‍ക്കനുസരിച്ച് ഷോയിലെ ഇനങ്ങളിലെ താരസാന്നിധ്യം വിപുലമാക്കുമെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധമാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചതെന്നും അശോകന്‍ പറയുന്നു.




ഹരിശ്രീയിലും കലാഭവനിലും ഒപ്പമുണ്ടായിരുന്ന കലാകാരന്മാര്‍ അശോകനെ കാണുമ്പോഴൊക്കെ ചോദിക്കുമായിരുന്നു,നമുക്ക് വീണ്ടും ഒത്തുചേര്‍ന്ന് ഷോ ചെയ്തുകൂടെയെന്ന്.

സൗഹൃദത്തിന്റെ തിരിച്ചെടുക്കലിനൊപ്പം പുതിയ കലാകാരന്മാര്‍ക്ക് അവസരം നല്‍കുന്നതിനും അശോകനും സംഘവും ലക്ഷ്യമിടുന്നു. ഹരിശ്രീ അശോകന്‍ തന്നെയാണ് ഷോ നയിക്കുക. മുഴുവന്‍ സമയവും അരങ്ങിലും അണിയറയിലുമായി അശോകനുണ്ടാകും. സിനിമയിലെ സൗഹൃദങ്ങള്‍ കൂടിയാകുമ്പോള്‍ ഷോ ഹിറ്റായി മാറുമെന്നാണ് അശോകന്റെ പ്രതീക്ഷ.






No comments:

Post a Comment