Tuesday, January 14, 2014

ജീപ്പിന് മുകളില്‍ കയറിയതിന് രാഹുലിനെതിരെ പരാതി





ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസിന്റെ പദയാത്രയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി പോലീസ് ജീപ്പിന് മുകളില്‍ കയറിയിരുന്നതിനെതിരെ പരാതി. എന്‍സിപി നേതാവ് അഡ്വ. മുജീബ് രഹ്മാന്‍ ആണ് പരാതി നല്‍കിയത്. നൂറനാട് പോലീസ് സ്‌റ്റേഷനിലെത്തിയാണ് മുജീബ് റഹ്മാന്‍ പരാതി നല്‍കിയത്.


മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുജീബ് റഹ്മാന്റെ പരാതി. മോട്ടോര്‍ വാഹന നിയമ പ്രകാരം വാഹനത്തിന്റെ മുകളില്‍ കയറി യാത്ര ചെയ്യുന്നത് കുറ്റകരമായ ശിക്ഷയാണ്. മാത്രമല്ല പോലീസിന്റെ വാഹനം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചു എന്നും മുജീബ് റഹ്മാന്റെ പരാതിയില്‍ പറയുന്നു. പൊതു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ചു എന്നും പരാതിയിലുണ്ട്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യുവകേരള യാത്രയിലാണ് രാഹുല്‍ ഗാന്ധി പങ്കെടുത്തത്. നൂറനാട് നിന്ന് ആദിക്കാട്ട്കുളങ്ങര വരെയാണ് രാഹുല്‍ യുവകേരള യാത്രയില്‍ പങ്കെടുത്തത്. വാഹനത്തില്‍ നിന്നിറങ്ങിയ രാഹുല്‍ ഗാന്ധി ജനക്കൂട്ടത്തിലേക്കിറങ്ങിയപ്പോള്‍ സുരക്ഷ സംവിധാനങ്ങള്‍ ആകെ തകിടം മറിഞ്ഞിരുന്നു.

പ്രവര്‍ത്തകര്‍ രാഹുലിനെ വളയുകയും സ്‌നേഹ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ രാഹുലിനെ കേരള പോലീസിന്റെ ജീപ്പിന് മുകളിലേക്ക് കയറ്റി ഇരുത്തുകയായിരുന്നു. രാഹുലിനൊപ്പം യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് എസ്പി മഹേഷും ജീപ്പിന് മുകളില്‍ കയറിയിരുന്നു.


ഡീന്‍ കുര്യാക്കോസിനെതിരേയും മുജീബ് റഹ്മാന്‍ പരാതി നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം ഈ പരാതികള്‍ കോടതിയിലും ഉന്നയിക്കുമെന്ന് മുജീബ് റഹ്മാന്‍ അറിയിച്ചു.










No comments:

Post a Comment