Tuesday, December 17, 2013

ഇന്ത്യാവിഷന്‍ സംപ്രേഷണം നിര്‍ത്തുന്നു






കൊച്ചി: പ്രമുഖ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍ സംപ്രേഷണം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് തീരുമാനത്തിനു പിന്നിലെന്നു റിപ്പോര്‍ട്ടുണ്ട്. ജീവനക്കാര്‍ക്കുള്ള ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് കമ്പനി. പണം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചില ബ്യൂറോകള്‍ പോലും അടച്ചുപൂട്ടിയതായി സൂചനയുണ്ട്.

പത്രപ്രവര്‍ത്തകരില്‍ പലരും മറ്റു മാധ്യമങ്ങളില്‍ ചേക്കാറാനുള്ള തിരക്കിലാണ്. എന്നാല്‍ ജമാലുദ്ദീന്‍ ഫാറൂഖിയുടെയും എംപി ബഷീറിന്റെയും നിയന്ത്രണത്തിലുള്ള ചാനലിന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജീവനക്കാരില്‍ ചിലര്‍ മൊഴി നല്‍കുന്നുണ്ട്. പുതിയ നിക്ഷേപമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്ന തന്ത്രത്തിന്റെ ഭാഗമായി കമ്പനിയുടെ ഉത്തരവാദപ്പെട്ട ചിലര്‍ തന്നെയാണ് സംപ്രേഷണം അവസാനിപ്പിക്കുന്നുവെന്ന കിംവദന്തി പരത്തിവിടുന്നതെന്ന് കരുതുന്നു-ഇന്ത്യാവിഷനിലെ ഒരു മുന്‍ ജീവനക്കാരന്‍ വ്യക്തമാക്കി.

സാമ്പത്തിക ഉറവിടങ്ങളെല്ലാം അടഞ്ഞിട്ടും ചാനല്‍ പ്രവര്‍ത്തിക്കുന്നത് പല ഗവണ്‍മെന്റ് ഏജന്‍സികളെയും അദ്ഭുതപ്പെടുത്തിയിരുന്നു. മുത്തൂറ്റ് ഗ്രൂപ്പാണ് പലപ്പോഴും ഇന്ത്യാവിഷന് സഹായവുമായെത്തിയത്. മുത്തൂറ്റ് ഗ്രൂപ്പോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനത്തിനോ കമ്പനി ഏറ്റെടുക്കാനുള്ള അവസരമൊരുക്കുകയായിരിക്കും ഇത്തരം വാര്‍ത്ത സൃഷ്ടിയ്ക്കുന്നവരുടെ പ്രധാന ലക്ഷ്യമെന്ന് ആരോപിക്കുന്നവരുണ്ട്. പരിചയസമ്പന്നരായ ഒട്ടേറെ പേര്‍ ഇതിനകം ചാനല്‍ വിട്ടു, പൂട്ടുകയാണെന്നറിഞ്ഞ് ഇനി ആര്‍ക്കെങ്കിലും പോകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്കു കൂടി 'അവസരമൊരുക്കി' ഏറ്റെടുക്കല്‍ ബാധ്യത കുറയ്ക്കുകയാണ് ലക്ഷ്യമെന്നു വേണം കരുതാന്‍.


2003 ജുലായ് 14നാണ് ഇന്ത്യാവിഷന്‍ ചാനല്‍ നിലവില്‍ വന്നത്. എംവിനികേഷ് കുമാറിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ നമ്പര്‍ വണ്‍ വാര്‍ത്താചാനലാകാന്‍ ഇന്ത്യാവിഷനു സാധിച്ചു. എന്നാല്‍ ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ വാര്‍ത്ത കൊടുത്തത് ചാനലിന് തിരിച്ചടിയായി. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുനീറിനും ചാനല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയേണ്ടി വന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങാനുള്ള നികേഷിന്റെ പടിയിറക്കവും ചാനലിനെ പ്രതികൂലമായി ബാധിച്ചു.

No comments:

Post a Comment