Friday, July 19, 2013

ഇടവപ്പാതിയുടെ കഷ്ടകാലം

ഇടവപ്പാതിയുടെ കഷ്ടകാലം




ലെനിന്‍ രാജേന്ദ്രന്‍റെ കാര്യം നോക്കണേ.. പുതിയ ചിത്രമായ ഇടവപ്പാതി തുടങ്ങിയതും പ്രശ്നങ്ങളുടെ പേമാരി പെയ്തതും ഒന്നിച്ചായിരുന്നു. ബോളിവുഡില്‍ നിന്ന് മനീഷ കൊയ്രാളയും മലയാളത്തിലെ പുതുമുഖ നടി ഉത്തര ഉണ്ണിയും ജഗതി ശ്രീകുമാറും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഇടവപ്പാതി തുടങ്ങിയതു മാത്രമേ ഓര്‍മ്മയുള്ളൂ. 

കുടകിലായിരുന്നു ഇടവപ്പാതിയുടെ ചിത്രീകരണം. പത്മകുമാര്‍ സംവിധാനം ചെയ്‌യുന്ന പാതിരാമണലിന്‍റെ ചിത്രീകരണം കഴിഞ്ഞ് തൃശൂരില്‍ നിന്ന് കുടകിലേക്കു രാത്രിയില്‍ മടങ്ങുന്പോഴാണ് ജഗതിയുടെ വാഹനം അപകടത്തില്‍പ്പെട്ട് ആദ്യ പ്രതിസന്ധി നേരിടുന്നത്. സിനിമയില്‍ നിര്‍ണായകമായ റോള്‍ ചെയ്‌യുകയായിരുന്ന ജഗതിയെ മാറ്റുക മാത്രമേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. പകരം മറ്റൊരു നടനെ വച്ച് ചിത്രീകരണം തുടര്‍ന്നു. എന്നാല്‍ ചിത്രീകരണം പാതിവഴിയിലായ സമയത്താണ് നായികയുടെ അമ്മയുടെ വേഷം ചെയ്‌യുന്ന മനീഷ കൊയ്രാളയ്ക്ക് അര്‍ബുദമാണെന്നു കണ്ടെത്തുന്നത്. അതോടെ അവര്‍ ചിത്രീകരണം മതിയാക്കി ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോയി. വീണ്ടും പ്രതിസന്ധിയായി.

മനീഷയുടെ കഥാപാത്രം വളരെ നിര്‍ണായകമായതിനാല്‍ പാതിവഴിയില്‍ കഥാപാത്രത്തെ കൊല്ലാനുംപറ്റില്ല. മനീഷ മടങ്ങിവരുന്നതുവരെ ചിത്രീകരണം നിര്‍ത്തിവയ്ക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ ആഴ്ചയാണ് മനീഷ അമേരിക്കയില്‍ നിന്നു ചികില്‍സ കഴിഞ്ഞു മടങ്ങിയെത്തിയത്. മുംബൈയിലെ വസതിയില്‍ അല്‍പദിവസത്തെ വിശ്രമത്തിനു ശേഷം സിനിമയിലേക്കു തിരിച്ചുവരുമെന്ന് പറഞ്ഞപ്പോള്‍ ശ്വാസം നേരെ വീണത് ലെനിന്‍ രാജേന്ദ്രന്‍റെയായിരുന്നു. എന്നാല്‍ ആ ആശ്വാസത്തിനും അല്‍പായുസായിരുന്നു. സോളാര്‍ തട്ടിപ്പു കേസിലെ പ്രധാന പ്രതികളിലൊരാളായ സരിത എസ്. നായരുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ഉത്തര ഉണ്ണിയെ പൊലീസ് ചോദ്യം ചെയ്‌യലും അന്വേഷണവും തുടങ്ങി. കേസും നൂലാമാലയും പെട്ട് ഉത്തരയ്ക്കും പെട്ടെന്നു ഷൂട്ടിങ് സെറ്റിലെത്താന്‍ കഴിയില്ല. 

മുന്‍പ് എം.ടി._ഹരിഹരന്‍ ടീമിന്‍റെ പഴശ്ശിരാജയ്ക്കായിരുന്നു ഇതുപോലെ ചിത്രീകരണ സമയത്ത് പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നത്. കണ്ണൂരിലെ കൂടാളിയിലേക്ക് ചിത്രീകരണത്തിനു വേണ്ട കുതിരയെയുമായി പോകുകയായിരുന്ന വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഷൂട്ടിങ് സെറ്റ് തകര്‍ന്നു വീണും ആളപായമുണ്ടായി. മഴ കാരണം വയനാടന്‍ കാടുകളില്‍ സമയത്തിനു ചിത്രീകരിക്കാന്‍ സാധിച്ചില്ല. എല്ലാറ്റിനുമൊടുവില്‍ നിര്‍മാതാവിന്‍റെ മകന്‍ അപകടത്തില്‍ മരിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ കൊണ്ടാണ് പഴശിരാജ പൂര്‍ത്തിയാക്കിയത്. പടയോട്ടം എന്ന മോഹന്‍ലാല്‍_മമ്മൂട്ടി ചിത്രത്തിന്‍റെയും അവസ്ഥ ഇങ്ങനെയായിരുന്നു. നിര്‍മാതാവ് കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി,  പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.





No comments:

Post a Comment